ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ 'ഡീപ് ഓഷ്യൻ മിഷൻ' നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം.രാജീവൻ വ്യക്തമാക്കിയതോടെ ഇന്ത്യൻ ശക്തി ഇനി പ്രകടമാകുക ആഴക്കടലിലും. ആഴക്കടലിലേക്ക് മനുഷ്യനെ എത്തിക്കാൻ കഴിയുന്ന മുങ്ങിക്കപ്പലിന്റെ രൂപകൽപ്പന, വികസനം, പ്രകടനം എന്നിവയും സമുദ്രാന്തർ ഭാ​ഗത്തെ ഖനനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുകയാണ് 'ഡീപ് ഓഷ്യൻ മിഷൻ' ലക്ഷ്യം വെക്കുന്നത്. മാനവ രാശിയുടെ ഭാവിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന ദൗത്യത്തിന് 4000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഭൗമ ശാസ്ത്ര മന്ത്രാലയവും ഡി.ആർ.ഡി.ഒ, ഐ.എസ്.ആർ.ഒ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജി, സി.എസ്‌ഐ, ആർ തുടങ്ങിയ സ്ഥാപനങ്ങളും ദൗത്യത്തിൽ പങ്കാളികളാവും. ഡിആർഡിഒ, ഐ.എസ്.ആർ.ഒ എന്നിവരാണ് ദൗത്യത്തിന്റെ ചില സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത്. മിഷനു വേണ്ട ചില സാങ്കേതികവിദ്യകൾ ഇസ്രോ, ഡിആർഡിഒ തുടങ്ങിയ സംഘടനകൾ വികസിപ്പിച്ചെടുക്കും. മുങ്ങിക്കപ്പലുകളുടെ രൂപകൽപ്പന, വികസനം, പരീക്ഷണങ്ങൾ എന്നിവയാണ് ദൗത്യത്തിന്റെ മറ്റു പ്രധാന കാര്യങ്ങളിലൊന്ന് എന്ന് MoES ഉദ്യോഗസ്ഥർ പറഞ്ഞു. ആഴക്കടൽ ഖനനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയും ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു വശം.

ഇന്ത്യയുടെ ഡീപ് ഓഷൻ പദ്ധതിക്കായുള്ള പ്രത്യേക യാത്രാ പേടകത്തിന്റെ രൂപകൽപ്പന കഴിഞ്ഞ വർഷം ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. സമുദ്രത്തിന്റെ അടിയിൽ ആറ് കിലോമീറ്റർ വരെ ആഴത്തിൽ എത്തിച്ചേരാൻ കഴിയുന്ന കാപ്സ്യൂൾ രൂപത്തിലുള്ള പേടകത്തിനാണ് ഐഎസ്ആർഒ പ്രാഥമിക രൂപം നൽകിയിരുന്നത്. കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജൈവവൈവിധ്യ പഠനം, കടലിനടിയിലെ ധാതുക്കളെക്കുറിച്ചുള്ള പഠനം തുടങ്ങിയവയും മിഷന്റെ ഭാഗമാണ്. മൂന്നുപേർക്ക് സഞ്ചരിക്കാനാവുന്നതാണ് രൂപകൽപന ചെയ്തിരിക്കുന്ന പേടകം. ആറായിരം മീറ്റർ ആഴത്തിൽ എത്തിച്ചേരാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ അന്തർവാഹിനികൾക്ക് 200 മീറ്റർ ആഴത്തിൽ മാത്രമാണ് സഞ്ചരിക്കാനാകുക. ആളുകൾക്കു കയറാനാവുന്ന, ഇത്രയും ആഴത്തിൽ സഞ്ചരിക്കുന്ന അന്തർവാഹിനികൾ കുറവാണ്. ഐഎസ്ആർഒ തന്നെയാണ് പേടകത്തിന്റെ നിർമ്മാണവും നിർവഹിക്കുന്നത്. ഇതിനായി ഐഎസ്ആർഒയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു. പേടകം ടൈറ്റാനിയം ഉപയോഗിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

