ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസിന്റെ വജയകരമായ വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒ ഇന്ന് വെളുപ്പിന് ജിസാറ്റ് 11 എന്ന നിർണായകമായ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചുവെന്ന് റിപ്പോർട്ട്. ആറ് ദിവസത്തെ ഇടവേളയ്ക്കിടയിലാണ് ഈ നേട്ടങ്ങൾ ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രമാണ് ജിസാറ്റ് 11 എന്ന പ്രത്യേകതയുണ്ട്. ഇതിന്റെ തൂക്കം 6000ത്തോളം കിലോയാണ്. ഇന്ത്യയിലെ ഇന്റർനെറ്റിന്റെ വേഗത പതിന്മടങ്ങായി ഉയർത്താൻ ശേഷിയുള്ള ഉപഗ്രമാണിത്. ഇതോടെ ബഹിരാകാശ ഗവേഷണകാര്യത്തിൽ ഇന്ത്യയെ വെല്ലാൻ അമേരിക്ക പോലും മടിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ സ്പേസ്പോർട്ടിൽ നിന്നാണീ ഉപഗ്രഹം ഇന്ന് പുലർച്ചെ 2.07 മണിക്ക് വിക്ഷേപിച്ചിരിക്കുന്നത്. ഏരിയൻസ്പേസിന്റെ ഏരിയൻ -5 റോക്കറ്റ് മുഖാന്തിരമായ് ജിസാറ്റ് 11ന് വിക്ഷേപിച്ചത്.ഇതിന് പുറമെ സൗത്തുകൊറിയൻ ജിയോ സാറ്റലൈറ്റായ ജിയോ-കോംപ്സാറ്റ് 2 എയെയും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. വിക്ഷേപണത്തിന് 29 മിനുറ്റുകൾക്ക് ശേഷം ജിസാറ്റ് 11 റോക്കറ്റിൽ നിന്നും വേർപെടുത്താനും തുടർന്ന് അതിനെ ജിയോ-ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കാനും സാധിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എന്നാൽ കൊറിയൻ സാറ്റലൈറ്റ് 33 മിനുറ്റുകൾക്ക് ശേഷമാണ് റോക്കറ്റിൽ നിന്നും വേർപെട്ടത്.

ജിസാറ്റ് 11 എന്നത് ഒരു ഹൈ-ത്രൂപുട്ട് സാറ്റലൈറ്റാണ്. ഇത് കു-ബാൻഡ്, കാ-ബാൻഡ് ഫ്രീക്വൻസികളിലുള്ള 40 ട്രാൻസ്പോണ്ടറുകളെയാണ് ഈ ഉപഗ്രഹം വഹിക്കുന്നത്. ഉയർന്ന ബാൻഡ് വിഡ്ത്ത് കണക്ടിവിറ്റിയെ പ്രദാനം ചെയ്യാൻ സാധിക്കുന്ന ഉപഗ്രഹമാണിത്. ഇതിലൂടെ ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 14 ജിഗാബിറ്റ് (ജിബിപിഎസ് ) ഡാറ്റ ട്രാൻസ്ഫർ സ്പീഡ് ആക്കി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. 15 വർഷത്തിലധികമായിരിക്കും ഈ ഉപഗ്രഹത്തിന്റെ ആയുസ്.35,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസ്റ്റേഷനറി ഓർബിറ്റിലേക്കാണ് ജിസാറ്റ് 11 വിക്ഷേപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഗ്രാമീണ മേഖലയെ ഡിജിറ്റൽ വൽക്കരിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ ഉപഗ്രഹം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. തൽഫലമായി ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സേവനം ഇനി കൂടുതൽ വേഗത്തിലും ഫലപ്രദമായും ലഭിക്കുന്നതായിരിക്കും. 500 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന ജി സാറ്റ് 11ന് ഒറ്റമുറിയുള്ള ഒരു വീടിന്റെ വലുപ്പമാണുള്ളത്. നാല് മീറ്റർ നീളമുള്ള നാല് സോളാൽ പാനലുകളാണ് പേടകത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം പകരുന്നത്. ഇതുവരെ ഐഎസ്ആർഒ നിർമ്മിച്ച എല്ലാ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും ശേഷിക്ക് തുല്യമാണ് ജിസാറ്റ് 11. മുപ്പത് ക്ലാസിക്കൽ ഓർബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാകും ഈ സ്പേസ് ക്രാഫ്റ്റിന്റെ പ്രവർത്തനമെന്നും റിപ്പോർട്ടുണ്ട്.

ജിസാറ്റ് 11ന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം അരിയാനെസ്പേസ് ചീഫ് എക്സിക്യൂട്ടീവായ സ്റ്റെഫാൻ ഇസ്രയേൽ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനെയും ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കിുന്ന യു ആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടറായ പി കുഞ്ഞി കൃഷ്ണനെയും അഭിനന്ദിച്ചിരുന്നു. ജി സാറ്റ് 11 വിക്ഷേപിക്കുന്നതിന് സാക്ഷ്യം വഹിച്ച് ഇരുവരും അരിയാനെസ്പേസ് കൺട്രോൾ റൂമിൽ നിലകൊണ്ടിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ഹൈപെർപെക്ടറൽ ഇമേജിങ് സാറ്റലൈറ്റായ ഹൈസിസിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ആറ് ദിവസത്തിനുള്ളിൽ തന്നെ മഹത്തായ മറ്റൊരു വിജയം നേടാൻ സാധിച്ചിരിക്കുന്നുവെന്നാണ് അരിയാനെ സ്പേസിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് കെ. ശിവൻ പ്രതികരിച്ചിരിക്കുന്നത്.