ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. ഭക്ഷ്യക്ഷാമം പ്രതിസന്ധി രൂക്ഷമാക്കിയതോടെ ശ്രീലങ്കയിലേക്ക് 40,000 ടൺ അരി ഇന്ത്യ ഉടൻ കയറ്റി അയയ്ക്കും. ഇന്ത്യയുടെ സഹായം എത്തുന്നതോടെ ഒരു വർഷത്തിനിടെ ഇരട്ടിയിലധികമായ അരിവില പിടിച്ചുനിർത്താമെന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഒപ്പുവച്ച ഒരു ബില്യൻ ഡോളറിന്റെ വായ്പാ കരാറിന്റെ ഭാഗമായുള്ള ആദ്യത്തെ പ്രധാന ഭക്ഷ്യസഹായമാണിത്. ഭക്ഷ്യവസ്തുക്കൾക്കു പുറമെ ഇന്ധനവും മരുന്നുകളും കയറ്റി അയയ്ക്കും.

ശ്രീലങ്കയിൽ കടുത്ത വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നതിനിടെയാണ് ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാഷ്ട്രമായ ഇന്ത്യ കൂടുതൽ സഹായ നടപടികളിലേക്കു കടക്കുന്നത്. ദക്ഷിണേന്ത്യയിലെ തുറമുഖങ്ങളിൽനിന്ന് ശ്രീലങ്കയിലേക്ക് അരി കയറ്റുമതി ചെയ്യാൻ ആരംഭിച്ചതായി പട്ടാഭി അഗ്രോ ഫുഡ്‌സ് എംഡി ബി.വി.കൃഷ്ണ റാവു അറിയിച്ചു.

1948-ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യം അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും മണിക്കൂറുകൾ നീളുന്ന പവർകട്ടും നിമിത്തം വലയുകയാണ്.

ശ്രീലങ്കയിൽ നിലവിൽ ഇന്ധന ക്ഷാമവും രൂക്ഷമാണ്. ജീവിതം ദുസ്സഹമായതോടെ ശ്രീലങ്കയിലെ തെരുവുകളിൽ പ്രസിഡന്റ് ഗോട്ടബയയ്‌ക്കെതിരായ പ്രതിഷേധവും കനത്തു. ജനങ്ങൾ തെരുവിലിറങ്ങിയതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.