ചൈന, കൊറിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സജീവമായിരിക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ സാന്നിധ്യം വർധിപ്പിക്കുമെന്നതിനാൽ ഇത് തന്ത്രപരമായി പ്രാധാന്യമർഹിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച, മരിയാന ട്രെഞ്ചിന്റെ ഏറ്റവും താഴെ പാർക്ക് ചെയ്തിരുന്ന പുതിയ മുങ്ങിക്കപ്പലിൽ നിന്നുള്ള ദൃശ്യങ്ങൾ ചൈന തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പര്യവേക്ഷണത്തിനായി മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ 1.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പോളി-മെറ്റാലിക് സൾഫൈഡുകൾ (പിഎംഎസ്) പര്യവേക്ഷണം ചെയ്യുന്നതിനായി 2016 സെപ്റ്റംബറിൽ തന്നെ ഇന്ത്യ ഇന്റർനാഷണൽ സീബഡ് അഥോറിറ്റിയുമായി (ഐ‌എസ്‌എ) 15 വർഷത്തേക്ക് കരാർ ഒപ്പിട്ടിരുന്നു.

ഡീപ് ഓഷ്യൻ മിഷൻ

കടലിന്റെ ആഴമേറിയ ഭാഗത്ത് വിവിധ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി അഞ്ചുവർഷ പദ്ധതിയാണു ലക്ഷ്യം വയ്ക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങൾ, കടലിൽ നിർമ്മിക്കുന്ന ഓഫ്ഷോർ ഡീസാലിനേഷൻ പ്ലാന്റ് (സമുദ്രജലത്തിൽ നിന്നു ലവണാംശം വേർതിരിച്ചെടുക്കുന്ന കേന്ദ്രം), ആഴക്കടലിലേക്കു 6000 മീറ്റർ സഞ്ചരിക്കാൻ സഹായിക്കുന്ന സബ്മേഴ്സിബിൾ വാഹനം എന്നിവയാണ്. സെൻട്രൽ ഇന്ത്യൻ ഓഷ്യൻ ബേസിനിൽ 75000 ചതുരശ്ര കിലോമീറ്റർ സ്ഥലം ഇന്ത്യയ്ക്ക് പര്യവേക്ഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഇന്റർനാഷനൽ സീബെഡ് അഥോറിറ്റി, 2017ൽ ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന ഉച്ചകോടിയിൽ നൽകിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വന്തം തീര സാമ്പത്തികമേഖല (എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ) 22 ലക്ഷം ചതുരശ്ര കിലോമീറ്ററുണ്ട്. ഇവയിലൊന്നും പര്യവേക്ഷണദൗത്യങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഇതുപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കും.

സമുദ്ര സമ്പത്ത് കണ്ടെത്തി വിനിയോ​ഗിക്കുക

കടലിനടിയിൽ വൻതോതിലുള്ള ധാതുശേഖരം കാത്തുകിടക്കുന്നു. പക്ഷേ ഇതു കണ്ടെത്താനും സംസ്കരിക്കാനുമുള്ള സാങ്കേതിക വിദ്യകൾ വികസിച്ചിട്ടില്ല. ധാതുശേഖരങ്ങളുടെ കൃത്യമായ സ്ഥാനവും നിർണയിക്കണം. പോളിമെറ്റാലിക് നൊഡ്യൂൾസ് പ്രകൃതി വാതകം തുടങ്ങിയ സമ്പത്തുകളുടെ കലവറയാണ് സമുദ്രാന്തർഭാഗം. ഡീപ് ഓഷൻ മിഷൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന കാര്യമാണു കടലിന്റെ അടിത്തട്ടിൽ മറ‍ഞ്ഞിരിക്കുന്ന പോളി മെറ്റാലിക് നൊഡ്യൂൾ (പിഎംഎൻ) ശേഖരങ്ങൾ. 38 കോടി ടൺ പിഎംഎൻ ശേഖരമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 47 ലക്ഷം ടൺ നിക്കൽ, 42.9 ലക്ഷം ടൺ ചെമ്പ്, 925 ലക്ഷം ടൺ മാംഗനീസ്, ശ്രദ്ധേയമായ അളവിൽ കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൽ പുരോഗമിക്കുകയാണ്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ ധാതുനിക്ഷേപത്തിന്റെ 10% ഖനനം ചെയ്താൽ അടുത്ത നൂറുവർഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ ആവശ്യം നിറവേറ്റാനാകുമെന്നാണു ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.

