ന്യൂ ഡൽഹി:  അതിർത്തിയിൽ സംഘർഷം രൂക്ഷമാകവേ യുദ്ധം അനിവാര്യമാണെന്ന റിപ്പോർട്ടുകൾക്കിടയിൽ രാജ്യത്തെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുടെ അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നു. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ കാലാവധി ഏകദേശം അവസാനിക്കാറായ സാഹചര്യത്തിലാണിത്.

അതിർത്തിയിലെ അതീവ സുരക്ഷയൊരുക്കാനും ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.റഷ്യൻ നിർമ്മിത കമോവ്(കെഎ 226ഠ) ശ്രേണിയിൽ പെട്ട കോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്.  ഇതിനായുള്ള 100 കോടിയുടെ കരാറിൽ വൈകാതെ ഇന്ത്യയും റഷ്യയും
 ഒപ്പു വെക്കുമെന്നാണ് കരുതപ്പെടുന്നത്.  ആകെ 200 കമോവുകളാണ് ഇന്ത്യ വാങ്ങുക. ഇതിൽ 40 എണ്ണം റഷ്യയിലും 160 എണ്ണം ഇന്ത്യയിലും നിർമ്മിക്കും.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് 160 കമോവുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. 15,000 കിലോഗ്രാം ഭാരം കയറ്റാവുന്ന കമോവ് ഹെലികോപ്റ്ററുകൾക്ക് പൈലറ്റുമാരടക്കം 11 ആളുകളെ വഹിക്കാനുള്ള ശേഷയുണ്ട്. മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിലാണ് കമോവ് കോപ്റ്റർ പറക്കുക. ഇപ്പോൾ റഷ്യ മാത്രമാണ് കമോവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്.