ന്യൂഡൽഹി: നാളെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും ഇന്ത്യയെന്ന് സ്വപ്‌നം കാണുന്നവർ ഏറെയാണ്. എന്നാൽ, അതിസമ്പന്നർമാർ അതിവേഗം കാശുണ്ടാക്കുമ്പോൾ തന്നെ ദരിദ്ര്യരുടെ എണ്ണത്തിൽ യാതാരു കുറവുമില്ല താനും. എന്തായലും ലോകത്തിന്റെ സമ്പത്തിന്റെ അളവ് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ലോകത്തെ അതിസമ്പന്ന രാജ്യമായി ഇന്ത്യ അതിവേഗം വളരുന്നു എന്നാണ്. ലോകത്തെ സമ്പത്തിന്റെ അവളു കോലിൽ ആറാ സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യയുടെ മൊത്തം സമ്പത്ത് 8.23 ലക്ഷം കോടി യുഎസ് ഡോളർ 55,95,16,55,00,00,000 രൂപ. ആഫ്രേഷ്യ ബാങ്ക് ഗ്ലോബൽ വെൽത്ത് മൈഗ്രേഷൻ റിവ്യൂ പ്രകാരം സമ്പന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. റിപ്പോർട്ട് പ്രകാരം 62.584 ലക്ഷം കോടി ഡോളറിന്റെ സമ്പത്തുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 24.803 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. മുന്നാമതെത്തിയ ജപ്പാന് 19.522 ലക്ഷം കോടി ഡോളിന്റെ സമ്പത്താണുള്ളത്.

മറ്റ് രാജ്യങ്ങളുടെ സമ്പത്തിന്റെ കണക്ക് ഇങ്ങനെ: ഇങ്ങനെ (തുക യുഎസ് ഡോളറിൽ): 1. യുഎസ് 62.58 ലക്ഷം കോടി ബില്യൻ 2. ചൈന 24.80 ലക്ഷം കോടി 3. ജപ്പാൻ 19.52 ലക്ഷം കോടി 4. ബ്രിട്ടൻ 9.92 ലക്ഷം കോടി 5. ജർമനി 9.67 ലക്ഷം കോടി 6. ഇന്ത്യ 8.23 ലക്ഷം കോടി 7. ഫ്രാൻസ് 6.65 ലക്ഷം കോടി 8. കാനഡ 6.40 ലക്ഷം കോടി 9. ഓസ്‌ട്രേലിയ 6.14 ലക്ഷം കോടി 10. ഇറ്റലി 4.28 ലക്ഷം കോടി.

ഓരോ രാജ്യത്തെയും വ്യക്തികളുടെ മുഴുവൻ ആസ്തികളും കണക്കാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ വസ്തുവകകൾ, പണം, നിക്ഷേപങ്ങൾ, വ്യവസായങ്ങൾ എന്നിവ ഉൾപ്പെടും. എന്നാൽ സർക്കാർ ഫണ്ടുകളെ കണക്കിൽ പെടുത്തിയിട്ടില്ല. വലിയ രാജ്യങ്ങൾക്ക് ജനസംഘ്യാനുപാതികമായ നേട്ടം ഉണ്ടാകാമെന്നതിനാലാണ് അങ്ങനെ ചെയ്തിരിക്കുന്നത്.

സമ്പന്ന രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യയെ കൂടാതെ ബ്രിട്ടൺ, ജർമനി, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുമുണ്ട്. സംരംഭകരുടെ എണ്ണത്തിലുണ്ടായ വർധനവ്,മികച്ച് വിദ്യാഭ്യാസ സംവിധാനം, വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, മാധ്യമ മേഖല, വിദേശങ്ങളിൽ നിന്ന് വലിയ തോതിൽ പുറം ജോലികൾ ലഭിക്കുന്നത് തുടങ്ങിയവയാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് കാരണം.

