ന്യൂഡൽഹി: മുമ്പ് രാജ്യാതിർത്തിയിൽ പാക്കിസ്ഥാൻ സ്‌പോൺസേഡ് ഭീകരാക്രമണം വർദ്ധിച്ചുവരികയും ഇന്ത്യൻ സൈനിക കേന്ദ്രം ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മോദി സർക്കാർ മിന്നലാക്രമണം നടത്തിയത്. ഇതോടെ പാക്കിസ്ഥാൻ കുറച്ചുകാലം ഇന്ത്യക്കെതിരായ നീക്കങ്ങളിൽ നിന്ന് വിട്ടുനിന്നു. യഥാർത്ഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ കമാൻഡോകൾ നടത്തിയ ആക്രമണത്തിൽ കനത്ത നാശമാണ് അന്ന് പാക്കിസ്ഥാൻ നേരിട്ടത്. പിന്നീടും പലകുറി ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിച്ചും അതിർത്തിയിൽ വെടിവയ്‌പ്പു തുടർന്നും പാക് പ്രകോപനങ്ങൾ ഉണ്ടായി.

ഇതിന് തുടർച്ചയെന്നോണം അതിർത്തിയിൽ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാക്കിസ്ഥാന് ചുട്ട മറുപടി ഇന്ത്യ നൽകി. ഇതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാക്കിസ്ഥാൻ ഇന്ത്യയോട് അപേക്ഷിക്കുകയാണ് ഇപ്പോൾ. നിയന്ത്രണ രേഖ കകടന്ന് ഇന്ത്യ മുന്നേറുന്ന ഘട്ടം വരുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് പാക് അഭ്യർത്ഥന. കഴിഞ്ഞ മൂന്നു ദിവസമായി അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്.

ഇക്കാര്യം അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) വ്യക്തമാക്കുകയും ചെയ്തു. കാശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പാക്കിസ്ഥാൻ അകാരണമായി ആക്രമണം നടത്തി വന്നത്. എന്നാൽ ഇന്ത്യ ഇതിനെതിരെ ശക്തമായി നീങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ പാക്കിസ്ഥാൻ വെടിനിറുത്തൽ അപേക്ഷ ഏകപക്ഷീയമായി മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇതിനിടെ യുഎന്നിലും പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ അതിർത്തി വിഷയം ഉന്നയിച്ച് എത്തി. പക്ഷേ, ഇന്ത്യ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു.

ഇന്ത്യൻ തിരിച്ചടിയിൽ പാക് ഭാഗത്ത് നേരിട്ട കനത്ത ആൾനാശം അവരെ പിന്തിരിയാൻ പ്രേരിപ്പിച്ചതായാണ് സൈനിക വൃത്തങ്ങൾ പങ്കുവയ്ക്കുന്ന വിവരം. അന്താരാഷ്ട്ര മേഖലയിൽ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ജാഗ്രത പുലർത്തുന്നത് പാക്കിസ്ഥാന്റെ അർദ്ധസൈനിക വിഭാഗമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുക സാധാരണമാണെന്ന് ഇന്ത്യൻ സൈന്യം പറയുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമ്പോൾ പാക്കിസ്ഥാൻ പിന്മാറാറാണ് പതിവ്.

എന്നാൽ ഇതിന് വിപരീതമായി കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ശക്തമായി. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയാണ് ബിഎസ്എഫ് അതിർത്തിരേഖയിൽ നല്കിയത്. ഒരു സൈനിക പോസ്റ്റടക്കം ഇന്ത്യ തകർത്തു. ഏറ്റുമുട്ടലിൽ ഒരു പാക് സൈനികൻ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ജമ്മുവിലുള്ള ബിഎസ്എഫ് യൂണിറ്റുമായി പാക് സൈന്യം ബന്ധപ്പെടുകയും ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു.

ഇന്ത്യയുടെ പ്രത്യാക്രമണം രൂക്ഷമായതോടെയാണ് വെടി നിറുത്തണമെന്ന അപേക്ഷയുമായി പാക്കിസ്ഥാൻ എത്തിയത്. പാക്കിസ്ഥാന്റെ സൈനിക മേഖലയിലേക്ക് ഇന്ത്യ റോക്കറ്റ് പായിക്കുന്നതും സ്ഫോടനത്തിൽ ബങ്കർ തകരുന്നതിന്റെയും 19 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ ബി.എസ്.എഫ് പുറത്ത് വിടുകയും ചെയ്തു. ജമ്മുവിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അഖിനൂർ മേഖലയിലെ തന്ത്രപ്രധാനമായ 'ചിക്കൻ നെക്ക്' പ്രദേശത്തെ ലക്ഷ്യമാക്കിയായിരുന്നു ബി.എസ്.എഫിന്റെ റോക്കാറ്റാക്രമണം. ഈ മേഖലയിലെ മൂന്ന് വശങ്ങളും പാക്കിസ്ഥാൻ സൈന്യത്താൽ ചുറ്റപ്പെട്ടതാണ്.

ഇൻഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെയാണ് ഈ ആക്രമണ ദൃശ്യം ചിത്രീകരിച്ചത്. വിളവെടുപ്പ് സമയം കഴിഞ്ഞതിനാൽ പാക്കിസ്ഥാൻ ആക്രമണങ്ങൾക്ക് മുതിരാറുണ്ടെന്ന് ബി.എസ്.എഫ് ഐ.ജി ജനറൽ രാം അവ്തർ പറഞ്ഞു. ഇപ്പോൾ സീസൺ കഴിഞ്ഞിരിക്കുകയാണ്. അതാണ് അവർ ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് ദിവസമായി അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന ആക്രമണത്തിൽ ജവാൻ ഉൾപ്പെടെ അഞ്ച്‌പേർ മരണമടഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് മേഖലയിൽ വൻ നാശം ഉണ്ടായെന്നാണ് സൂചനകൾ. ഇതോടെയാണ് പാക്കിസ്ഥാൻ വെടിനിറുത്തൽ അപേക്ഷയുമായി എത്തിയത്.