ചെന്നൈ: ബഹിരാകാശ രംഗത്ത് അത്യപൂർവ നേട്ടം കൈവരിക്കാനൊരുങ്ങി ഇന്ത്യ. റഷ്യക്കും അമേരിക്കയ്ക്കു പിന്നാലെ ബഹിരാകാശത്തേക്കു മനുഷ്യനെ അയയ്ക്കാൻ കഴിയുന്ന റോക്കറ്റ് ജൂൺ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ഐഎസ്‌ഐർഒ വിക്ഷേപിക്കും. പരീക്ഷണം വിജയിക്കുന്നതോടെ ബഹിരാകാശ രംഗത്ത് ഇന്ത്യ വൻ മുന്നേറ്റമായിരിക്കും കുറിക്കുക.

ജിഎസ്എൽവി എംകെ 3 എന്നാണു റോക്കറ്റിനു പേരിട്ടിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്. ആറു തവണ പരീക്ഷണം നടക്കും. ആറു തവണയും വിജയിച്ചാൽ മനുഷ്യനെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയക്കും. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ മനുഷ്യനെ അയയ്ക്കാൻ കഴിയുന്ന റോക്കറ്റ് നിർമ്മിച്ചിട്ടുള്ളത്. ഈ നിരയിൽ നാലാമത്തെ രാജ്യമായി മാറാൻ പരീക്ഷണങ്ങൾ വിജയിച്ചാൽ ഇന്ത്യക്കു കഴിയും.

ഒരു വനിതയെ ആയിരിക്കും റോക്കറ്റിൽ ആദ്യമായി ബഹിരാകാശത്തക്ക് അയയ്ക്കുക എന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ അതും ചരിത്രമായിരിക്കും. നാലു ടൺ വരെ ഭാരമുള്ള റോക്കറ്റുകളെയും റോക്കറ്റിന് ബഹിരാകാശത്തെത്തിക്കാൻ കഴിയും. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച ക്രയോജനിക് എൻജിനാണ് റോക്കറ്റിൽ ഉപയോഗിക്കുക. മുന്നൂറോ കോടി രൂപയാണ് റോക്കറ്റ് നിർമ്മിക്കാൻ ചെലവിട്ടിരിക്കുന്നത്.

റോക്കറ്റ് വിജയമായാൽ പിഎസ്എൽവിക്കും ജിഎസ്എൽവിക്കും ശേഷം മറ്റൊരുശ്രേണി വിക്ഷേപണ വാഹനം കൂടി ഇന്ത്യക്കു സ്വന്തമാകും. 640 ടണ്ണാണ് റോക്കറ്റിന്റെ ഭാരം. അത്േസമയം നീളം മറ്റു റോക്കറ്റുകളേക്കാൾ കുറവായിരിക്കും. 43 മീറ്ററാണ് റോക്കറ്റിന് നീളമുള്ളത്.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാതെ മനുഷ്യനെ ഉപയോഗിച്ചു പരീക്ഷണം നടത്തില്ല. വാർത്താവിനിമയം, റിമോട്ട് സെൻസിങ്, ഗതിനിർണയം എന്നിവയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കൂടുതൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഐഎസ്ആർഒ ഇപ്പോൾ. ജിഎസ്എൽവി മാർക്ക് 2 റോക്കറ്റിന് 2.2 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെയേ വഹിക്കാനാകൂ. എന്നാൽ എം കെ 3യ്ക്ക് നാലു ടൺവരെയുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനാകും. ലോ എർത്ത് ഓർബിറ്റിലേക്കാണെങ്കിൽ എട്ടു ടൺ വരെയുള്ള ഉപഗ്രഹങ്ങളെ വഹിക്കാനാകും.

പതിനഞ്ചു വർഷത്തെ ശാസ്ത്രജ്ഞരുടെ ശ്രമത്തിന്റെ ഫലമായി ദ്രവരൂപത്തിലുള്ള ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്രയോജെനിക് എൻജിനാണ് റോക്കറ്റിൽ ഉപയോഗിക്കുക. വാർത്താവിനിമയത്തിനുള്ള ജിസാറ്റ് 19 റോക്കറ്റാണ് എംകെ 3യിൽ വിക്ഷേപിക്കുക. ഇന്ത്യയിൽ ഇന്റർനെറ്റ് വേഗത ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായി വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ ഉപഗ്രഹം. രണ്ടായിരത്തിലാണ് ജിഎസ്എൽവി എംകെ 3 യുടെ നിർമ്മാണം ഐഎസ്ആർഒ തുടങ്ങിയത്. 2009ലോ 2010ലോ വിക്ഷേപിക്കാനായിരുന്നു ആദ്യ പദ്ധതി.