ചെന്നൈ: വാർത്താവിനിമയമേഖലയ്ക്ക് പുതിയ കുതിപ്പ് പകർന്നുകൊണ്ട് ജി സാറ്റ് 6 ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്ന് വൈകീട്ട് 4.52 നാണ് ഉപഗ്രഹവും വഹിച്ച് ജിഎസ്എൽവി. ഡി 6 കുതിച്ചുയർന്നത്.

ഐഎസ്ആർഒയുടെ 25 ാം ഭൂസ്ഥിര ഉപഗ്രഹമാണ് ജിസാറ്റ്6. ആറുമീറ്റർ വ്യാസമുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ മുഖ്യസവിശേഷത. എസ് ബാൻഡിൽ 5 സ്‌പോട്ട് ബീമുകളിലും സി ബാൻഡിൽ ഒരു നാഷണൽ ബീമിലുമാണ് ജി സാറ്റ്6 ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കുക. ഒമ്പതുവർഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ്.

ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത്തെ വിക്ഷേപണമായിരുന്നു ഇത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രയോജനിക് എൻജിനിൽ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിച്ചത്. അന്തിമഘട്ടത്തിൽ ക്രയോജനിക് എൻജിൻ ഉപയോഗിക്കുന്ന ജിഎസ്എൽവി.യുടെ മൂന്നാമത്തെ കുതിപ്പുകൂടിയാണിത്.

രണ്ടായിരം കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് ജിഎസ്എൽവി. പ്രയോജനപ്പെടുത്തുന്നത്. വിക്ഷേപണത്തിനായി 29 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ ബുധനാഴ്ച രാവിലെ 11.52ന് തുടങ്ങിയിരുന്നു.

സംപ്രേഷണമേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിന്റെ ഭാഗമായുള്ള വിക്ഷേപണമാണിതെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. 2117 കിലോയാണ് ജി സാറ്റ്ആറിന്റെ ഭാരം. എസ് ബാന്റിലുള്ള ഏറ്റവും വിടർന്ന ആന്റിന എന്നതാണ് ജി സാറ്റ് 6 ന്റെ ഏറ്റവും വലിയ പ്രത്യേകത. ഐഎസ്ആർഒ ഇതുവരെ വികസിപ്പച്ചെടുത്തതിൽ ഏറ്റവും വലിയ ആന്റിന കൂടിയാണിത്.

ലോകത്തിന്റെ ഏത് കോണിലിരുന്നും ഏറ്റവും ചെറിയ വിവരസാങ്കേതിക ഉപകരണം വഴിയും വാർത്താവിനിമയം സാധ്യമാകും എന്നതാണ് ഈ ആന്റിനയുടെ ഏറ്റവും വലിയ പ്രത്യേകത. 250 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ ചെലവ്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