കഴിഞ്ഞ 10 വർഷത്തിനിടെ 200 ശതമാനം വളർച്ചയാണ് ഇന്ത്യയുടെ സമ്പത്തിൽ ഉണ്ടായിട്ടുള്ളത്. അടുത്ത പത്തുവർഷത്തിനകം ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2027 ആകുമ്പോഴക്കേും ചൈനയുടെ സമ്പത്തിൽ വലിയ വളർച്ചയുണ്ടാകുമെന്നും 69.449 ലക്ഷം കോടി ഡോളർ എന്ന നിലയിലേക്ക് ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അമേരിക്ക തന്നെയാകും അപ്പോഴും ഒന്നാം സ്ഥാനത്ത്. സമ്പത്തിൽ കാര്യമായ വർധനവുണ്ടാകില്ലെങ്കിലും 75.101 ലക്ഷം കോടി ഡോളറിന്റെ സമ്പത്ത് അമേരിക്കയ്ക്ക് ഉണ്ടാകും.

അതേസമയം ലോകത്താകമാനമുള്ള സ്വകാര്യ സമ്പത്തുകൾ മുഴവുനും എടുത്താൽ അത് 215 ലക്ഷം കോടി ഡോളറോളം വരും. സമ്പന്നരുടെ എണ്ണം ഒന്നരക്കോടിക്ക് മുകളിൽ ( ഏകദേശം 1.52 കോടി) വരുമെന്നും കണക്കുകൾ പറയുന്നു. ഓരോരുത്തർക്കും ശരാശരി 10 ലക്ഷം ഡോളറിന്റെ സമ്പത്തുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 584,000 കോടീശ്വരന്മാരാണ് ഇപ്പോൾ ലോകത്തുള്ളത്. ശതകോടീശ്വരന്മാർ 2,252 പേരും. വിയറ്റനാം, ഇന്ത്യ, ചൈന, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് അതിവേഗം വളരുന്ന വിപണികളെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ സമ്പത്തിന്റെ 73 ശതമാനവും കൈയാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരെന്ന് സർവേ ഫലം അടുത്തിടെ പുറത്തുവരുന്നിരുന്നു. ഓക്‌സ്ഫാം അവേഴ്‌സ് എന്ന് രാജ്യാന്തര സംഘടന നടത്തിയ സർവേയിൽ വ്യക്തമായത് സാമ്പത്തി അസമത്വത്തിന്റെ വിവരങ്ങളായിരുന്നു. ഇന്ത്യയിലെ 67 കോടി ജനങ്ങളുടെയും വരുമാനം ഒരു ശതമാനം മാത്രമാണ് വർധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മഹാ ഭൂരിപക്ഷവും സാധാരണക്കാരാണ്. വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്ത് കനത്ത സാമ്പത്തിക അസമത്ത്വം നിലനിൽക്കുന്നു, ഇത്തരത്തിൽ സമ്പത്ത് ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗത്തിന്റെ പക്കൽ മാത്രം ഒതുങ്ങി നിൽക്കുന്നത് ഭാവിയിൽ ഗുരുതര പ്രതിസന്ധി ഉണ്ടാക്കുമെന്നും സർവേ വിലയിരുത്തുന്നു.

2017ൽ മാത്രം 20.9 ലക്ഷം കോടി രൂപയാണ് സമ്പന്ന വിഭാഗത്തിന്റെ പക്കലുള്ള പണം, ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിന് തത്തുല്യമായ തുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തെ കോടിപതികളുടെ പട്ടികയിലും ക്രമാതീതമായ വളർച്ചയുണ്ടായതായും സർവേയിൽ നിന്ന് വ്യക്തമാണ്. 17 ശതകോടീശ്വരന്മാരാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഇതോടെ രാജ്യത്താകെ ശതകോടീശ്വരന്മാരുടെ എണ്ണം 100 കടന്നു.

2010 മുതൽ പ്രതിവർഷം 13 ശതമാനം വളർച്ചയാണ് കോടിപതികളുടെ കാര്യത്തിലുണ്ടാവുന്നത്. ഒരു എ ക്ലാസ് സർക്കാർ ജീവനക്കാരന്റെ ഒരു വർഷത്തെ വരുമാനം, ഗ്രാമപ്രദേശങ്ങളിലെ മിനിമം വേതനം കൈപ്പറ്റുന്ന ഒരു തൊഴിലാളിക്ക് സമ്പാദിക്കാൻ 941 വർഷങ്ങൾ വേണ്ടി വരുന്നു എന്നതും ഇന്ത്യയിൽ നിലനിൽക്കുന്ന കടുത്ത സാമ്പത്തിക അസമത്വത്തിന്റെ അളവ് സൂചിപ്പിക്കുന്നു.