- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ഭീഷണി; കാബുൾ, കാണ്ഡഹാർ, മസർ ഇ ഷരീഫ് മേഖലകളിലെ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചേക്കും; നടപടികളുമായി ബന്ധപ്പെട്ട പദ്ധതികൾ ആസുത്രണം ചെയ്തതായി കേന്ദ്രം
കാബുൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് ഉന്നതോദ്യോഗസ്ഥരെയും മറ്റു പൗരന്മാരെയും ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സുരക്ഷ സാഹചര്യങ്ങൾ വഷളായതിനെ തുടർന്നാണ് നടപടി.ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്തതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാബുൾ, കാണ്ഡഹാർ, മസർ ഇ ഷരീഫ് എന്നിവിടങ്ങളിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് ഒഴിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും അവിടെ പ്രവർത്തിക്കാനാകാത്ത സാഹചര്യമാണെന്നും താലിബാന്റെ ആക്രമണം ഭയന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ പോലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള പലായനം ആരംഭിച്ചതായും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാൻ മണ്ണിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പൂർണമായും പിൻവലിക്കുകയാണെന്ന് ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആഗോള ശക്തികൾ താലിബാനുമായുള്ള ആശയവിനിമയം ആരംഭിച്ചിരുന്നു, അതിനനുസരിച്ച് താലിബാന് കീഴിലുള്ള പ്രദേശങ്ങളും വികസിച്ചു. അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ പോലും താലിബാനിൽ ചേർന്ന സംഭവങ്ങളുണ്ടായി.
കാബൂളിലെ ഇന്ത്യൻ എംബസിക്കൊപ്പം നാലുകോൺസുലേറ്റുകളാണ് അഫ്ഗാനിസ്ഥാനിൽ ഇന്ത്യയ്ക്കുള്ളത്. പ്രതിരോധ അറ്റാഷെകളായി ഇവിടെ സൈനിക ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്. അഫ്ഗാൻ സൈന്യത്തെയും പൊലീസ് സേനയെയും പരിശീലീപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ മുഴുവൻ ഉദ്യോഗസ്ഥരും മടങ്ങിവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ എത്രയും വേഗം നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും അവരെ വേഗത്തിൽ മടക്കിക്കൊണ്ടുവരുമെന്നുമാണ് വിവരം.നേരത്തേ ഹെയ്രാത്ത് നഗരത്തിലും ജലാലാബാദിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ കാണ്ഡഹാറിലെയും മസർ ഇ ഷരീഫിലെയും കോൺസുലേറ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