ഇമിഗ്രേഷൻ നിയമം കർക്കശമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ നിന്നും മടങ്ങേണ്ടി വരുന്ന നഴ്‌സുമാരുടെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ..? . എങ്കിൽ ഒട്ടും ഭയപ്പെടേണ്ട. നിങ്ങളുടെ പ്രതിഭയിൽ വിശ്വാസമില്ലാത്ത ബ്രിട്ടീഷുകാരോട് പോയി പണിനോക്കാൻ പറയുക. ഇന്ത്യയിലേക്ക് മടങ്ങിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ഉയർന്ന ശമ്പളം ഉള്ള ഉദ്യോഗമാകും. ഇന്ത്യൻ ഗ്രാമങ്ങളിലെ ആരോഗ്യം വീണ്ടെടുക്കാൻ കേന്ദ്രം ആവിഷ്‌കരിക്കന്ന പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് കൂറ്റൻ ശമ്പളം നൽകാൻ കേന്ദ്രം തീരുമാനിച്ചു. ചിലർക്കെങ്കിലും ഡോക്ടർമാരെ വെല്ലുന്ന ശമ്പളം ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തരത്തിൽ യുകെയിൽ നിന്നും മടങ്ങുന്ന നഴ്‌സുമാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നാഷണൽ റൂറൽ ഹെൽത്ത് മിഷനി(എൻആർഎച്ച്എം)ലേക്ക് താൽക്കാലിക നിയമനം വാഗ്ദാനം ചെയ്താണ് കാത്തിരിക്കുന്നത്. യുകെയിലെ സർക്കാർ ഹോസ്പിറ്റലുകളിൽ അവർക്ക് ലഭിച്ച ശമ്പളത്തേക്കാൾ കൂടിയ ശമ്പളമാണ് ഇതിലൂടെ അവർക്ക് ലഭിക്കാനുള്ള അവസരമൊരുങ്ങുന്നത്. ഇന്ത്യയിലിപ്പോൾ 2.4 മില്യൺ നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. പുതിയ ഇമിഗ്രേഷൻ നിയമപ്രകാരം 2020 ഓടെ ആയിരക്കണക്കിന് ഇന്ത്യൻ നഴ്‌സുമാരെയാണ് ഇന്ത്യയിലേക്ക്തിരിച്ചയക്കാൻ ഒരുങ്ങുന്നത്. ഇത്തരത്തിൽ തിരിച്ചയക്കുന്ന നഴ്‌സുമാരെ ഇന്ത്യയിൽ ഒഴിവുള്ള സ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നതിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് കരുതുന്നത്.

സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്ക് ഉയർന്ന ശമ്പളമാണുള്ളതെങ്കിൽ സർക്കാർ മേഖലയിലെ നഴ്‌സുമാർക്കും ഉയർന്ന ശമ്പളമാണുള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി സി.കെ. മിശ്ര പറയുന്നത്. ബ്രിട്ടൻ നഷ്ടപ്പെടുത്തുന്ന നഴ്‌സുമാർ ഇന്ത്യയ്ക്ക് നേട്ടമായി മാറാൻ പോവുകയാണെന്നും അദ്ദേഹം പറയുന്നു. അത്തരം നഴ്‌സുമാരെ ഉൾക്കൊള്ളാൻ ഇവിടുത്തെ ആരോഗ്യ മേഖലയിൽ ഏറെ സ്‌പേസുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇത്തരം നഴ്‌സുമാർക്ക് സംരക്ഷണമേകുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മിശ്ര പറയുന്നു.

അത്തരം നഴ്‌സുമാർ എൻആർഎച്ച്എമ്മിൽ പ്രവർത്തിക്കുകയാണെങ്കിൽ അവർക്ക് നല്ല ശമ്പളം നൽകാൻ തങ്ങൾക്ക് സാധിക്കുമെന്നും മിശ്ര ഉറപ്പ് നൽകുന്നു. എൻആർഎച്ച്എമ്മിന്റെ കീഴിൽ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റുകൾക്ക് ഉയർന്ന ശമ്പളം നൽകുന്നതിലൂടെ ഇന്ന് ആരോഗ്യ വകുപ്പ് പരിതാപകരമായ അവസ്ഥയിലായെന്നും മിശ്ര പറയുന്നു.ഇതിന് മുമ്പ് സ്‌പെഷ്യലിസ്റ്റുകൾക്ക് മാസത്തിൽ 60,000രൂപയായിരുന്നു ശമ്പളം നൽകിയിരുന്നതെങ്കിൽ ഇന്നത് രണ്ടു ലക്ഷത്തോളമായി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമപ്രകാരം ഇപ്പോൾ യുകെയിൽ ജോലി ചെയ്യുന്ന 3365 നഴ്‌സുമാർ 2017 ഓടെ രാജ്യം വിടേണ്ടി വരുമെന്നാണ് അറിയുന്നത്.2012ലെ ഇമിഗ്രേഷൻ നിയമമാറ്റത്തിന്റെ നേരിട്ടുള്ള ഫലമാണിത്. റിക്രൂട്ട്‌മെന്റ് നില ഇതേ രീതിയിൽ തുടരുകയാണെങ്കിൽ 2020 ഓടെ 6620 നഴ്‌സുമാർ യുകെ വിട്ട് പോകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് റോയൽ കോളജ് ഓഫ് നഴ്‌സിങ് പറയുന്നത്. യുകെയിലെത്തി ആറ് വർഷമായവർക്ക് വർഷത്തിൽ ചുരുങ്ങിയത് 35,000 പൗണ്ട് ലഭിച്ചാൽ മാത്രമെ ഇവിടെ തുടരാവുകയുള്ളൂവെന്നാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്.ഇതൊരു സീനിയർ നഴ്‌സിന്റെ ശമ്പളമാണ്.

എന്നാൽ ആറ് വർഷത്തിനുള്ളിൽ മിക്ക നഴ്‌സുമാർക്കു ഈ ശമ്പളം നേടാനാവില്ലെന്നുറപ്പാണ്. ഇപ്പോൾ യുകെയിൽ ജോലി ചെയ്യുന്ന 3365 നഴ്‌സുമാരെ നിയമിക്കാൻ എൻഎച്ച്എസിന് 20 മില്യൺ പൗണ്ട് ചെലവായെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇവർക്ക് പ്രസ്തുത ശമ്പള പരിധി നേടാൻ സാധിക്കാത്തതിനാൽ മാതൃരാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്നുറപ്പാണ്. യൂറോപ്പിന് പുറത്ത് നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് തുടരുകയാണെങ്കിൽ 2020ഓടെ റിക്രൂട്ട്‌മെന്റിനായി യുകെയിലെ തൊഴിലുടകമകൾ 180 മില്യൺ പൗണ്ട് മുടക്കേണ്ടി വരും. ആറ് വർഷം കഴിഞ്ഞ് സർവീസിൽ നിന്ന് വിട്ട് പോകുന്നവർക്കാണീ ഇത്രയും അധികം തുക മുടക്കേണ്ടി വരുന്നതനെന്നതും ശ്രദ്ധേയമാണ്.