'ആയിരക്കണക്കിന് സിഖുകാരെയും ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷ വനിതകളെയും പെൺകുട്ടികളെയും മതപരിവർത്തനത്തിനായി പീഡിപ്പിക്കുന്ന ഒരുരാജ്യം; കശ്മീരിലെ പോരാട്ടത്തിന് ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുന്ന പ്രധാനമന്ത്രിയുള്ള രാജ്യം; കള്ളക്കഥകൾ തട്ടിവിടാൻ ഒരുഉളുപ്പുമില്ലാത്ത രാജ്യം'; മനുഷ്യാവകാശം പ്രസംഗിച്ച് പഠിപ്പിക്കാൻ പാക്കിസ്ഥാൻ പോരേണ്ടെന്ന് ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ; പാക്പക്ഷം പിടിച്ച തുർക്കിക്കും ഒഐസിക്കും ചുട്ട മറുപടി
- Share
- Tweet
- Telegram
- LinkedIniiiii
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെയും തുർക്കിയെയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷനെയും ശക്തമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യ. മത-വംശീയ ന്യൂനപക്ഷ വിഭാഗങ്ങളെ തുടർച്ചയായി പീഡിപ്പിക്കുകയും ഭീകരവാദത്തിന്റെ കേന്ദ്രവുമായ രാജ്യം ഇന്ത്യയോട് മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രസംഗിക്കേണ്ടെന്ന് ഫസ്റ്റ് സെക്രട്ടറി പവൻ ബാധെ പറഞ്ഞു. യുഎൻ ഉപരോധ പട്ടികയിലുള്ള വ്യക്തികൾക്ക് പെൻഷൻ നൽകുന്ന 'വൈശിഷ്ട്യവും', കശ്മീരിലെ പോരാട്ടത്തിന് ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ സമ്മതിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണ് ഇന്ത്യയെ മനുഷ്യാവകാശം പഠിപ്പിക്കുന്നത്- ബാധെ പറഞ്ഞു.
കുത്സിത ലക്ഷ്യങ്ങൾ നടപ്പാക്കാൻ വ്യാജവും കെട്ടിച്ചമച്ചതുമായ കാര്യങ്ങളും കഥകളും ഇന്ത്യയ്ക്ക് നേരെ പടച്ചുവിടുന്നത് പാക്കിസ്ഥാൻ സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും ഖൈബർ പഖ്ത്തൂൺഖ്വയിലും പാക്കിസ്ഥാൻ സർക്കാരിന്റെ പിന്തുണയോടെ നടക്കുന്ന കാര്യങ്ങളും ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തകർക്കും സ്വതന്ത്ര പ്രവർത്തകരുടെയും ശബ്ദങ്ങൾ അടിച്ചമർത്തലിന് ഇരയാകുന്നതും ഇന്ത്യ വിശദീകരിച്ചു.
പാക്കിസ്ഥാൻ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ കാട്ടുന്ന കാര്യങ്ങൾ ജമ്മു കശ്മീരിലും ലഡാക്കിലും ചെയ്യാൻ ശ്രമിക്കുകയാണ്്. പാക് അധീന പ്രദേശങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവിലേക്കും കശ്മീരിലേക്കും ലഡാക്കിലേക്കും അതിക്രമിച്ച് കയറിയതിനെ തുടർന്ന് കശ്മീരികളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണ്. പാക്കിസ്ഥാനിൽ ആയിരക്കണക്കിന് സിഖുകാരും, ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷ വനിതകളും പെൺകുട്ടികളുമാണ് തട്ടിക്കൊണ്ടുപോകലുകൾക്കും, നിർബന്ധിത വിവാഹങ്ങൾക്കും മതപരിവർത്തനത്തിനും വിധേയരാകുന്നത്.
ബലൂചിസ്ഥാനിലെയും ഖൈബർ പഖ്ത്തൂൺഖ്വയിലെയും സിന്ധിലെയും ആൾക്കാർ സമാന വിധിക്ക് ഇരയാകുന്നുണ്ട്. ബലൂചിസ്ഥാനിൽ പാക് സുരക്ഷാവിഭാഗം കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോകുന്ന കേസുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. ഇത്തരം വാർത്തകൾ അസഹിഷ്ണുത സൃഷ്ടിക്കുമ്പോൾ പാക്കിസ്ഥാന്റെ പതിവ്് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടു പോകലാണ്. മാധ്യമപ്രവർത്തകർ കഴുത്തറുത്തുകൊലപ്പെപ്പെട്ടിട്ടും കൊലയാളികൾ സ്വാതന്ത്ര്യത്തോടെ സ്വൈര്യവിഹാരം നടത്തുന്ന ഏക രാജ്യവും പാക്കിസ്ഥാനാണെന്ന് ബാധെ പറഞ്ഞു.
ഒഐസിക്കും തുർക്കിക്കും മറുപടി
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒഐസിക്ക് ഒരുകാര്യവുമില്ലെന്നും ബാധെ പറഞ്ഞു. ഒഐസിയുടെ സ്വന്തം അജണ്ടയെ അട്ടിമറിക്കാൻ പാക്കിസ്ഥാന്റെ കൈകടത്തലിനെ അനുവദിച്ചുകൊടുത്തിരിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഒഐസിയുടെ പ്രസ്താവനകൾ ഇന്ത്യ അർഹിക്കുന്ന പ്രധാന്യത്തോടെ തള്ളുകയാണെന്നും ഇന്ത്യൻ സെക്രട്ടറി പവൻ ബാധേ പറഞ്ഞു. ജനാധിപത്യമരാദ്യകൾ പാലിക്കാനും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കാനുമാണ് തുർക്കിയെ ഉപദേശിക്കാനുള്ളതെന്നും പവൻ ബാധെ കൗൺസിലിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്