ടിക്കടിയെന്ന ലൈനിലാണ് ബ്രിട്ടന്റെ നയങ്ങളോട് ഇന്ത്യ ഇപ്പോൾ പ്രതികരിക്കുന്നത്. ഇന്ത്യയിലെ സിബിഎസ്ഇ +2വിന് ബ്രിട്ടൻ അംഗീകാരം നൽകാത്തതിലുള്ള പ്രതിഷേധമെന്നോണം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ മാസ്റ്റർ ഡിഗ്രികളുടെ അംഗീകാരം റദ്ദാക്കാൻ ആലോചിക്കുകയാണ് ഇന്ത്യ. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ നൽകുന്ന ഒരു വർഷത്തെ മാസ്‌റ്റേർസ് ഡിഗ്രികൾക്ക് നൽകിയ അംഗീകാരത്തെക്കുറിച്ച് പുനരാലോചന നടത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

എല്ലാ ബ്രിട്ടീഷ് കോളജുകളിലും ഇന്ത്യയിലെ സിബിഎസ്ഇ +2 വിദ്യാർത്ഥികൾക്ക് പ്രവേശനമനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി ബ്രിട്ടീഷ് ഹൈക്കമ്മീഷണറായ ജെയിംസ് ഡേവിഡ് ബീവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. യൂണിവേഴ്‌സിറ്റീസ് ആൻഡ് സയൻസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ബ്രിട്ടീഷ് മന്ത്രി ഡേവിഡ് വില്ലെറ്റ്‌സ് ഈ വർഷമവസാനം ഇന്ത്യ സന്ദർശിക്കുമ്പോൾ ഈ പ്രശ്‌നം വീണ്ടും ഉയർത്താനാണ് സ്മൃതി ഇറാനി ഉദ്ദേശിക്കുന്നത്. കടുത്ത വിസാച്ചട്ടങ്ങൾ, തൊഴിലവസരങ്ങളുടെ കുറവ് എന്നിവ മൂലം ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടനിലേക്ക് പോകുന്നത് കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് മന്ത്രി സന്ദർശനത്തിനൊരുങ്ങുന്നത്.

കോംബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ്, ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് തുടങ്ങിയവ രണ്ട് വർഷത്തെ മാസ്‌റ്റേർസ് ഡിഗ്രികൾ നൽകുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഇന്ത്യയിൽ അംഗീകാരവുമുണ്ട്. എന്നാൽ സസ്സെക്‌സ്, ലിവർപൂൾ തുടങ്ങിയവ ഒരു വർഷത്തെ മാസ്‌റ്റേർസ് ഡിഗ്രിയും നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് മന്മോഹൻ സിങ് സർക്കാർ ഒരു വർഷത്തെ ബ്രിട്ടീഷ് മാസ്റ്റർ ബിരുദങ്ങൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിലൂടെ ഇത്തരം ഡിഗ്രിയുള്ളവർക്ക് ഇവിടെ തുടർ പഠനത്തിനും സർക്കാർ ജോലിക്കും കളമൊരുങ്ങിയിരുന്നു. യുജിസി ഡിസൈൻ ചെയ്യുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിലൂടെയാണ് ഇത് നിർവഹിക്കപ്പെടുന്നത്. ആറ്മാസമാണ് ഇതിന്റെ കാലാവധി. എന്നാൽ ഇന്ത്യയിലെ +2ക്കാരെ ബ്രിട്ടൻ അംഗീകരിക്കാത്തിടത്തോളം മന്മോഹന്റെ ഉടമ്പടി തുടർന്നു കൊണ്ടു പോകാൻ മോദി സർക്കാർ ഇഷ്ടപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഓക്‌സ്‌ഫോർഡ്, വാർവിക്ക്, ഡർഹാം അടക്കമുള്ള സർവകലാശാലകൾ സിബിഎസ്ഇ സർട്ടിഫിക്കറ്റുകളെ വൈകി മാത്രമെ അംഗീകരിക്കുന്നുള്ളൂ. കാംബ്രിഡ്ജ്, ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് തുടങ്ങിയവ ഇത് ഹോൾഡ് ചെയ്തിരിക്കുകയുമാണ്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളോട് മൃദുസമീപനം കാണിക്കേണ്ട യാതൊരാവശ്യവുമില്ലെന്ന നിലപാടാണ് മോദിസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ നിപാടിനോട് എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ഇന്ത്യയിൽ നിന്നും വർഷം തോറും അനേകം വിദ്യാർത്ഥികൾ ഇംഗ്ലണ്ടിലേക്ക് മാസ്റ്റർ ഡിഗ്രി നേടാൻ പോകുന്നുണ്ട്. അതുവഴി കോടികളാണ് ബ്രിട്ടന് ലഭിക്കുന്നത്. ഈ ഡിഗ്രികളുടെ അംഗീകാരം ഇവിടെ ഇല്ലാതായാൽ വിദ്യാർത്ഥികൾ ബ്രിട്ടനിലേക്ക് പോകുന്നതില്ലാതാവുകയും അത് വഴി ബ്രിട്ടന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്യും.