ന്യൂഡൽഹി: സെപ്റ്റംബർ വരെ മന്ദഗതിയിലായിരുന്ന സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പ് തുടങ്ങി. ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നേട്ടം ചൈനയിൽ നിന്ന് ഇന്ത്യ തിരിച്ചുപിടിച്ചു.മൂന്നാം പാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്തം ആഭ്യന്തരോത്പാദനം 7.2 ശതമാനമായി. കഴിഞ്ഞ പാദത്തിൽ ഇത് 6.5 ശതമാനവും, കഴിഞ്ഞ വർഷം ഇതേസമയത്ത് 6.8 ശതമാനവുമായിരുന്നു വളർച്ചാനിരക്ക്.

സാമ്പത്തിക വിദഗ്ദ്ധർ 6.9 ശതമാനം വളർച്ച പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യ 7.2 ശതമാനത്തിലേക്കു കുതിച്ചുചാടിയത്. മൂന്നു വർഷത്തെ ഏറ്റവും കുറവ് വളർച്ചയായ 5.7 ശതമാനം ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ കോട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നേട്ടം. ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽനിന്നു രാജ്യം മോചിതമായെന്ന സൂചനയാണു ജിഡിപി വളർച്ച കാണിക്കുന്നത്.

നേരത്തെ, 2017-18 സാമ്പത്തിക വർഷത്തിൽ 7.1 ശതമാനമായിരുന്ന വളർച്ച 6.5 ശതമാനമായി ചുരുങ്ങുമെന്നാണു കേന്ദ്ര സർക്കാർ കണക്കാക്കിയിരുന്നത്. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെയും കഴിഞ്ഞ വർഷം നടപ്പാക്കിയ ചരക്ക്, സേവന നികുതിയുടെയും (ജിഎസ്ടി) സ്വാധീനമാണ് വളർച്ചാനിരക്കു കുറയാൻ കാരണമാകുകയെന്നുമാണു ചൂണ്ടിക്കാട്ടിയിരുന്നത്.

ഫിനാൻഷ്യൽ, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സർവീസുകളിൽ ഗണ്യമായ പുരോഗതിയാണ് മൂന്നാം പാദത്തിലുണ്ടായത്.ഈ മേഖലകളിൽ കഴിഞ്ഞ വർഷം 2.8 ശതമാനമായിരുന്ന വളർച്ചാനിരക്ക് 6.7 ശതമാനമായി ഉയർന്നു.നിർമ്മാണ മേഖലയിലും കുതിപ്പുണ്ടായി. കഴിഞ്ഞ വർഷം ഇതേസമയത്തുണ്ടായിരുന്ന 2.8 ശതമാനം വളർച്ച ഈവട്ടം 6.8 ശതമാനമായി ഉയർന്നു.എന്നാൽ മൈനിങ്, ക്വാറി മേഖകളിൽ വളർച്ച താഴോട്ടാണ്. കഴിഞ്ഞ വർഷം 12.1 ശതമാനമായിരുന്ന വളർച്ചാനിരക്ക് ഒക്ടോബർ-ഡിസംബറിൽ -0.1 ശതമാനമായി താഴ്ന്നു.

കഴിഞ്ഞ പാദത്തിൽ 6.5 ശതമാനം വളർച്ചയുമായി ഇന്ത്യ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പും മറ്റും ശോഭകെടുത്തുകയും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, സാമ്പത്തിക വളർച്ചാനിരക്കിന്റെ കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ, അതെല്ലാം അസ്ഥാനത്താണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.