ജൊഹാനസ്ബർഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതോടെ അടുത്ത മാസം തുടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനവും അനിശ്ചിതത്വത്തിൽ. രണ്ട് ടെസ്റ്റുകൾക്ക് വേദിയാവുന്ന് ജൊഹാനസ്ബർഗും, പ്രിട്ടോറിയയും അതിതീവ്ര രോഗവ്യാപനത്തിന്റെ പിടിയിലാണ്. ദക്ഷിണാഫ്രിക്ക വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്.

നിരവധിതവണ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയിരുന്നു. നവംബർ ആദ്യം മുതൽ കോവിഡ് കേസുകളിൽ പത്തിരട്ടി വർധനയാണ് രേഖപ്പെടുത്തിയത്.

മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന സമ്പൂർണ പരമ്പരക്കായി അടുത്ത മാസമാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുന്നത്. ജനുവരി അവസാനം വരെ നീളുന്നതാണ് പരമ്പര. ദക്ഷിണാഫ്രിക്കയുടെ വടക്കൻ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് കേന്ദ്ര സർക്കാരിന്റെ കൂടി നിലപാട് അറിഞ്ഞശേഷമെ പര്യടനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് ബിസിസിഐ നിലപാട്.

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്കും യാത്രക്കാർക്കും നിരോധനം ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയൻ, ജർമനി, ഇറ്റലി, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന നെതർലൻഡ്‌സ് ക്രിക്കറ്റ് ടീം ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ എ ടീമും നിലവിൽ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നുണ്ട്. ടെസ്റ്റ് പരമ്പരക്കായി അടുത്ത മാസം എട്ടിനോ ഒമ്പതിനോ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സാഹചര്യങ്ങൾ പരിഗണിച്ച് മാത്രമെ അന്തിമ തീരുമാനം എടുക്കു. 2020ൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനമാണ് കോവിഡ് ഭീതി മൂലം ഉപേക്ഷിച്ച ആദ്യ ക്രിക്കറ്റ് പരമ്പര.