ന്യൂഡൽഹി: അമേരിക്കയെ പിണക്കാതെ റഷ്യയുമായി ആയുധക്കരാറിൽ ഏർ്‌പ്പെടുക. പ്രതിരോധ രംഗത്ത് ഇന്ത്യ പയറ്റുന്നത് സമാനതകളില്ലാത്ത ട്രപ്പീസുകളിയാണെന്ന് വിലയിരുത്തൽ. റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിന്റെ പേരിൽ ചൈനയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, അമേരിക്കയെ പിണക്കാതെതന്നെ റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള വമ്പൻ കരാരിലാണ് ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവെക്കുക.

സോവിയറ്റ് യൂണിയന്റെ കാലം മുതൽക്കെ ഇന്ത്യ സൈനിക സഹകരണം തേടിയിരുന്നത് ആ രാജ്യത്തുനിന്നായിരുന്നു. എന്നാൽ, അക്കാലത്ത് ഇന്ത്യയെ ഒരു പങ്കാളിയായി കാണാൻ അമേരിക്ക തയ്യാറായിരുന്നില്ല. എന്നാൽ, ഇന്നതല്ല സ്ഥിതി. ഏഷ്യയിൽ അമേരിക്ക ഏറ്റവും അടുത്ത സുഹൃത്തായി കാണുന്നത് ഇന്ത്യയെയാണ്. സാമ്പത്തികമായും സൈനികവുമായുള്ള ചൈനയുടെ വളർച്ചയെ പ്രതിരോധിക്കുന്നതിന് ഇന്ത്യയാണ് ഏറ്റവും യോജിക്കുന്ന പങ്കാളിയെന്ന് അമേരിക്ക കരുതുന്നു.

വ്‌ളാദിമിർ പുട്ടിനെ ഇവിടേക്ക് ക്ഷണിച്ചുവരുത്തി എസ്-400 മിസൈൽ സംവിധാനമുൾപ്പെടെയുള്ള കരാറിൽ ഇന്ത്യ ഏർപ്പെടുന്നത് സ്വാഭാവികമായും അമേരിക്കയെ ചൊടിപ്പിക്കേണ്ടതാണ്. എന്നാൽ, ഇതേ കാരണത്തിന്റെ പേരിൽ ചൈനയ്ക്ക് ഉപരോധമേർപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ റഷ്യയുമായി കരാരിലേർപ്പടുന്നത് അമേരിക്ക കാര്യമായെടുക്കില്ലെന്നാണ് സൂചന. അടുത്തിടെ അമേരിക്കയുമായി നടന്ന 2പ്ലസ് ടു മന്ത്രിതല ചർച്ചയിൽ ഇക്കാര്യം ഇന്ത്യ അവതരിപ്പിക്കുകയും അനുമതി തേടുകയും ചെയ്തതായും സൂചനയുണ്ട്.

ഇറാനുമേൽ അമേരിക്ക ഏകപക്ഷീയമായ ഉപരോധം ഏർപ്പെടുത്തുകയും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി അവവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിൽനിന്നുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, അമേരിക്കൻ ഉപരോധം വന്നതോടെ, ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തയ്യാറായിരുന്നു. ഘട്ടം ഘട്ടമായി ഇറക്കുമതി കുറയ്ക്കാമെന്നും ഇന്ത്യ സമ്മതിച്ചിരുന്നു. ഇതിനുള്ള പ്രത്യുപകാരമായി റഷ്യയുമായുള്ള ആയുധ ഇടപാടിൽ ഇന്ത്യക്ക് അമേരിക്ക ഇളവ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സോവിയറ്റ് കാലം മുതൽക്കെയുള്ള ഇന്ത്യയുടെ സൈനിക സഹകരണത്തിന്റെ കാര്യം ടു പ്ലസ് ടു ചർച്ചയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത പ്രതിരോധമന്ത്രി നിർമല സീതാരാമനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കയെ ധരിപ്പിച്ചിരുന്നു. മാത്രമല്ല, എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാർ പുതിയതല്ലെന്നും നേരത്തെമുതൽ തുടർന്നുവന്ന കരാറിന്റെ ഭാഗമാണെന്നും ഇവർ വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധികളായ ജയിംസ് മാറ്റിസും മൈക്ക് പോംപിയോയും ഇതുൾക്കൊള്ളുകയും ചെയ്തിരുന്നു. പുതിയതായുള്ള ഇടപാടുകൾക്കുമാത്രമേ അമേരിക്കൻ ഉപരോധം പ്രബല്യത്തിൽവരൂ എന്ന കാര്യം അവർ വ്യക്തമാക്കി.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ചും റഷ്യയിൽനിന്നുള്ള എസ്-400 വാങ്ങുന്നത് സംബന്ധിച്ചും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും അമേരിക്കൻ സംഘവുമായി ചർച്ച നടത്തിയിരുന്നു. രണ്ടുകാര്യങ്ങളിലും ഏകദേശ ധാരണയിലത്താൻ ഈ ചർച്ചയും ഉപകരിച്ചു. റഷ്യയിൽനിന്ന് ഇന്ത്യ പുതിയതായി ആയുധങ്ങൾ വാങ്ങുന്നില്ലെന്നും എസ്-400 മിസൈൽ പ്രതിരോധസംവിധാനം നിലവിലുള്ള കരാറിന്റെ ഭാഗമാണെന്നും യു.എസ്. കോൺഗ്രസ്സിനെ ബോധ്യപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന് കഴിയുകകൂടി ചെയ്താൽ, ഉപരോധമെന്ന ബാധ്യത ഇന്ത്യക്ക് പേറേണ്ടിവരില്ല.

എന്തുകൊണ്ടാണ് ചൈനയോട് ചെയ്തതുപോലെ ഇന്ത്യയോട് ചെയ്യാത്തതെന്ന് കോൺഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇനി വേണ്ടിവരിക.