കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് പുതിയ ധാരണയിലെത്തിയതായി റിപ്പോർട്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഇടനിലക്കാരെ ഒഴിവാക്കി നഴ്‌സുമാരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്യുമെന്നാണ് പുതിയ കരാറിലുള്ളത്. യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ എംഒഎച്ച് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡിസംബറിൽ കേരളം സന്ദർശിക്കും.

നഴ്‌സിങ് ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള മുഴുവൻ ചെലവുകളും തൊഴിൽദാതാവ് വഹിക്കണമെന്ന നിബന്ധനയിൽ കേന്ദ്രഗവൺമെന്റ് ഇളവു വരുത്തിയതോടെയാണ് കരാർ അംഗീകരിക്കാൻ കുവൈത്ത് തയ്യാറായത് . കരാർ പ്രകാരം കുവൈത്തിലേക്കു ആവശ്യമായ ഇന്ത്യൻ നഴ്‌സുമാരെ ആരോഗ്യ മന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്യും . നോർക്ക , ODEPEC, തമിഴ്‌നാട് ഓവർസീസ് മാൻ പവർ കോർപറേഷൻ എന്നീ സംസ്ഥാന ഏജൻസികളുടെ ഡാറ്റാ ബേസ് പ്രയോജനപ്പെടുത്തിയാകും യോഗ്യരായ ഉദ്യോഗാർതികളെ കണ്ടെത്തുക.

അടുത്ത ഒരു വർഷത്തിനുള്ളിൽ 3000 ഇന്ത്യൻ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതി . നഴ്‌സുമാരുടെ സെലക്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഡോ.മുഹമ്മദ് അബ്ദുൽ ഹാദിയുടെ നേതൃത്വത്തിൽ ഒരു സംഘം ഡിസംബറിൽ കേരത്തിലെത്തും .
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ വിമാന ടിക്കറ്റ് , വിസ, ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ ആരോഗ്യ മന്ത്രാലയം വഹിക്കും . അതെ സമയം ഇന്ത്യയിൽ 20,000 രൂപ റിക്രൂട്ടിങ് ഫീസായി ഉദ്യോഗാർഥി അടയ്‌ക്കേണ്ടി വരും.