ന്യൂഡൽഹി: കറൻസി നിരോധനം രാജ്യത്തിന്റെ വളർച്ച മുരടിപ്പിക്കുമെന്നും രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നുമെല്ലാമുള്ള വാദങ്ങൾ ഉയരുന്നതിനിടെ കേന്ദ്രസർക്കാരിന് ആശ്വാസമായി ഒരു റിപ്പോർട്ട്. പിന്നിട്ട ഒന്നര നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) ബ്രിട്ടന്റെ ആഭ്യന്തര ഉൽപാദനത്തെ മറികടന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച സമീപ കാലങ്ങളിൽ അതിവേഗം മുന്നോട്ടുകുതിച്ചതും ബ്രെക്‌സിറ്റിന്റെ പ്രശ്‌നങ്ങളെ തുടർന്ന് ബ്രിട്ടന്റെ വളർച്ച താഴോട്ടുപോയതുമാണ് ഇതിന് കാരണമെന്നു വിലയിരുത്തി ഫോബ്‌സ് മാഗസിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ഇന്ത്യയെയുൾപ്പെടെയുള്ള രാജ്യങ്ങളെ കോളനിവാഴ്ചക്കാലത്ത് അടക്കിഭരിച്ച രാജ്യമാണ് ബ്രിട്ടൻ. അവർ ഇന്ത്യഭരിച്ച കാലത്തുൾപ്പെടെ - ഏതാണ്ട് 150 വർഷക്കാലത്തിനിടെ - ഇതാദ്യമായാണ് ഇന്ത്യ ബ്രിട്ടനേക്കാൾ ആഭ്യന്തര ഉൽപാദനത്തിൽ വളർച്ച രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 25 വർഷക്കാലത്തിനിടെ ഇന്ത്യയിലുണ്ടായ സാമ്പത്തിക വളർച്ചയുടെ ഫലമാണിതെന്ന് ഫോർബ്‌സ് വിലയിരുത്തുന്നു. മാത്രമല്ല കഴിഞ്ഞ 12 മാസക്കാലത്തിനിടെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കുറഞ്ഞതും ഇതിന് കാരണമായി.

കുറച്ചുകാലം മുൻപത്തെ കണക്കുകൾ പ്രകാരം 2020 ആകുമ്പോഴേക്കും ഇന്ത്യ ബ്രിട്ടനെ വളർച്ചാ നിരക്കിൽ മറികടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പൗണ്ടിന്റെ മൂല്യച്യുതി കാര്യങ്ങൾ വേഗത്തിലാക്കി. ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ ഇരുരാജ്യങ്ങളുടെയും കറൻസികളിൽ ഈ വ്യത്യാസം പ്രകടമാണ്. ബ്രിട്ടന്റെ 2016ലെ മൊത്തം ആഭ്യന്തര ഉൽപാദനമായി കണക്കാക്കുന്നത് 1.87 ലക്ഷം കോടി ബ്രിട്ടീഷ് പൗണ്ടാണ്. ഒരു ഡോളറിന്റെ മൂല്യം 0.81 പൗണ്ടാണിപ്പോൾ. അപ്പോൾ ബ്രിട്ടീഷ് ജിഡിപി 2.29 ലക്ഷം കോടിയാണെന്ന് കണക്കാക്കാം.

സമാനമായ രീതിയിൽ ഇന്ത്യയുടെ ജിഡിപി 153 ലക്ഷം കോടിയാണ്. ഒരു ഡോളറിന്റെ മൂല്യം 66.6 രൂപയെന്ന നിലയിൽ ഇന്ത്യയുടെ ജിഡിപി 2.3ലക്ഷം കോടി ഡോളറായിക്കഴിഞ്ഞു. ഇത്തരത്തിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി എന്നുതന്നെ പറയാവുന്ന തരത്തിൽ ബ്രിട്ടന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തെ മറികടന്നുവെന്ന് ഫോർബ്‌സ് സമർത്ഥിക്കുന്നു.

ഇത്തരത്തിൽ സാമ്പത്തിക അവലോകനം നടത്തുന്ന സെന്റർ ഫോർ ഇക്കണോമിക്‌സ് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) 2011 ഡിസംബറിൽ നടത്തിയ നിരീക്ഷണമനുസരിച്ച് ഇന്ത്യ 2020 ആകുമ്പോഴേക്കും ആഭ്യന്തര ഉൽപാദനത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ അഞ്ചാമത്തെ രാജ്യമായി മാറുമെന്നായിരുന്നു കണക്കുകൂട്ടിയത്. പക്ഷേ, പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതോടെ ഇന്ത്യയുടെ നില പെട്ടെന്ന് മെച്ചപ്പെട്ടുവെന്ന് ഫോർബ്‌സ് വ്യക്തമാക്കുന്നു.

ഇപ്പോൾ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യ യുണൈറ്റഡ് കിങ്ഡത്തിനെ മറികടന്നതെങ്കിലും ഈ അകലം കൂടിവരുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ച വർഷത്തിൽ ആറുമുതൽ എട്ടുശതമാനമെന്ന നിരക്കിൽ മുന്നേറുന്നതിനാൽ ബ്രിട്ടനെ ഇന്ത്യ കൂടുതൽ പിൻതള്ളുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ബ്രിട്ടന്റെ വളർച്ച 2020വരെ വർഷത്തിൽ ഒന്നുമുതൽ രണ്ടുശതമാനമെന്ന നിലയിലേ മുന്നേറൂ എന്നാണ് വിലയിരുത്തൽ.

അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്കു ശേഷം ബ്രിട്ടനെ പിൻതള്ളി ആഭ്യന്തര ഉൽപാദനത്തിൽ ലോകത്തെ അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയത് അഭിമാനാർഹമായ നേട്ടമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു.