ലയാളികളുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും, കരുത്തനുമായ നേതാവ് ആരായിരുന്നുവെന്ന് ചോദിച്ചാൽ വി കെ കൃഷ്ണമേനോനും, കെ ആർ നാരായണനും, ഇഎംഎസും, പോലെയുള്ള ഒരുപാട് മലയാളികൾക്ക് ഇടയിലുടെയായിരിക്കും നമ്മുടെ ചിന്തകളുടെ കറക്കം. ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പിലൊക്കെ വി.കെ കൃഷ്ണമേനോന്റെ പേരാണ് ഉയർന്നുവരാറുള്ളത്. കൊറിയൻ യുദ്ധം തൊട്ട് സൂയസ് കനാൽ തർക്കംവരെ പരിഹരിച്ച ഈ കോഴിക്കോട്ടുകാരൻ, ഗാന്ധിക്കും നെഹ്റുവിനും ശേഷം ടൈം മാസിക കവർ ആക്കിയ ഇന്ത്യാക്കാരൻ കൂടിയാണ്. പക്ഷേ ഈ മറന്നുകിടക്കുന്ന യുദ്ധവീരന്റെ മുന്നിൽ കൃഷ്ണമേനോൻ ഒന്നും ഒന്നുമല്ല.

കാരണം അയാൾ സാക്ഷാൽ അഡോൾഫ് ഹിറ്റ്ലറെ കൊണ്ട് മാപ്പു പറയിപ്പിച്ചയാളാണ്. സുഭാഷ് ചന്ദ്രബോസിന് ഐഎൻഎ ഉണ്ടാക്കാൻ പ്രേരണ നൽകിയ വീരനാണ്. നാലുരാജ്യങ്ങളുടെ സഖ്യസേനയുണ്ടാക്കി ബ്രിട്ടനെ ആക്രമിച്ച് ഇന്ത്യയെ മോചിപ്പിക്കാൻ പദ്ധതിയിട്ട വിപ്ലവകാരിയാണ്.... അതായിരുന്നു ചെമ്പകരാമൻ പിള്ളയെന്ന തിരുവനന്തപുരത്തുകാരൻ!

ഹൈസ്‌ക്കുൾ ക്ലാസുകളിൽ ഡോ ചെമ്പകരാമൻ പിള്ളയെന്ന നാലുവരി പഠിച്ചത് ഒഴിച്ചാൽ ഇദ്ദേഹത്തെക്കുറിച്ച് നാം ഏറെയൊന്നും കേട്ടിട്ടില്ല. ഇപ്പോൾ റഷ്യ യുക്രൈനെ ആക്രമിച്ചതോടെ ലോകമെമ്പാടും ചർച്ച വാർ ഹീറോകളെ കുറിച്ചാണ്. 1967ൽ ഈജിപ്തിന്റെ നേതൃത്വത്തിൽ പത്തോളം അറബ് രാജ്യങ്ങൾ കൂട്ടമായി, ഇസ്രയേൽ എന്ന കുഞ്ഞൻ രാഷ്ട്രത്തെ ആക്രമിക്കാനെത്തിയപ്പോൾ, വെറും ആറുദിവസം കൊണ്ട് അവരെ തകർത്ത് തരിപ്പണമാക്കിയ യുദ്ധത്തിന് നേതൃത്വം കൊടുത്ത മൂഷെ ഡയാൻ എന്ന ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കഥയൊക്കെ വൈറലാവുന്നത് ഈ സമയത്താണ്. പക്ഷേ അപ്പോഴാണ് നാം ചെമ്പകരാമൻ പിള്ളയെ ഒക്കെ ഓർക്കേണ്ടത്. ഇസ്രയേലിന് ഒരു സൈന്യമെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഹിറ്റ്ലറും, ഹിംലറും, ഗീബൽസുമൊക്കെ മിസ്റ്റർ ചെമ്പക് എന്ന് വിളിച്ചിരുന്നു ചെമ്പകരാമൻ പിള്ളക്ക് എല്ലാം പൂജ്യത്തിൽ നിന്നാണ് തുടങ്ങേണ്ടിവന്നത്. ഇന്ത്യക്കുവേണ്ടി ആദ്യമായി ആർമിയും നേവിയും ഉണ്ടാക്കിയ വ്യക്തി എന്ന നിലയിലും, ചെമ്പകരാമൻ പിള്ള ചരിത്രത്തിൽ അറിയപ്പെടും.

ഓസ്ട്രിയയിൽനിന്ന് എൻജിനീയറിങ്ങിൽ ഡിപ്ലോമ. അതിനുപറമെ എക്കണോമിക്സിലും പൊളിറ്റിക്സിലും ബിരുദം. 12 ഭാഷകളിൽ പ്രാവീണ്യം. ജർമ്മനിയിലെ ഒന്നാന്തരം കമ്പനിയിൽ കനത്ത ശമ്പളത്തിന് എഞ്ചിനീയറായി ചെറുപ്രായത്തിൽ തന്നെ ജോലി. ആയുഷ്‌ക്കാലം മുഴുവൻ സുഭിക്ഷമായി ജീവിക്കാനുള്ള വകുപ്പുണ്ടായിട്ടും, ചെമ്പകരാമൻ അവയെല്ലാം ഇെട്ടറിഞ്ഞ് പുറത്തിറങ്ങി. ഇന്ത്യയെ ബ്രിട്ടീഷുകാരിൽനിന്ന് മോചിപ്പിക്കാനായി.

അതിന് അയാൾ വലിയ വിലകൊടുക്കേണ്ടി വന്നു. സ്വതന്ത്ര ഇന്ത്യയിൽ പട്ടിണി കിടന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത് എന്ന് ഓർക്കുമ്പോൾ, ഒരോ ഭാരതീയന്റെയും തല കുനിഞ്ഞ് പോകേണ്ടതാണ്. വെറും 43 വർഷത്തെ ജീവിതം കൊണ്ട് രണ്ട് നൂറ്റാണ്ടുകൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്.

ജയ്ഹിന്ദ് മുദ്രാവാക്യം ആദ്യമായി ഉയർത്തി

1891 സെപ്റ്റംബർ 15ന് തിരുവനന്തപുരത്താണ് ചെമ്പകരാമൻ പിള്ളയുടെ ജനനം.
ഇന്നത്തെ എജീസ് ഓഫീസ് സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു അവരുടെ വീട്. തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിൽ ഹെഡ് കോൺസ്റ്റബിളായ ചിന്നസ്വാമിപിള്ളയാണ് പിതാവ്. മാതാവ് നാഗമ്മാൾ. പലരും കരുതുന്നുതുപോലെ മുന്നാക്ക സമുദായത്തിലല്ല, ദ്രാവിഡ സമുദായമായ വെള്ളാള സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. ചിന്നസ്വാമിപ്പിള്ളയുടെ പൂർവ്വികർ തമിഴ്‌നാട്ടിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കുടിയേറിപ്പാർത്തവരാണ്. പേരിനോടൊപ്പം പിള്ള എന്ന് കൂടിച്ചേരാൻ കാരണം തിരുവിതാംകൂർ മഹാരാജാക്കന്മാർ പിതാമഹന്മാർക്ക് കൽപ്പിച്ചുകൊടുത്ത സ്ഥാനപ്പേരാണെന്നാണ് പറയുന്നത്.

ചെമ്പകരാമന്റെ പ്രാഥമിക വിദ്യാഭ്യാസം തൈക്കാട് മോഡൽ സ്‌കൂളിൽ ആയിരുന്നു. വെങ്കിടി എന്നായിരുന്നു അവന്റെ ചെല്ലപ്പേര്. ചിന്നസ്വാമിയുടെ സഹോദരപുത്രൻ പത്മനാഭൻപിള്ളയായിരുന്നു വെങ്കിടിയുടെ സ്നേഹിതൻ. സ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചു ഒരു ഏകദേശധാരണ വെങ്കിടിക്ക് ഉണ്ടായിരുന്നു. ബാലഗംഗാധരതിലകൻ ആയിരുന്നു വീരപുരുഷൻ. അക്കാലത്ത് ഉണ്ടായിരുന്ന ഒരു സംഭവം തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനായിരുന്ന കുമരി അനന്തൻ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. മോഡൽ സ്‌കൂളിലെ ഒരു കുട്ടി ബ്രിട്ടനെതിരെ മുദ്രാവാക്യം മുഴക്കി ജയ് ഹിന്ദ് വിളിച്ചു. അക്കാലത്ത് അത് ഗുരുതര കുറ്റമായിരുന്നു. പേടിച്ച പ്രധാനാധ്യാപകൻ പൊലീസിനെ വിളിച്ചു. വന്നത് ചിന്നസ്വാമിപ്പിള്ള എന്ന കോൺസ്റ്റബിളായിരുന്നു. ചെമ്പകരാമൻപിള്ളയുടെ അച്ഛൻ! പല അനൗദ്യോഗിക രേഖകളിലും ഇന്ത്യയിൽ ആദ്യമായി ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ഉയർത്തിയത് ചെമ്പകരാമനാണെന്നും കാണുന്നുണ്ട്. ഇതോടെ ജയ്ഹിന്ദ് ചെമ്പകരാമൻപിള്ള എന്നതും അദ്ദേഹത്തിന്റെ പേരിനൊപ്പം വന്നുചേർന്നു.

പക്ഷേ വെങ്കിടിയുടെ ജീവിതം തിരുത്തിയ സംഭവം വന്നത് സുഹൃത്തായ ടി.പത്മനാഭപിള്ള വഴിയാണ്. ചെറുപ്പത്തിലേ ഒരു ജീനിയസ് ആയിരുന്നു പത്മനാഭപിള്ള. ലോകപ്രശസ്തമായ സയൻസ് മാസികയിൽ ചിലന്തികളുടെ നിറം മാറ്റത്തെക്കുറിച്ച് 18 വയസ്സുമാത്രമുള്ളപ്പോൾ ആ ബാലൻ ഒരു ലേഖനം എഴുതി. അങ്ങനെയാണ് അയാൾ ബ്രിട്ടിഷ് സസ്യശാസ്ത്രജ്ഞനായ വാൾട്ടർ സ്ട്രിക് ലാൻഡിന്റെ കണ്ണിലുടക്കിയത്. പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങളെ പഠിക്കനായി അനന്തപുരിയിൽ എത്തിയതായിരുന്നു വാർട്ടർ സായിപ്പ്. പത്മനാഭപിള്ളയെ സായിപ്പിന് നന്നായി ബോധിച്ചു. അവനെ പഠിപ്പിക്കാനായി യൂറോപ്പിലേക്കു കൊണ്ടുപോകാമെന്ന് അദ്ദേഹം ഏറ്റു. പോകാൻ സമ്മതം, പക്ഷേ ചെമ്പകരാമനെയും കൂട്ടണമെന്ന് പത്മനാഭപിള്ള വാശിപിടിച്ചു. പൂമ്പാറ്റകളെ പിടിച്ചുകൊടുക്കാൻ വാൾട്ടർ സായിപ്പിനെ വെങ്കിടിയും സഹായിച്ചിരുന്നു. അങ്ങനെ സായിപ്പ് സമ്മതിച്ചു.

അങ്ങനെ ഇരുവരും വിദേശത്ത് എത്തി. പഠിക്കാൻ മിടുക്കാനായ ചെമ്പകരാമൻ
ഓസ്ട്രിയയിൽനിന്ന് എൻജിനീയറിങ്ങിൽ ഡിപ്ലോമ എടുത്തു. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടി. ചെറുപ്രായത്തിൽ തന്നെ നല്ല ശമ്പളത്തിൽ എഞ്ചിനീയറായി ജർമ്മൻ കമ്പനിയിൽ ജോലിക്ക് കയറി. പക്ഷേ സുഖലോലുപ ജീവിതം ആയിരുന്നില്ല, അയാളുടെ ലക്ഷ്യം. ഇന്ത്യയുടെ വിമോചനം ആയിരുന്നു.

വിപ്ലവകാരികളെ കൂട്ടിയോജിപ്പിക്കുന്നു

ജർമ്മൻ ഭാഷയിൽ അഗാധപാണ്ഡിത്യം നേടിയ ചെമ്പകരാമൻ, നല്ലൊരു വാഗ്മിയായും ഉയർന്നു. ജർമ്മനിയിലെ ബുദ്ധിജീവികളുടെയും, എഴുത്തുകാരുടെയും ഉറ്റമിത്രമായി. ബ്രിട്ടനിൽനിന്ന് എങ്ങനെ സ്വാതന്ത്ര്യം പിടിച്ചുവാങ്ങാം എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടക്കുന്ന അംഹിസയിൽ അധിഷ്ഠിതമായ സമരങ്ങളോട് ചെമ്പകരാമൻ യോജിച്ചില്ല. എന്നാൽ ഒരിടത്തും ആ രീതിയെ തള്ളിപ്പറഞ്ഞതുമില്ല. ബ്രിട്ടൻപോലെ ഒരു നിഷ്ഠൂരമായ സാമ്രാജ്യത്വ ശക്തിയോട് ഇത്തരം ഒരു സമരം നടത്തിയിട്ട് ഫലമുണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

