- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിൽ റഷ്യക്കും യുക്രൈനും ഒപ്പമല്ല; ഇന്ത്യ സമാധാനത്തിനൊപ്പം; യുദ്ധം ആഗോള തലത്തിൽ പ്രത്യാഘാതമുണ്ടാക്കി; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നിർണായക കൂടിക്കാഴ്ച; ചർച്ചയായത് വ്യാപാര - ഉഭയകക്ഷി ബന്ധം
ബെർലിൻ: റഷ്യ- യുക്രൈൻ യുദ്ധത്തിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ ഇന്ത്യ ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്നും ഇന്ത്യ സമാധാനത്തിന് ഒപ്പമാണ് നിലകൊള്ളുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. യുദ്ധം ആഗോള സമാധാനത്തിന് വെല്ലുവിളിയായെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ പര്യടനത്തിൽ ജർമ്മൻ ചാൻസിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനം. ആദ്യ ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജർമ്മനിയിൽ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തിൽ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തിൽ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു.
റഷ്യയെ ഒറ്റപ്പെടുത്തി യുക്രൈൻ അനുകൂല നിലപാട് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മോദി നയം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസ് അഭിനന്ദിച്ചു.
ബെർലിനിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു പ്രധാന ചർച്ച. ഉഭയകക്ഷി സഹകരണത്തിന്റെ 70ാം വർഷത്തിൽ വ്യാപാരം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ മോദി - ഷോൾസ് കൂടിക്കാഴ്ചയിൽ തീരുമാനമായി.
ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിലെ ഉഭയകക്ഷി ബന്ധമാണ് ഇരുനേതാക്കളും വിലയിരുത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാംസ്‌കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും ചർച്ചയായതായി അദ്ദേഹത്തിന്റെ ഓഫീസ് കൂട്ടിച്ചേർത്തു.
ചർച്ചകളിലെ തീരുമാനങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇരുവരും ചർച്ച നടത്തുന്നതിന്റെയും സൗഹൃദ സംഭാഷണം നടത്തുന്നതിന്റെയും ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
2021 ഡിസംബറിൽ ഒലാഫ് ഷോൾസ് ജർമ്മൻ ചാൻസലറായ ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ളവരും പ്രധാനമന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ജർമ്മൻ വിദേശകാര്യമന്ത്രി അന്നാലെന ബയേർബോക്കും എസ് ജയശങ്കറും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജർമ്മൻ ചാൻസലറും പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. അന്നാലെന ബയേർബോക്കുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമേ റഷ്യ-യുക്രെയ്ൻ യുദ്ധവും ഇൻഡോ പസഫിക് മേഖലയിലെ സ്ഥിതിയും ചർച്ചയായതായി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ആദ്യഘട്ടമായിട്ടാണ് പ്രധാനമന്ത്രി ജർമ്മനിയിൽ എത്തിയത്. രാവിലെ അദ്ദേഹത്തിന് ആചാരപരമായ വരവേൽപ് നൽകിയാണ് ജർമ്മനി എതിരേറ്റത്. നാളെ കോപ്പൻ ഹേഗനിൽ നടക്കുന്ന ഇന്ത്യ - നോർഡിക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. മറ്റന്നാൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
ന്യൂസ് ഡെസ്ക്