ശ്രീനഗർ: വെടിനിർത്തൽ ലംഘനവും അതിർത്തികടന്നുള്ള തീവ്രവാദവും അതിരു കടന്നു സഹികെട്ട ഇന്ത്യ ഒടുവിൽ തിരിച്ചടിച്ചു. കശ്മീരിലെ ഭിംഭർ, ബത്തൽ സെക്ടറുകളിലാണ് പാക് പോസ്റ്റുകൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ചു പാക് സൈനികർ കൊല്ലപ്പെട്ടതായും ആറു സൈനികർക്കു പരുക്കേറ്റതായും സൈന്യം അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണർ ജെ പി സിംഗിനെ പാക്കിസ്ഥാൻ വിളിപ്പിച്ചു.

കഴിഞ്ഞ കുറേ നാളുകളായി അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയായിരുന്നു. ഇന്ത്യയുടെ പല സൈനിക പോസ്റ്റുകൾക്കു നേരെയും ആക്രമണമുണ്ടായി. ഇന്നു രാവിലെ നൗഷേര, കൃഷ്ണഗടി സെക്ടറുകളിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. വെടിയേറ്റ് തദ്ദേശിയൻ മരിക്കുകയും ചെയ്തു. ഇതോടെയാണ് തിരിച്ചടി നൽകാൻ സൈന്യം ഒരുങ്ങിയത്. ആക്രമണം അതിരുവിട്ടാൽ തിരിച്ചടിക്കാൻ സൈന്യത്തിനു കേന്ദ്രത്തിൽനിന്നു നിർദ്ദേശം നേരത്തേ ലഭിച്ചിരുന്നു.

ജനറൽ റിസർവ് എൻജിനിയറിങ് ഫോഴ്‌സുമായി ബന്ധപ്പട്ട തൊഴിലാളിയാണ് മരിച്ചത്. കൃഷ്ണഘടിയിലെ മാങ്കോട് മേഖലയിലാണ് പാക് ആക്രമണമുണ്ടായത്. ബിഎസ്എഫ് കോൺസ്റ്റബിളിനാണു പരുക്കേറ്റത്. ഇന്നു രാവിലെ രജൗരിയിലും സോപോറിലും ഇന്ത്യൻ സൈന്യത്തിനു നേരെ പാക്കിസ്ഥാൻ നിറയൊഴിച്ചിരുന്നു. കനത്ത മോർട്ടാർ ഷെല്ലിംഗാണ് പാക്കിസ്ഥാൻ നടത്തിയത്. ഇന്ത്യ ചെറിയ തോതിൽ തിരിച്ചടി നൽകിത്തുടങ്ങിയിരുന്നെങ്കിൽ ഉച്ചയോടെ ശക്തമായ രീതിയിൽ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

അതിർത്തി ആശങ്കയിലായ സാഹചര്യത്തിൽ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്ത് ഇന്നു ശ്രീനഗറിലെത്തിയിട്ടുണ്ട്. സേനാ കമാൻഡർമാരുമായി അദ്ദഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് തിരിച്ചടി ഉണ്ടായത്. മെയ്‌ മാസത്തിൽ പല തവണ അതിർത്തിയിൽ പാക്കിസ്ഥാൻ യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്കും ഇന്ത്യൻ സൈനികർക്കും നേരേ ആക്രമണം നടത്തിയിരുന്നു.

ഹിസ്ബൂൾ നേതാവ് സബ്‌സാർ ഭട്ടിനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരാക്രമണങ്ങളും പാക്കിസ്ഥാന്റെ പ്രകോപനങ്ങളും ആരംഭിച്ചത്. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങൾ ഭീകരർ കൊള്ളയടിക്കുന്നുമുണ്ട്. ഇന്നു രാവിലെ ആരംഭിച്ച തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന റിപ്പോർട്ടുമുണ്ട്.