ബർലിനിൽ അദ്ദേഹത്തിന് കൂട്ടുകാരനായി ലഭിച്ചത് സരോജിനി നായിഡുവിന്റെ മൂത്ത സഹോദരൻ ചാറ്റോ എന്ന് വിളിക്കുന്ന, വീരേന്ദ്രനാഥ് ചാട്ടോപാധ്യായയെ ആയിരുന്നു. അദ്ദേഹവുമായുള്ള സംവാദങ്ങളിൽ ഇന്ത്യക്ക് സ്വന്തമായി ഒരു ആർമി വേണ്ടതിന്റെ കാര്യം ചെമ്പകരാമൻ ആവർത്തിക്കുമായിരുന്നു. ഇത്രയും നൂറ്റാണ്ടുകൾ ഭരിച്ച ബ്രിട്ടന് ഇനിയും ഒരു നൂറുവർഷം ഇന്ത്യയെ ഭരിക്കാൻ കഴിയുമെന്നും, ഈ മഹാരാജ്യത്തിലെ ജനങ്ങൾ ആയുധമെടുത്താൽ ദിവസങ്ങൾ കൊണ്ട് ബ്രിട്ടൻ നിലംപതിക്കുമെന്നും, അദ്ദേഹം വാദിച്ചു.

ചാറ്റോയും ചെമ്പകും ചേർന്ന് ( ജർമ്മൻകാർ അദ്ദേഹത്തെ വിളിച്ചത് ചെമ്പക് എന്നായിരുന്നു) ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ബെർലിൻ കോൺഫറൻസ് എന്ന മൂവ്‌മെന്റ് ആരംഭിച്ചു. ജർമ്മനിയുമായി ചെമ്പകിന്് താൽപര്യമുണ്ടാവാനുള്ള കാരണം അവരുടെ പ്രധാനശത്രുവായിരുന്നു ബ്രിട്ടൻ എന്നതുമാത്രമായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള സാമാന്യ യുക്തി അനുസരിച്ചായിരുന്നു ആ ബന്ധം.

ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കത്തിൽ സ്വതന്ത്രനിലപാട് സ്വീകരിച്ച സ്വിറ്റ്സർലൻഡ് കേന്ദ്രീകരിച്ച് ചെമ്പകരാമൻ പിള്ള രാജ്യാന്തര ഇന്ത്യാ അനുകൂലികളുടെ സംഘടനയുണ്ടാക്കി. ബർലിൻ കേന്ദ്രീകരിച്ച് ജർമ്മനിലും ഇംഗ്ലീഷിലുമായി പ്രോ ഇന്ത്യ എന്ന പ്രസിദ്ധീകരണം തുടങ്ങി. പക്ഷേ അപ്പോഴേക്കും ബ്രിട്ടൻ ഇത് ശ്രദ്ധിച്ചിരുന്നു. ബ്രിട്ടൻ അവരുടെ ചാരസംഘത്തെ സ്വിറ്റ്സർലൻഡിലേക്ക് അയച്ചു. ജീവനോടെയോ അല്ലാതെയോ ചെമ്പകരാമനെ പിടിക്കാൻ പുറപ്പെട്ട ആ ചാരസംഘത്തിന്റെ തലവൻ വിഖ്യാത നോവലിസ്റ്റ് സോമർസെറ്റ് മോം ആയിരുന്നു. അദ്ദേഹത്തിന്റെ പല രചനകളിലും ഇന്ത്യൻ വിപ്ലവകാരികളുടെ പരാമർശം കടന്നുകൂടിയത്തിന് കാരണക്കാരൻ നമ്മുടെ ചെമ്പകരാമൻ ആണ്.

പക്ഷേ അവരെ കിട്ടിയില്ല. ചെമ്പകും ചാറ്റോയും ബർലിനിലേക്കു കടന്നു. അവിടെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ കീഴിൽ ഇന്ത്യൻ വിപ്ലവകാരികളുടെ നീണ്ട നിരയുണ്ടായിരുന്നു. നോവലിസ്റ്റ് സി.വി.രാമൻപിള്ളയുടെ മരുമകൻ എ.ആർ. രാമൻപിള്ള, വേങ്ങയിൽ കുഞ്ഞിരാമൻനായനാരുടെ മകൻ എ.സി.നാണുനമ്പ്യാർ, ചെമ്പകരാമനൊപ്പം എത്തിയ ടി.പത്മനാഭപിള്ള എന്നിവർ ആയിരുന്നു അതിലെ മലയാളികൾ.

ബ്രിട്ടിഷ് സർക്കാരിനെ ആക്രമിക്കുക. ഇന്ത്യയെ ജനാധിപത്യ, സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി മാറ്റുക. അതായിരുന്നു ചെമ്പകിന്റെ പദ്ധതി. വിദേശത്ത് പലയിടത്തായി ചിതറിക്കിടക്കുന്ന വിപ്ലവഗ്രൂപ്പുകളെ അദ്ദേഹം കൂട്ടിയോജിപ്പിച്ചു. ജർമ്മനിയോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ബ്രിട്ടനെ സൈനികമായി നേരിടുക എന്നതായിരുന്നു ഉദ്ദേശം. പട്ടാളത്തെ സംഘടിപ്പിക്കാൻ ചെമ്പക് യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലെ ജർമൻ കോളനികളിലും പലപേരിൽ സഞ്ചരിച്ചു. ആളുണ്ടെങ്കിൽ പണവും ആയുധവും നൽകാമെന്നു ജർമ്മൻ ഫോറിൻ ഓഫിസ് സമ്മതിച്ചു. പത്മനാഭപിള്ള അടക്കം പല വിപ്ലവകാരികളും യുദ്ധത്തിനു നേതൃത്വം നൽകാൻ ഇന്ത്യയിലേക്കു മടങ്ങി.

ലോകത്തെ ഞെട്ടിച്ച എംഡൻ ആക്രമണം

1914 ജൂലൈ 31ന് ഇന്ത്യൻ നാഷനൽ വൊളന്ററി കോർപ്സ് (ഐഎൻവി) എന്ന സംഘടന ചെമ്പകരാമൻ പിള്ള രൂപീകരിച്ചൂ. ഇന്ത്യയുടെ പേരിൽ ഉണ്ടായ ആദ്യ സൈന്യമാണ് ഇതെന്ന് ഓർക്കണം. ബർലനിൽ നിന്നു ചരിത്രപ്രസിദ്ധമായ യുദ്ധാഹ്വാനം നടത്തി ചെമ്പകരാമൻ ബ്രിട്ടനെ ഞെട്ടിച്ചു. വിദേശത്തെയും സ്വദേശത്തെയും ഇന്ത്യക്കാരോട് ഉണരാൻ ആവശ്യപ്പെട്ട ആ പ്രസംഗത്തിൽ, മുസ്ലിംകളെയും സിക്കുകാരെയുമൊക്കെ പ്രത്യേകം പ്രത്യേകം അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്വത്തെ വിറപ്പിച്ച പ്രസംഗം എന്നായിരുന്നു ജർമ്മൻ പത്രങ്ങൾ ഇതേക്കുറിച്ച് എഴുതിയത്.

ജർമൻ ചക്രവർത്തിയുമായിപ്പോലും ചെമ്പകിന് അടുപ്പം ഉണ്ടായിരുന്നതായി, അദ്ദേഹത്തെ ജർമനിയിൽ സന്ദർശിച്ച പക്ഷിശാസ്ത്രജ്ഞനായ സാലിംഅലി ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്. ജർമ്മൻ സൈനിക പ്രതിനിധികൾ നേരിട്ട് എത്തിയാണ് ഐഎൻവിക്കാർക്ക് പരിശീലനം നൽകിയത്. വെടിക്കോപ്പുകളും, ബോംബുകളും തൊട്ട് മുങ്ങിക്കപ്പലുകൾവരെ ഉപയോഗിക്കാൻ അവർ പഠിച്ചു. ജർമ്മൻ സൈന്യവും ചെമ്പകരാമന്റെ കഴിവുകൾ നന്നായി ഉപയോഗിച്ചു.

1914 സെപ്റ്റംബർ 22ന് മദിരാശി തുറമുഖത്ത് നടന്ന് രാത്രിയിലുള്ള ആക്രമണം ബ്രിട്ടീഷുകാരെ നടുക്കിയിരുന്നു. രാത്രി പത്തുമണിയോടെ അപ്രതീക്ഷിതമായി വന്നുകയറിയ ഒരു കപ്പലിലെ പീരങ്കികൾ, തുറമുഖത്തെ ബ്രിട്ടിഷ് എണ്ണടാങ്കറുകളിലേക്കു തുരുതുരാ നിറയൊഴിച്ചു. 10 ലക്ഷത്തോളം ലീറ്റർ മണ്ണെണ്ണ നിന്നു കത്തി! മദിരാശി പട്ടണം നട്ടുച്ചപോലെ ജ്വലിച്ചു എന്നാണ് പിറ്റേന്ന് പത്രങ്ങൾ എഴുതിയത്. പക്ഷേ ആ കപ്പൽ എസ്എംഎസ് എംഡൻ എന്ന ജർമ്മനിയുടെ അതീവ ആക്രമണം നടത്താൻ കഴിവുള്ള കപ്പലായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ഒന്നാലോക മഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിന്റെ പേടി സ്വപ്നമായിരുന്നു എംഡൻ.

ആക്രമണം നടന്നത് എംഡനിലെ രണ്ടാം കമാൻഡിങ് ഓഫിസർ ചെമ്പകരാമൻപിള്ളയുടെ നേതൃത്വത്തിലായിരുന്നെന്ന് ബ്രിട്ടീഷുകാർ സംശയിച്ചു. തെളിവുകൾ പക്ഷേ അധികം ഒന്നും ഉണ്ടായിരുന്നില്ല. തുറമുഖത്തിറങ്ങി ഒരാൾ 'ഇത് ഇന്ത്യക്കാർക്കെതിരെയല്ല, ബ്രിട്ടനെതിരെയാണ്' എന്ന് തമിഴിൽ പ്രസംഗിച്ചെന്ന ദൃക്സാക്ഷി മൊഴി സംശയം വർധിപ്പിച്ചു. മാത്രമല്ല കാറ്റിന്റെ ഗതി ഈ സമയത്ത് കടലിലേക്കാണെന്ന് കൃത്യമായി മനസ്സിലാക്കിയായിരുന്നു ആക്രമണം. നഗരത്തിലെ മറ്റു സ്ഥലങ്ങൾ എംഡൻ ലക്ഷ്യമിട്ടില്ല. അവരുടെ ലക്ഷ്യം ബ്രിട്ടൻ മാത്രമായിരുന്നു.

ഇതോടെ എംഡൻ എന്ന പേര് അതോടെ തമിഴ്‌നാട്ടിൽ പ്രശസ്തി നേടി. അവിടെ തീർന്നില്ല എംഡന്റെ കഥ. മിനിക്കോയി പരിസരത്ത് തങ്ങിയ അഞ്ചുദിവസംകൊണ്ട് അഞ്ചു ബ്രിട്ടിഷ് കപ്പലുകളെ മുക്കി എംഡൻ ലോകത്തെ വീണ്ടും ഞെട്ടിച്ചു. എന്നാൽ, ഈ കപ്പലുകളിലെ യാത്രക്കാരെയൊന്നും ആരും ഒന്നും ചെയ്തില്ല. ഇത്തരം ഒരു വീക്ഷണവും ചെമ്പകരാമൻ പിള്ളയുടേതാണ്്. ബ്രിട്ടനോടുള്ള എതിർപ്പ് ബ്രിട്ടീഷുകാരോട് പാടില്ല. അനാവശ്യമായി ഒരാളുടെയും ജീവൻ എടുക്കരുത് എന്നെതൊക്കെ ചെമ്പകിന്റെ തത്വങ്ങൾ ആയിരുന്നു. ലങ്കയിൽ നിന്നു ന്യൂയോർക്കിലേക്കു കരിമ്പു കൊണ്ടുപോയ സെന്റ് എഗ്ബേർട്ട് എന്ന ബ്രിട്ടീഷ് കപ്പൽ എംഡൻ പിടിച്ചെടുത്തു. പക്ഷേ കപ്പലുകളിലെ മുന്നൂറ്റമ്പതോളം യാത്രികരെ, സുരക്ഷിതമായി കൊച്ചി തുറമുഖത്തേക്ക് അയച്ചു. ഒരാളെയും ഒന്നും ചെയ്തില്ല.

ഇതോടെ എംഡനെക്കുറിച്ചും ചെമ്പകരാമനെക്കുറിച്ചും പല കഥകളും പ്രചരിച്ചു.
മദിരാശി പട്ടണം ആക്രമിക്കപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ സാന്നിധ്യം മൂലമാണെന്ന് ജനം വിശ്വസിച്ചു. അക്കാലത്തുകൊച്ചിയിലെ ഒരു ഇംഗ്ലിഷ് വനിത എഴുതിയ ഓർമക്കുറിപ്പിൽ, സെന്റ് എഗ്ബേർട്ട് കപ്പലിൽ കയറി കൊച്ചിയിൽ വന്ന ചില ജർമൻ നാവികർ നഗരത്തിലെ യഹൂദഗൃഹത്തിൽ നിന്നു ഭക്ഷണം കഴിച്ചതായി പരാമർശിക്കുന്നുണ്ട്. അത് ചെമ്പകരാമൻപിള്ളയായിരുന്നുവെന്നു വ്യാഖ്യാനമുണ്ടായി. ഒരേസമയം പലവേഷത്തിൽ അദ്ദേഹത്തെ കണ്ടുവെന്ന് കഥകൾ ഉണ്ടായി. പിന്നീട് ഒരുമത്സ്യത്തൊഴിലാളിയുടെ വേഷം ധരിച്ച് പിള്ള കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇറങ്ങിയതായും, രഹസ്യമായി കൊച്ചി മഹാരാജാവിനെ സന്ദർശിച്ചതായും പറയുന്നുണ്ട്. പിള്ളയുടെ തലയ്ക്ക് ബ്രിട്ടീഷ് സർക്കാർ വൻപ്രതിഫലം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തെ തൊടാൻ കഴിഞ്ഞില്ല.

എംഡൻ എന്ന പേര് പറഞ്ഞു പറഞ്ഞാണ് എമണ്ടൻ എന്ന പേരുണ്ടായതെന്നും ഭാഷാഗവേഷകർ പറയുന്നു. മലയാളി ചെമ്പകരാമൻപിള്ളക്ക് ഒരു സ്മാരകം പണിതിട്ടില്ല. പക്ഷേ നിത്യസ്മാരകമായി എമണ്ടൻ എന്ന വാക്ക് അവിടെയുണ്ട്? എന്നാൽ എംഡനിൽ പിള്ള ഉണ്ടായിരുന്നില്ലെന്നും ആ രണ്ടരമാസം അദ്ദേഹം ബർലിനിൽ തിരക്കിട്ട രാഷ്ട്രീയപരിപാടികളിലായിരുന്നുവെന്നും ചിലർ പറയുന്നുണ്ട്. പക്ഷേ, പിള്ള എംഡനിൽ വന്ന് കൊച്ചിയിൽ ഇറങ്ങിയതായി അദ്ദേഹത്തിന്റെ ഭാര്യ പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്.

മാതാഹരിയെ ഇറക്കി പിടിക്കാൻ നീക്കം

ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രങ്ങളിലേക്ക് പ്രതിനിധികളെ അയച്ച് ചെമ്പകരാമൻ പിള്ള ആളും അർഥവും കോപ്പുകൂട്ടി. റഷ്യയും ചൈനയും ജപ്പാനുമായി സഹകരണമുണ്ടാക്കാനും അദ്ദേഹം ആളെ വിട്ടു. റഷ്യയിലേക്കയച്ച രണ്ടുപേരിലൊരാരാളായ ഭൂപേന്ദ്രനാഥ ദത്ത സ്വാമി വിവേകാനന്ദന്റെ അനിയനായിരുന്നു. രണ്ട് അംഗങ്ങളെ അമേരിക്കൻ ദേശീയനേതാക്കളോടു സംസാരിക്കാനും അയച്ചു.

ബ്രിട്ടിഷ് ഇന്ത്യയെ കശ്മീരിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുകൂടി ആക്രമിക്കുക എന്നതായിരുന്നു ചെമ്പകരാമൻപിള്ളയുടെ യുദ്ധപദ്ധതി. ജർമനിയുടെ സഖ്യകക്ഷിയായ തുർക്കിയിലെ വിമതസൈന്യത്തിന്റെ പിന്തുണ അദ്ദേഹം ഉറപ്പാക്കി. ബ്രിട്ടനെതിരായിരുന്ന അഫ്ഗാനിസ്ഥാനിലെ അമീറിന്റെ സഹായം അഭ്യർത്ഥിച്ചു. അമീർ വഴങ്ങിയില്ലെങ്കിലും സഹോദരനും മക്കളും മതപണ്ഡിതരും ചേർന്ന് അരലക്ഷം പേരെ നൽകാമെന്ന് ഉറപ്പു കൊടുത്തു. മെസപ്പൊട്ടേമിയയിൽ ചെമ്പകരാമൻപിള്ള പട്ടാള ക്യാംപ് തുടങ്ങി.

1915ൽ അഫ്ഗാനിലെ അമീറിന്റെ പിന്തുണയോടെ പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഇന്ത്യ കാബൂളിൽ സ്ഥാപിക്കുകയും ചെയ്തു. വിപ്ലവം സംഭവിക്കുമ്പോൾ ഇന്ത്യയിലെ താൽക്കാലിക ആവശ്യത്തിനുള്ള സർക്കാരിനെയാണ് കാബൂൾ കേന്ദ്രീകരിച്ച് നിയമിച്ചത്. തന്ത്രപ്രധാനമായ വിദേശകാര്യവകുപ്പ് ചെമ്പകരാമന്റെ കൈയിലായിരുന്നു. അന്ന് അദ്ദേഹത്തിന് വെറും 24 വയസ്സാണെന്ന് ഓർക്കണം!

എന്നാൽ ഒന്നാം ലോകയുദ്ധത്തിൽ ജർമനി പരാജയപ്പെട്ടതോടെ സകലതും പൊളിഞ്ഞു. ഇന്തോനീഷ്യയിലെ ജാവയായിരുന്നു യുദ്ധത്തിൽ ചേരാത്ത, ഇന്ത്യയുടെ ഏറ്റവുമടുത്തുള്ള രാജ്യം. അവിടെ ജർമൻ പടക്കപ്പൽ ആയുധമിറക്കുമെന്നായിരുന്നു ധാരണ. ആയുധക്കപ്പലിനെ നേരിട്ടു സ്വീകരിക്കാൻ നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന വിപ്ലവകാരിയെ ആണ് അയച്ചത്. അദ്ദേഹം അലഞ്ഞതു മിച്ചം. കപ്പൽ വന്നില്ല. ഒടുവിൽ മോസ്‌കോയിൽ പോയ ഭട്ടാചാര്യ പേരു മാറി എം.എൻ.റോയിയായി. വിദേശിയായ ഭാര്യയും മറ്റും ചേർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.

ബ്രിട്ടൻ ഒരു വലിയ സംഘത്തെതന്നെ ചെമ്പകരാമൻ പിള്ളയെ പിടിക്കാൻ അയിച്ചിരുന്നു. 1919ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതുപോലും ബ്രിട്ടീഷുകാരുടെ സ്വാധീനം മൂലമാണ്. സോമർസെറ്റ് മോം, ലോകത്തിലെ നമ്പർ വൺ ചാരവനിതയായ മാതാഹരിയെ ചെമ്പകിനെ പിടികൂടാൻ നിയോഗിച്ചുവെന്നും കഥകൾ ഉണ്ടായിരുന്നു. ശരീരം കൊണ്ട് പുരുഷന്മാരെ വശീകരിക്കുന്നതിൽ ഏറെ മിടുക്കിയായിരുന്ന ഈ സുന്ദരിയുടെ കഥയാണ് പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി എന്ന നോവൽ. പക്ഷേ ചെമ്പകരാമനെ പിടിക്കാൻ ഇവർക്കും കഴിഞ്ഞില്ല.

പക്ഷേ മാതാഹരിയെ ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ജർമ്മനിക്കുവേണ്ടി ചാരപ്രവർത്തി നടത്തിയെന്ന് പറഞ്ഞ് ഫ്രാൻസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഫയറിങ്ങ് സ്‌ക്വാഡിനുമുന്നിൽ ഫ്ളയിങ്ങ് കിസ്സ് കൊടുത്ത തന്റെ ഒരു സ്തനം പുറത്തേക്കിട്ട് കാണിച്ചുകൊടുത്തായിരുന്നു മാതാഹരി മരണത്തെയും പരിഹസിച്ചത്. മാതാഹരിയുടെ മനം മാറ്റത്തിന് കാരണം, ഹെർ ഷെമ്പക് എന്ന ജർമ്മനിയിൽ അറിയപ്പെട്ട ഒരു യുവാവാണെന്നൊക്കെ പിന്നീട് കഥകൾ പരന്നു. ചെമ്പകരാമനെക്കുറിച്ചുള്ള ഒട്ടുമിക്ക കഥകൾക്കും എന്നപോലെ ഇതിനും സ്ഥിരീകരണം ഇല്ല.

1919ൽ ചെമ്പക് ജർമനിയിൽ തിരിച്ചെത്തി. പക്ഷേ അപ്പോഴേക്കും ഇന്ത്യൻ വിപ്ലവകാരികൾ വിഘടിക്കപ്പെട്ടിരുന്നു. തൽക്കാലം ഒരു ജർമൻ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്ത് ചെമ്പകരാമൻപിള്ള ഇന്ത്യൻ സ്വാതന്ത്യത്തിനായി ശ്രമം തുടർന്നു. 1924ൽ ഇന്ത്യൻ സ്വദേശി ഉൽപന്നങ്ങളുടെ വിദേശത്തെ ആദ്യത്തെ പ്രദർശനത്തിനു ജർമനിയിൽ നേതൃത്വം കൊടുത്തു. 1930ൽ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ബർലിൻ പ്രതിനിധിയായി.

ഒടുവിൽ ഹിറ്റ്ലർ അന്തകൻ ആവുന്നു

നേതാജി ഐഎൻഎ രൂപീകരിച്ചത് ചെമ്പകരാമൻ പിള്ളയുടെ ഐവിഎ (ഇന്ത്യൻ നാഷണൽ വൊളണ്ടറി കോർപ്സ്) എന്ന സംഘടനയെ മാതൃക ആയി സ്വീകരിച്ചായിരുന്നു. ചെമ്പകിനെ കാണുന്നതിനുവേണ്ടി സുഭാഷ് ചന്ദ്രബോസ് ബെർലിനിൽ ചെന്നതിന് ചരിത്രരേഖകളുണ്ട്. 1933ൽ സുഭാഷ് ചന്ദ്രബോസ് ഓസ്ട്രിയയിലെ വിയന്ന സന്ദർശിച്ചപ്പോൾ ചെമ്പക രാമൻപിള്ളയുടെ താവളത്തിൽ വച്ചാണ് താനദ്ദേഹത്തെ കണ്ടതെന്ന് ഭഗത് സിങ്ങിന്റെ അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായ സർദാർ അജിത് സിങ് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.

ഹിറ്റ്ലറുമായി ആദ്യം നല്ല ബന്ധത്തിലായിരുന്നു ചെമ്പകരാമൻപിള്ള. എന്നാൽ ആര്യവംശജരല്ലാത്ത ഇന്ത്യക്കാരെ ബ്രിട്ടിഷുകാർ ഭരിക്കുന്നെങ്കിൽ അത് അവരുടെ വിധിയാണെന്നു ഹിറ്റ്ലർ പറഞ്ഞതോടെ (1931 ഓഗസ്റ്റ് 10: പത്രസമ്മേളനം) രാജ്യസ്നേഹിയായ ചെമ്പകരാമൻ ഇടഞ്ഞു. അന്ന് ഹിറ്റ്ലർ വളരുന്നതേയുള്ളൂ.
ചെമ്പകരാമൻ ഹിറ്റ്ലർക്കു കത്തെഴുതി: 'നിങ്ങൾ രക്തത്തെക്കാൾ ഏറെ വെളുത്ത തൊലിക്ക് പ്രാധാന്യം നൽകുന്നു. ഞങ്ങളുടെ തൊലി കറുത്തതായിരിക്കും. പക്ഷേ, ഹൃദയം കറുത്തതല്ല.'ഹിറ്റ്ലറുടെ പരാമർശം പിൻവലിക്കണമെന്നും ക്ഷമ പറയണമെന്നും ചെമ്പകരാമൻ ആവശ്യപ്പെട്ടു. അതിനു സമയപരിധി നൽകി.

ഹിറ്റ്ലർ തന്റെ സെക്രട്ടറിയെ പിള്ളയുടെ അടുത്ത് നേരിട്ട് അയച്ച് ക്ഷമ പറഞ്ഞെങ്കിലും തന്നെ കറുത്ത ഹൃദയമുള്ളവനെന്നു വിളിച്ചതിൽ പരിഭവിച്ചു. മരിച്ചാലും ഇന്ത്യക്കാർ സത്യം പറയുമെന്ന് ചെമ്പകരാമൻപിള്ള പറഞ്ഞു. ഒടുവിൽ സമയപരിധിക്ക് ഒരു ദിവസത്തിനു ശേഷം ഹിറ്റ്ലർ തന്റെ ഓഫിസ് വഴി ഖേദം അറിയിച്ചു. അതോടെ അകൽച്ച പൂർണമായി. ഹിറ്റലറെ സംബന്ധിച്ച് ബ്രിട്ടീഷുകാർക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ കിട്ടുന്ന ഒരു ഉപാധിയെന്ന നിലയിലാണ് അദ്ദേഹം കണ്ടത്. ഇന്ത്യയോടോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോ വലിയ സങ്കല്പങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. മാത്രമല്ല ഏകാധിപതികൾക്ക് അവരെ ചോദ്യം ചെയ്യുന്നവരെ ഒട്ടും ഇഷ്ടവും അല്ലല്ലോ.

1933 ജനുവരിയിൽ ഹിറ്റ്ലർ ചാൻസലറായി. ജൂണിൽ മറ്റ് കക്ഷികളെ ഒഴിവാക്കി ഏകാധിപതിയായി. നാസികളുടെ തേർവാഴ്ച തുടങ്ങി. അവർ പിള്ളയുടെ ബർലിനിലെ വീടു കയ്യേറി.അദ്ദേഹത്തെ ക്രൂരമായി മർദിച്ചു പുറത്തിറക്കി വിട്ടു. വിഷം കൊടുത്തുവെന്നും ആരോപണമുണ്ട്. ചെമ്പകരാമൻ ഇറ്റലിയിലേക്ക് പോയി. അവിടുത്തെ ചികിൽസയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നതു കണ്ടെത്തി. നല്ല ചികിൽസയ്ക്കു സാമ്പത്തികവും ഇല്ലായിരുന്നു. ഒരു സാധാരണ നഴ്സിങ് ഹോമിൽ കിടന്ന് 1934 മെയ്‌ 28ന് അദ്ദേഹം മരിച്ചു.

ചെമ്പകരാമനെ ജർമ്മനിയിലേക്ക് കൊണ്ടുവന്ന സുഹൃത്ത് പത്മനാഭപിള്ളയുടെ ജീവിതവും ദുരന്ത പര്യവ്യസാനിയായിരുന്നു. യുദ്ധത്തിനിടയിൽ തന്നെ അദ്ദേഹം തിരുവനന്തപുരത്തു തിരിച്ചെത്തി. കൊട്ടാരം ഡോക്ടറായ ഭാര്യാപിതാവ് ശ്രമിച്ച് മ്യൂസിയം ക്യുറേറ്ററായി ജോലി കിട്ടി. എന്നാൽ രഹസ്യമായി പിള്ള രാഷ്ട്രീയചർച്ചകൾ തുടർന്നു. ഇത് ഇംഗ്ലിഷ് ചാരന്മാർ ശ്രദ്ധിച്ചിരിക്കണം. തവളകളെക്കുറിച്ചുള്ള പഠനത്തിൽ സ്വിറ്റ്സർലൻഡിലെ ബേൺസ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രബന്ധം സമർപ്പിക്കാൻ പോയ പത്മനാഭപിള്ള തിരികെ വരുമ്പോൾ ദുരൂഹമായി കാണാതായി. മുംബൈ വഴിയോ കൊച്ചി വഴിയോ വരാതെ സിംഗപ്പൂർ വഴി വന്ന പിള്ളയെ പിന്തുടർന്ന ബ്രിട്ടീഷ് ചാരന്മാർ അദ്ദേഹത്തെ വധിച്ചുവെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം കിട്ടിയില്ല. കോട്ട് മാത്രം തായ്‌ലൻഡ് തീരത്ത് അടിഞ്ഞു. സ്യൂട്ട്കെയ്സ് കൊളംബോയിൽ പോയി ബന്ധുക്കൾ വാങ്ങുകയായിരുന്നു.

ഭാര്യ മരിച്ചത് പട്ടിണി കിടന്ന്

ചെമ്പക രാമൻപിള്ള വിവാഹം കഴിച്ചത് ലക്ഷ്മീഭായി എന്ന ഇന്ത്യാക്കാരിയെയാണ്്. മഹാരാഷ്ട്രയിലെ സതാറയിലെ ഒരു അനാഥബാലികയായിരുന്നു ലക്ഷ്മീഭായ്. ഒരു റഷ്യൻ മിഷനറി റഷ്യയിലേക്കു കൊണ്ടുപോയി. റഷ്യൻ വിപ്ലവം വന്നതോടെ, വളർത്തച്ഛൻ അവളെയും കൊണ്ട് ജർമനിയിലെ ബർലിനിൽ അഭയംതേടി. അവിടെവച്ചാണു ചെമ്പകരാമൻപിള്ളയെ കാണുന്നത്. അവർ തമ്മിൽ വിവാഹം നടക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ ബന്ധം ദീർഘകാലം നീണ്ടുനിന്നില്ല. ആ സമയത്താണ് അദ്ദേഹം ഹിറ്റ്‌ലറുമായി പിണങ്ങുന്നത്. തുടർന്ന് നാസികൾ വിഷം നൽകിയ ചെമ്പക രാമൻപിള്ളയുമായി ലക്ഷ്മി ഇറ്റലിയിലേക്ക് പോകുകയും അവിടെവെച്ച് അദ്ദേഹം മരണപ്പെടുകയുമായിരുന്നു.

അദ്ദേഹത്തിന്റെ ഡയറികളും കുറിപ്പുകളും എഴുത്തുകളുമൊന്നും നഷ്ടപ്പെടാതെ ലക്ഷ്മി ഭായ് സൂക്ഷിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും നാസി ഭരണകൂടത്തിൽ നിന്നും ഭർത്താവിന്റെ ചിതാഭസ്മവും അദ്ദേഹവുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിച്ചുകൊണ്ട് ഏതാണ്ട് ഒരു വർഷക്കാലം ഇവർ യൂറോപ്പിൽ സഞ്ചരിച്ചു. രഹസ്യമായി ജീവിച്ചു. അതിനുശേഷം 1935ലാണ് അവർ ബോംബെയിലേക്ക് വരുന്ന്.

