ന്യൂഡൽഹി: ചൈനയെയും പാക്കിസ്ഥാനെയും ഒരുമിച്ച് കൊണ്ടുവന്നത് കേന്ദ്ര സർക്കാരിന്റെ നയതന്ത്രത്തിലെ പിഴവാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനിടെ ചൈനയ്ക്ക് എതിരെ നയതന്ത്രതലത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. ബീജിംഗിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനത്തിൽ നിന്നും സമാപനത്തിൽ നിന്നും ഇന്ത്യൻ നയതന്ത്രപ്രതിനിധി വിട്ടു നില്ക്കും. ഗൽവാനിലെ ചൈനീസ് നീക്കത്തിന് നേതൃത്വം നല്കിയ ക്വി ഫാബോയെ ദീപശിഖവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. ചൈന ഒളിംപിക്‌സിനെ രാഷ്ട്രീയവൽക്കരിച്ചു എന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

അതിർത്തിയിലെ സേനാ പിന്മാറ്റത്തിൽ ഒരു പുരോഗതിയും ഇല്ലാത്തപ്പോഴാണ് ഇന്ത്യ നിലപാട് കടുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയും പാക്കിസ്ഥാനും ഒന്നിച്ചു വരാനുള്ള സാഹചര്യം ഒരുക്കിയത് അബദ്ധമെന്ന് രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിൽ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ചൈനയ്ക്ക് എതിരെ നയതന്ത്രതലത്തിൽ കേന്ദ്രം കർക്കശ നിലപാടെടുക്കുന്നത് രാഹുലിനുള്ള രാഷ്ട്രീയ സന്ദേശം കൂടിയാണെന്ന് ഇതിനകം ചർച്ചകൾ ഉയർന്നുകഴിഞ്ഞു.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്‌വർ സിങ് രംഗത്തെത്തിയിരുന്നു. രാഹുൽ പറഞ്ഞത് പൂർണമായും ശരിയല്ലെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും എഴുന്നേറ്റില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു നടവർ സിങ് പറഞ്ഞത്.

1960 മുതൽ ചൈനയും പാക്കിസ്ഥാനും അടുത്ത സഖ്യകക്ഷികളാണ്. കാശ്മീർ വിഷയം രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛന്റെ കാലത്ത് തന്നെ യുഎന്നിൽ എത്തിയതാണെന്നും അക്കാലത്താണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം രാഹുലിനെ ഓർമിപ്പിച്ചു. 'ഇപ്പോൾ, ഇന്ത്യ ഒറ്റപ്പെട്ടിട്ടില്ല, നമുക്ക് നമ്മുടെ അയൽക്കാരുമായി നല്ല ബന്ധമാണുള്ളത്. വിദേശനയം പരാജയമല്ല. തന്റെ ജീവിതകാലം മുഴുവൻ വിദേശനയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത ഒരു വിദേശകാര്യമന്ത്രി നമുക്കുണ്ട്.' നട്വർ സിങ് പറഞ്ഞു.

2020 ജൂണിലാണ് 20 ഇന്ത്യൻ സൈനികർ ഗൽവാനിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. അന്ന് കടന്നുകയറ്റത്തിനുള്ള ചൈനീസ് നീക്കത്തിന് നേതൃത്വം നല്കിയത് പിഎൽഎ റജിമെന്റൽ കമാൻഡറായിരുന്ന ക്വി ഫാബോയാണ്. ഇന്ത്യൻ സേനയുടെ ചെറുത്തുനില്പിൽ പരിക്കേറ്റ ക്വി ഫാബോയ്ക്ക് ചൈന സൈനിക ബഹുമതി നല്കിയിരുന്നു. വെള്ളിയാഴ്ച ബീജിംഗിൽ തുടങ്ങുന്ന ശീതകാല ഒളിംപിക്‌സിന്റെ 1200 ദീപശിഖവാഹകരിൽ ഒരാളായാണ് ക്വി ഫാബോയെ ഉൾപ്പെടുത്തിയത്. ചൈന ഒളിംപിക്‌സിനെ രാഷ്ട്രീവത്ക്കരിച്ചത് ഖേദകരമെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ബീജിങ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് 2022ലെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പങ്കെടുക്കില്ല വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സിൻജിയാങ് മിലിട്ടറി റെജിമെന്റൽ കമാൻഡറാണ് ക്വി ഫബാവോ. 2020 ജൂൺ 15 ന് ഗാൽവാലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഫബാവോ നാലുതവണ ഒളിമ്പിക്സ് സ്വർണം നേടിയ ചൈനയുടെ വാങ് മെങ്ങിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയാണ് ചടങ്ങിന് നേതൃത്വം നൽകുക. ഗ്ലോബൽ ടൈംസാണ് ഈ വാർത്ത പുറത്തുവിട്ടത്.

അതേ സമയം ഇന്ത്യ ഒളിംപിക്‌സിൽ നിന്ന് വിട്ടുനില്ക്കില്ല. ജമ്മുകശ്മീരിൽ നിന്നുള്ള സ്‌കീയിങ് താരം ആരിഫ് ഖാൻ ഗെയിംസിലെ രണ്ടിനങ്ങളിൽ പങ്കെടുക്കും. എന്നാൽ ഉദ്ഘാടനവും സമാപനവും ബഹിഷ്‌ക്കരിച്ചു കൊണ്ട് നയതന്ത്രതലത്തിൽ ഇന്ത്യ ചൈനക്കെതിരായ നിലപാട് ശക്തമാക്കുകയാണ്.

ക്വി ഫബാവോ ദീപശിഖയേന്തുന്ന വാർത്ത പുറത്തായതോടെ അമേരിക്കയും ചൈനയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. വളരെ മോശം തീരുമാനം എന്നാണ് അമേരിക്ക ഇതിനോട് പ്രതികരിച്ചത്.

ഗൽവാൻ സംഘർഷത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാബോക്ക് ചൈനയിൽ ഹീറോ പരിവേഷം ലഭിച്ചിരുന്നുവെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 2020ൽ ലഡാക്കിലെ ഗൽവാനിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനീസ് കമാൻഡറായ ക്വി ഫാബോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ചൈനയുടെ ഭാഗത്ത് കൂടുതൽ ആൾനാശമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 38 ചൈനീസ് സൈനികരെങ്കിലും സംഘർഷത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ട്