ന്യൂഡൽഹി: ഇന്ത്യയുടെ കളി തീക്കളിയാണെന്ന മുന്നറിയിപ്പുമായി ചൈനീസ് മാദ്ധ്യമങ്ങൾ. 'തായ്വാൻ കാർഡ്' ഇറക്കി ചൈനയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കേണ്ടെന്നാണ് ചൈനയുടെ നിലപാട്. ചൈനയുടെ ആശങ്കകൾ ഇന്ത്യ മനസ്സിലാക്കുമെന്നും 'ഏക ചൈന' നയവുമായി മുന്നോട്ടുപോകുമെന്നും കരുതുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷ്വാങ് ചൈനീസ് മാദ്ധ്യമത്തോടു പറഞ്ഞു.

തായ്വാൻ പാർലമെന്റിൽനിന്നുള്ള സംഘം ഇന്ത്യ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയാണ് നയതന്ത്രതലത്തിൽ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയത്. ഇന്ത്യ  ചൈന ബന്ധം മികച്ചനിലയിൽ കൊണ്ടുപോകുന്നതിന് തായ്വാൻ വിഷയത്തിൽ ഇന്ത്യ വിവേകപൂർവമായ തീരുമാനങ്ങൾ എടുക്കണമെന്നാണ് ആവശ്യം.

അതേസമയം, തായ്വാൻ സംഘത്തിന്റെ സന്ദർശനത്തെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുൻപും ഇത്തരം സന്ദർശനങ്ങൾ നടന്നിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവം വിവാദമാക്കേണ്ടതില്ലെന്ന നിലപാട് ഇന്ത്യൻ സർക്കാർ സ്വീകരിച്ചത്.

നേരത്തേ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പദവിയിൽ കയറുന്നതിനു മുൻപുതന്നെ തായ്വാൻ പ്രസിഡന്റ് സായ് ഇങ്വെന്നുമായി സംസാരിച്ചതു ചൈനയെ ചൊടിപ്പിച്ചിരുന്നു. തായ്വാനെ ചൈന സ്വന്തം അധീനതയിലുള്ള പ്രദേശമായിട്ടാണ് പരിഗണിക്കുന്നത്. മാത്രമല്ല, മറ്റു രാജ്യങ്ങൾ തായ്വാനുമായി ബന്ധം സ്ഥാപിക്കുന്നതിനെ ചൈന എന്നും എതിർക്കുകയും ചെയ്യുന്നു.