ചെമ്പകരാമൻ പിള്ളയുടെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യൻ പതാക വഹിച്ച, ആയുധങ്ങളേന്തിയ ഒരു പടക്കപ്പലിൽ മാതൃരാജ്യത്തേക്ക് വരണമെന്നുള്ളതായിരുന്നു.
ഏതാണ്ട് 32 വർഷങ്ങൾക്കുശേഷം 1966ലാണ് ചെമ്പക രാമന്റെ ആഗ്രഹം സഫലീകരിക്കുന്നത്. ഇന്ത്യൻ പതാക വഹിച്ച ഐഎൻഎസ് ഡൽഹി എന്നു പറയുന്ന ഇന്ത്യൻ പടക്കപ്പലിൽ ലക്ഷ്മി ഭായ് ചെമ്പകരാമന്റെ ചിതാഭസ്മവുമേന്തിക്കൊണ്ട് ബോംബെയിൽ നിന്നും കൊച്ചിയിൽ വന്നിറങ്ങുകയാണ്. അവിടെ നിന്നും തിരുവനന്തപുരത്തെ ചെമ്പക രാമന്റെ വീട്ടിലേക്ക് അവർ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കരമനയാറ്റിൽ ചിതാഭസ്മം ഒഴുക്കി. കുറച്ചുദിവസം ഭർതൃഗൃഹത്തിൽ താമസിച്ചശേഷം അവർ ബോംബെയിലേക്ക് തിരിച്ചുപോയി.. മൊറാർജി ദേശായിയാണ് മുംബൈയിലെ ചർച്ച് ഗേറ്റിലെ രവീന്ദ്ര മാൻഷനിൽ ഫ്ലാറ്റ് അനുവദിച്ചത്.

ഈസമയത്ത് പി.കെ രവീന്ദ്രനാഥ് എന്ന പത്രപ്രവർത്തകൻ ചെമ്പകരാമന്റെ ജീവചരിത്രം എഴുതണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ ലക്ഷ്മി ഭായിയുമായി ബന്ധപ്പെടുകയും ചെയ്തു. നിർഭാഗ്യവശാൽ അത് നടന്നില്ല. രേഖകളൊന്നും വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. വളരെ ദരിദ്രമായ സാഹചര്യത്തിലായിരുന്നു അവർ അന്ന് ബോംബെയിൽ ജീവിച്ചിരുന്നത്. ലക്ഷ്മി ഭായിയുമായി രവീന്ദ്രനാഥ് നിരന്തരം ബന്ധപ്പെടുമായിരുന്നെങ്കിലും ഒന്നുരണ്ടുവർഷങ്ങൾക്കുശേഷം ഇവർ തമ്മിലുള്ള ബന്ധങ്ങളെല്ലാം അവസാനിച്ചു. 1972ൽ ഒരു ദിവസം രാവിലെ ബോംബെയിലെ സെൻ ജോർജ് ഹോസ്പിറ്റലിൽ നിന്നും രവീന്ദ്രനാഥിന് ഒരു ഫോൺ കോൾ വന്നു. ശവശരീരം തിരിച്ചറിയുന്നതിന് താങ്കൾ ആശുപത്രി വരെ വരണം, താങ്കളുടെ നമ്പർ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ രവീന്ദ്രനാഥ് സെന്റ് ജോർജ് ആശുപത്രിയിൽ ചെല്ലുമ്പോൾ തിരിച്ചറിയാൻ കഴിയാത്ത ചുക്കിച്ചുളിഞ്ഞ ശവശരീരം അവിടെ മോർച്ചറിയിൽ കണ്ടു. ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു, അത് ലക്ഷ്മി ഭായിയുടേതായിരുന്നു. അവരുടെ മരണകാരണമായി എഴുതിയിരുന്നത് പട്ടിണിയായിരുന്നു!

ആ സമയത്തും അവരുടെ അരഞ്ഞാണത്തിൽ ഒരുകൂട്ടം താക്കോലുണ്ടായിരുന്നു. ആ താക്കോൽകൂട്ടം ഉപയോഗിച്ച് അവരുടെ പെട്ടി തുറന്നപ്പോൾ നാസി ഭരണത്തിൽ നിന്ന്, ബ്രിട്ടീഷുകാരിൽ നിന്ന് ഇവർ സൂക്ഷിച്ചിരുന്ന, ഭർത്താവിന്റെ പ്രവർത്തനങ്ങളും ചിന്തകളും അടങ്ങിയ രേഖകളായിരുന്നു അതിൽ. ഇത് പിന്നീട് നാഷണൽ ആർക്കെയ്വ്‌സിലേക്ക് മാറ്റുകയും ചെയ്തു.

നോക്കുക, ഇന്നും നാം ചെമ്പകരാമൻ പിള്ളയെ മറയത്തല്ലേ നിർത്തിയിരിക്കുന്നത്. ഒരു ഉചിതമായ സ്മാരകം പോലും അദ്ദേഹത്തിന്റെ പേരിൽ കേരളത്തിലുണ്ടോ?

വാൽക്കഷ്ണം: എംഡൻ കപ്പൽ വന്നു വെടി ഉതിർത്ത മദിരാശിയിലെ മറീന കടപ്പുറത്ത്, തമിഴ്‌നാട് സർക്കാർ ചെമ്പകരാമൻ പിള്ളക്ക് പൂർണ്ണകായ പ്രതിമ ഒരുക്കി സ്മാരകം തീർത്തിട്ടുണ്ട്. പക്ഷെ, നാം മലയാളികൾ ആ ധീര ദേശാഭിമാനിയെ പൂർണ്ണമായും മറന്നു. ചെമ്പകരാമന്റെ വീട് നിന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന, ഇംഗ്ലണ്ടിലെ വിക്ടോറിയാ രാജ്ഞിയുടെ പേരിൽ അറിയപ്പെട്ടിന്ന വി.ജെ.ടി (വിക്ടോറിയ ജൂബിലി ടൗൺ ഹാളിന്റെ പേരു മാറ്റി 'ചെമ്പകരാമൻ പിള്ള ടൗൺ ഹാൾ' എന്നാക്കി മാറ്റാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും ആരാധകരും ഏറെ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല. വി.ജെ.ടി ഹാൾ അയ്യങ്കാളി ഹാൾ ആയി. ചെമ്പകരാമൻ ഒരു പ്രതിമയെപോലുമില്ലാതെ കേരളത്തിൽ തമസ്‌ക്കരിക്കപ്പെടുന്നു.

റഫറൻസ്:

ഡോ. ചെമ്പകരാമൻ പിള്ള- പുസ്തകം- കെ .കൊച്ചുകൃഷ്ണൻ നാടാർ

ലേഖനങ്ങൾ- ജി.ആർ ഇന്ദഗോപൻ, ജോൺപോൾ. ഡോ .എം വി തോമസ്,

സജി മാർക്കോസ്- പ്രഭാഷണം.

കുറിപ്പുകൾ- ചരിത്രാന്വേഷികൾ ഫേസ്‌ബുക്ക് കൂട്ടായ്മ.