ന്ത്യയിലെ വിദ്യാഭ്യാസ നിലവാരം പ്രതീക്ഷാ നിർഭരമായി മാറുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ലോകത്തെ ഏറ്റവും മികച്ച 200 യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ ആദ്യമായി ഇന്ത്യയിൽനിന്നുള്ള രണ്ട് സ്ഥാപനങ്ങൾ ഇടം പിടിച്ചു. ബംഗളൂരിവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഡൽഹി ഐഐടിയുമാണ് ഇന്ത്യയ്ക്ക് അഭിമാനമുയർത്തിയ സ്ഥാപനങ്ങൾ.

ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് പട്ടികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 147-ാം സ്ഥാനത്താണ്. ഡൽഹി ഐഐടി 179-ാം സ്ഥാനത്തും. ആഗോളാടിസ്ഥാനത്തിലുള്ള 400 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 14 ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എന്നാൽ, ഡൽഹി യൂണിവേഴ്‌സിറ്റിയും മുംബൈ യൂണിവേഴ്‌സിറ്റിയും പട്ടികയില്ല എന്നതാണ് നിരാശാജനകമായ വസ്തുത.

മസാച്ചുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. ഹാർവാഡ് സർവകലാശാലയെ പിന്തള്ളിയാണ് എം.ഐ.ടി ഒന്നാമതെത്തിയത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റിയും മൂന്നാം സ്ഥാനം പങ്കിടുന്നു. ആദ്യ അമ്പതിൽ നാല് സ്ഥാപനങ്ങൾ ലണ്ടനിൽനിന്നുള്ളവയാണ്. ന്യുയോർക്കിൽനിന്നും ബോസ്റ്റണിൽനിന്നുമുള്ള മൂന്ന് സ്ഥാപനങ്ങൾ വീതവും ഹോങ്കോങ്, ബെയ്ജിങ്, പാരിസ്, സിഡ്‌നി എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് സ്ഥാപനങ്ങൾ വീതവും ആദ്യ അമ്പതിലുണ്ട്.

പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളതിൽ ഏറെയും അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നുമുള്ള സ്ഥാപനങ്ങളാണ്. അമേരിക്കയിൽനിന്നുള്ള 49 സ്ഥാപനങ്ങൾ ഉള്ളപ്പോൾ, ബ്രിട്ടനിൽനിന്ന് 30 സ്ഥാപനങ്ങളുണ്ട്. നെതർലൻഡ്‌സ് (12), ജർമനി (11), കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ (9), ചൈന (7), ഫ്രാൻസ്, സ്വീഡൻ, ഹോങ്കോങ് (5) എന്നിവയാണ് ആദ്യ 200-ൽ കൂടുതൽ സ്ഥാപനങ്ങളുള്ള രാജ്യങ്ങൾ.

കൂടുതൽ വിദേശ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ ഇന്ത്യയ്ക്ക് വിദേശ സ്ഥാപനങ്ങളുമായി മത്സരിക്കാനുള്ള സാഹചര്യം തെളിഞ്ഞു കിട്ടുകയുള്ളൂവെന്ന് ക്യുഎസ് റാങ്കിങ്‌സ് വ്യക്തമാക്കുന്നു. ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യയെക്കാൾ മികച്ചവയാകുന്നത് ആ നിലയ്ക്കാണ്. പ്രാദേശികമായ ആവശ്യങ്ങളെ മാത്രമാണ് ഇന്ത്യൻ സ്ഥാപനങ്ങൾ തൃപ്തിപ്പെടുത്തുന്നതെന്നും മറിച്ച് അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പട്ടിക ഓർമിപ്പിക്കുന്നു.