ഭുവനേശ്വർ: മിസൈൽ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി. താഴ്ന്നു പറക്കുന്ന മിസൈലുകളെ കണ്ടു പിടിച്ച തകർക്കാൻ ശേഷിയുള്ള അഡ്വാൻസഡ് എയർ ഡിഫൻസ് സൂപ്പർസോണിക് ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയം കാണുകയായിരുന്നു. ഒഡീഷയിലാണ് മിസൈൽ പരീക്ഷണം നടത്തിയത്. ഇന്റർസെപ്റ്റർ മിസൈലിന്റെ ഈ വർഷത്തെ മൂന്നാമത്തെ പരീക്ഷണമായിരുന്നു.

ഒഡീഷയിലെ ടെസ്റ്റ് റേഞ്ചിൽ രാവിലെയായിരുന്നു ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അശ്വിൻ മിസൈലിന്റെ വിക്ഷേപണം. ബാലിസ്റ്റൺ മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുമ്പും പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഫെബ്രുവരി 11നും മാർച്ച് ഒന്നിനുമായിരുന്നു ആദ്യ രണ്ടു മിസൈലുകൾ വിക്ഷേപിച്ചത്.

പാഞ്ഞുവരുന്ന ശത്രു മിസൈലിനെ 30 കിലോമീറ്റർ മുകളിൽ വച്ചു തന്നെ തകർക്കാൻ ഇന്റർസെപ്റ്ററിന് കഴിയും. പരീക്ഷണം വൻ വിജയമായിരുന്നെന്ന് സൈനിക വൃത്തങ്ങൾ വ്യകതമാക്കി. പൃഥ്വി മിസൈലാണ് ഇന്റർസെപ്റ്റർ പരീക്ഷിക്കാൻ ഉപയോഗിച്ച ലക്ഷ്യം. ടെസ്റ്റ് റേഞ്ചിലെ മൂന്നാം കോംപ്‌ളക്‌സിൽ നിന്ന് പൃഥ്വി ആദ്യം വിക്ഷേപിച്ചു. റഡാറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിച്ചതോടെ അകലെ അബ്ദുൾ കലാം ദ്വീപിൽ( പഴയ വീലർ ഐലന്റ്) സജ്ജമാക്കിയിരുന്ന ഇന്റർസെപ്റ്റർ കുതിച്ചുയർന്നു.

ബംഗാൾ ഉൾക്കടലിനു 20 കിലോമീറ്റർമുകളിൽ ആകാശത്തു വച്ച് ഇന്റർസെപ്റ്റർ മിസൈൽ പൃഥ്വിയെ തകർത്തു. ഡിആർഡിഒ ( പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ)യുടെ ചരിത്രം കുറിച്ച നേട്ടമാണിത്.പ്രതിരോധ മിസൈൽ ശേഷിയുള്ള ലോക രാജ്യങ്ങളുടെ പട്ടികയിൽ നേരത്തെ തന്നെ ഇന്ത്യ ഇടംപിടിച്ചിരുന്നു.