ന്യൂഡൽഹി:ഓഗസ്റ്റിൽ നടക്കുന്ന യുഎൻ സുരക്ഷാ സമിതി അധ്യക്ഷ പദവി ഇന്ത്യയ്ക്ക്. പത്താം തവണയാണ് ഇന്ത്യ അധ്യക്ഷപദം അലങ്കരിക്കുന്നത്. രാജ്യാന്തര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിന് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിനു സാധിക്കുമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി അഭിപ്രായപ്പെട്ടു.

കൗൺസിൽ അധ്യക്ഷപദം കൈമാറിയതിന് ഇന്ത്യ ഫ്രാൻസിനു നന്ദി അറിയിച്ചു. 2012 നവംബറിലാണ് അവസാനം ഇന്ത്യ അധ്യക്ഷത വഹിച്ചത്.

 

സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരിക്കും ഇന്ത്യ ഊന്നൽ നൽകുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി അറിയിച്ചു. സമാധാന പ്രവർത്തകരുടെ ഓർമയ്ക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കും.

യുഎൻ സുരക്ഷാ സമിതി അധ്യക്ഷ പദവി ലഭിച്ച പശ്ചാത്തലത്തിൽ സിറിയ, ഇറാഖ്, സൊമാലിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്താനാഗ്രഹിക്കുന്നതായും തിരുമൂർത്തി വ്യക്തമാക്കി.