ദാറു സലാം: ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി ടാൻസാനിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടാൻസാനിയൻ പ്രസിഡന്റ് പോംബെയുമായി ചേർന്ന് പരമ്പരാഗതമായ ആഫ്രിക്കൻ ഡ്രംസ് കൊട്ടി. ഔപചാരിക സ്വീകരണത്തിനിടെയാണ് മോദിയുടെ ട്രംസ് വായന. വമ്പൻ സ്വീകരണമാണ് ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയെ മോദിക്ക് ടാൻസാനിയ നൽകിയത്. ദാറസലാം വിമാനത്താവളത്തിലെത്തിയ മോദിയെ പ്രസിഡന്റ് ജോൺ മഗ്ഫുലിയും പ്രധാനമന്ത്രി കാസിം മജാലിവയും ചേർന്നാണ് സ്വീകരിച്ചത്. വാദ്യ പ്രകടനത്തോടെ ടാൻസാനിയയുടെ ഹൃദയം കവർന്നാണ് മോദി മടങ്ങിയത്.

ടാൻസാനിയൻ പ്രസിഡന്റ് ജോൺ പോംബെ ജോസഫ് മാഗുഫലിയ്‌ക്കൊപ്പമാണ് താൻസാനിയയിലെ പരമ്പരാഗത ചെണ്ടവാദ്യത്തിൽ താളമിട്ടു മോദി കാഴ്‌ച്ചക്കാരുടെ മനം കവർന്നത്. ടാൻസാനിയൻ സന്ദർശനത്തിനെത്തിയ മോദിക്ക് നൽകിയ ആചാരപരമായ സ്വീകരണത്തിനിടയ്ക്കാണ് ഇരുനേതാക്കളും തടികൊണ്ടുള്ള ചെണ്ടയിൽ ഒരു മിനിട്ടോളം താളം മുഴക്കിയത്. ഒന്നു കൊട്ടിത്തുടങ്ങിയശേഷം നിർത്തിയ ടാൻസാനിയൻ പ്രസിഡന്റ്, മോദി നിർത്താൻ ഉദ്ദേശമില്ലെന്നു കണ്ടതോടെ തുടർന്നും ചെണ്ട കൊട്ടുകയായിരുന്നു. 2014ൽ ജപ്പാൻ സന്ദർശനവേളയിൽ ജാപ്പനീസ് താളവാദ്യകലാകാരന്മാർക്കൊപ്പം ജുഗൽബന്ദിയിൽ ചെണ്ട കൊട്ടി മോദി തന്റെ പ്രാഗത്ഭ്യം തെളിയിച്ചതാണ്. ഇത് ടാൻസാനിയയിലും തുടർന്നു.

അതിനിടെ മോദി ടാൻസാനിയയ്ക്ക് സഹായമായി 92 മില്യൺ ഡോളർ കടം നൽകുമെന്ന് പ്രഖ്യാപിച്ചു. നരേന്ദ്ര മോദിയും ടാൻസാനിയൻ പ്രസിഡന്റ് ജോൺ പോംബെ ജോസഫ് മാഗുഫുലിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സൻസിബാറിലെ കുടിവെള്ള പദ്ധതിയുടെ വികസനത്തിനായി ഈ തുക ഉപയോഗിക്കും. ഇതോടൊപ്പം പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഭീകരവാദത്തിനെതിരെയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും ഇരു രാജ്യങ്ങളും പ്രവർത്തിക്കും.ടാൻസാനിയയുടെ 'വിശ്വസ്തനായ പങ്കാളി ' എന്നാണ് മോദിയുമായുള്ള സന്ദർശന വേളയിൽ പ്രസിഡന്റ് ജോൺ പോംബെ ഇന്ത്യയെ വിശേഷിപ്പിച്ചത്. പ്രാദേശിക, ആഗോള തലങ്ങളിൽ ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള വിഷയങ്ങളിൽ സഹകരണം തുടരുമെന്ന് മോദിയും പോംബെയും കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടാൻസാനിയയുടെ ആവശ്യങ്ങൾക്കും പ്രാധാന്യങ്ങൾക്കും അനുസരിച്ചായിരിക്കും ഇന്ത്യയുടെ സഹകരണമെന്ന് മോദി പറഞ്ഞു.

സൻസിബാറിൽ വി.എച്ച്.സി ട്രെയിനിങ് സെന്റർ തുടങ്ങാനും നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഒഴിവാക്കി നൽകുന്നതിനുമുള്ള ധാരണാപത്രങ്ങളിൽ ഇരു നേതാക്കളും ഒപ്പുവച്ചു. ഇന്ത്യയിലെ ചെറുകിട വ്യവസായ കോർപറേഷനും ടാൻസാനിയയിലെ ചെറുകിട വ്യവസായ കോർപറേഷനും തമ്മിലുള്ള സഹകരണത്തിനും ധാരണയായിട്ടുണ്ട്. ടാൻസാനിയയിലെ 17 പട്ടണങ്ങളിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിനായി 500 മില്യൺ ഡോളർ കൂടി ഇന്ത്യ അധികമായി നൽകുമെന്ന് മോദി പറഞ്ഞു. ടാൻസാനിയയ്ക്ക് ഇന്ത്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകുമെന്നും ബുഗൻഡോയിലെ മെഡിക്കൽ സെന്ററിൽ കാൻസർ രോഗികൾക്കായി റേഡിയോ തെറാപ്പി യന്ത്രം സ്ഥാപിക്കുമെന്നും മോദി പറഞ്ഞു.

കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും സഹകരണം ശക്തമാക്കും. ടാൻസാനിയയിൽ നിന്ന് ഇന്ത്യയിലേക്ക് പയറു വർഗങ്ങൾ ഇറക്കുമതി ചെയ്യാനും ധാരണയായി. പ്രകൃതിവാതകം വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും സഹകരിക്കും.