ക്വാൻടൻ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ കരുത്തരായ ദക്ഷിണ കൊറിയയെ മറികടന്ന് ഇന്ത്യ ഫൈനലിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഇന്ത്യയുടെ ജയം.

നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണു പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. കൊറിയയുടെ അവസാന ഷോട്ട് തടുത്തിട്ടു ക്യാപ്റ്റൻ കൂടിയായ മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചത്.

15-ാം മിനിറ്റിൽ ഇന്ത്യയുടെ തൽവീന്ദർ സിങ്ങാണു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ 21-ാം മിനിറ്റിൽ ഇൻവൂ സിയോ കൊറിയയുടെ സമനില ഗോൾ നേടി. കളി അവസാനിക്കാൻ ഏഴു മിനിറ്റ് ശേഷിക്കെ യാങ് ജിഹൂൻ കൊറിയയെ 2-1നു മുന്നിലെത്തിച്ചു. തോൽവി മുന്നിൽ കണ്ട ആരാധകർക്ക് ആശ്വാസമേകി രണ്ടു മിനിട്ടിനുള്ളിൽ രമൺ ദീപ് സിങ് ഇന്ത്യക്കു വേണ്ടി സമനില ഗോൾ കണ്ടെത്തി.

ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. കണങ്കാലിനു ഏറ്റ പരിക്കിനെ തുടർന്നു കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന ക്യാപ്റ്റൻ ശ്രീജേഷ് മടങ്ങിയെത്തി മികച്ച പ്രകടനം നടത്തിയതു ടീമിനു തുണയാകുകയായിരുന്നു. പരിക്കു വകവയ്ക്കാതെയാണ് ശ്രീജേഷ് ഇന്ന് മത്സരത്തിനിറങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ട് തടയുന്നതിലെ മികവ് ശ്രീജേഷ് ആവർത്തിച്ചപ്പോൾ ഇന്ത്യ ഫൈനലിലേക്കുള്ള വാതിൽ തുറന്നു.

ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ-ദക്ഷിണ കൊറിയ മൽസരം സമനിലയിൽ അവസാനിച്ചിരുന്നു. അന്ന് ഇരുടീമുകളും ഓരോ ഗോൾ നേടിയാണ് സമനില പാലിച്ചത്. തുടർന്നുള്ള മൽസരങ്ങളെല്ലാം ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിഫൈനലിന് യോഗ്യത നേടിയത്. ദക്ഷിണ കൊറിയ നാലാം സ്ഥാനക്കാരായും സെമിയിലെത്തി. മലേഷ്യ-പാക്കിസ്ഥാൻ മത്സര വിജയികളെ ഫൈനലിൽ ഇന്ത്യ നേരിടും.