ഇസ്ലാമബാദ്: പാക് മണ്ണിൽ ഭീകരവാദം വളർത്തുക തങ്ങളുടെ താൽപര്യമല്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുതിയ സർക്കാർ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുരാജ്യങ്ങളിൽ തീവ്രവാദി പ്രവർത്തനങ്ങൾ നടത്താൻ സ്വന്തം മണ്ണ് ഉപയോഗിക്കുന്നതിൽ പാക്കിസ്ഥാൻകാർക്ക് താൽപര്യമില്ല. ജനങ്ങൾ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു. ഏതുവിഷയത്തിലും ഇന്ത്യയുമായി ചർച്ചായാവാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും സംസാരിക്കാനും തനിക്ക് സന്തോഷമേയുള്ളു ഇമ്രാൻ പറഞ്ഞു.

കഴിഞ്ഞ കാലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തനിക്കാവില്ല. കൊടും കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ദാവൂദ് ഇബ്രാഹിനെക്കുറിച്ചുള്ള ചോദ്യത്തിനു ഇമ്രാൻ മറുപടി പറഞ്ഞു. പാക്കിസ്ഥാൻ വിട്ടുതരണമെന്ന് ആവശ്യപ്പെടുന്ന കുറ്റവാളികൾ ഇന്ത്യയിലുമുണ്ട്. നമുക്ക് ഭൂതകാലത്തിൽ ജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങൾ മാത്രം നിലനില്ക്കില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വരെ തങ്ങൾ കാത്തിരിക്കാം. പക്ഷെ അതിന് ശേഷം ഇന്ത്യ തീർച്ചയായും പ്രതികരിക്കണമെന്നും ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സെയ്ദ് പാക് മണ്ണിൽ സ്വതന്ത്രനായി വിഹരിക്കുന്നതു സംബന്ധിച്ച ചോദ്യത്തിനും ഇമ്രാൻ മറുപടി പറഞ്ഞു. ഹാഫിസ് സയിദിനെതിരെ യുഎൻ ഉപരോധമുണ്ട്. അത് ഇപ്പോഴും അദ്ദേഹത്തിനുമേലുണ്ട്. എന്നാൽ ഈ വിഷയങ്ങളൊക്കെ കൈമാറി തന്നിലേക്കു വന്നുചേർന്നതാണെന്നും ഇമ്രാൻ പറഞ്ഞു.