ആറു കിലോമീറ്റർ താഴ്ചയിൽ ഖനനം നടത്തുന്ന സബ്മേഴ്സിബിൾ സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 5.462 കിലോമീറ്റർ ആഴത്തിൽ മണ്ണ് പരിശോധന നടത്താൻ രാജ്യത്തിന് ഇന്നു കഴിവുണ്ട്. കടലിന്റെ ആഴങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന പേടകങ്ങളാണു സബ്മേഴ്സിബിൾ വാഹനങ്ങൾ. റിമോട്ട് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾ വ്യാപകമാണ്. യുഎസ്സിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷന്റെ ഹെർക്കുലിസ്, ജേസൺ തുടങ്ങിയവ പ്രശസ്തം. എന്നാൽ മനുഷ്യന് ഏറെ താഴ്ചയിൽ പോകാനുള്ള വാഹനങ്ങൾ കുറവ്. കടലിലെ സമ്മർദ്ദം (പ്രഷർ) ഉയരുമെന്നതിനാൽ ദൗത്യം ശ്രമകരമാണ്. 6000 മീറ്റർ പോകുന്ന യുഎസ്സിന്റെ മിർ വൺ, ടു തുടങ്ങിയവ മനുഷ്യനെ വഹിക്കുന്നവയാണ് (മാൻഡ് സബ്മേഴ്സബിൾ). മിറിനു മൂന്നുപേരെ ഒരേസമയം വഹിക്കാൻ കഴിയും. മൂന്നു പേർക്ക് ആറു കിലോമീറ്റർ താഴ്ചയിൽ പോകാൻ സാധിക്കുന്ന വാഹനം ഇന്ത്യ വികസിപ്പിക്കുകയാണ്. ‘റോസബ് 6000' എന്നു പേരുള്ള ഈ വാഹനം പരിശോധനാഘട്ടത്തിൽ 5289 കിമീ ആഴം വരെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നു ഗവേഷകർ പറയുന്നു.

കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യപഠനവും

കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിക്കുന്നുണ്ട് കടലിനെ. കടലിന്റെ ഉപരിതല താപനിലയും അടിയിലേക്കു പോകുമ്പോഴുള്ള താപനിലയും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. കടലിന്റെ അടിയിലുള്ള താപനില വർധിച്ചെന്ന പഠനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഗ്രീൻഹൗസ് വാതകങ്ങളുടെ അളവ് വർധിച്ചെന്നും പഠനമുണ്ട്. തീരപ്രദേശങ്ങളിലാണ് ഇത്തരം മാറ്റങ്ങൾ ഏറെ ബാധിക്കുന്നത്. സുനാമി, ഏറെ ഉയരത്തിലുള്ള തിരമാലകൾ എന്നിവയെല്ലാം ഇത്തരം കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗങ്ങളാണ്. കടലിലെ ജൈവവൈവിധ്യത്തെയും ഇവ ബാധിക്കുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടത് ഭാവിക്ക് ആവശ്യം. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട പഠനത്തിനു വേണ്ടി 519 കോടി രൂപയുടെ പദ്ധതിയാണു രൂപീകരിച്ചിരിക്കുന്നത്.

ഏകദേശം 3.5 ലക്ഷം വർഷം മുൻപു കടലിന്റെ അടിയിൽ ജീവന്റെ ആദ്യ തിര രൂപപ്പെട്ടുവെന്നാണു ഗവേഷണം. അടിത്തട്ടിലെ പല ജീവജാലങ്ങൾക്കും ആയിരക്കണക്കിനു വർഷം വരെയാണ് ആയുസ്സ്. കടലിനടിയിൽ കാണുന്ന ഗോൾഡ് കോറലിന്റെ ആയുസ്സ് 1800 വർഷമാണെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. കരയിലുള്ളതിനേക്കാളേറെ വൈവിധ്യമാണു കടലിനടിയിൽ. പലതും വൈദ്യശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രയോജനവുമുള്ളത്. എന്നാൽ ഇതിനെക്കുറിച്ചുള്ള ഗൗരവമായ ഗവേഷണങ്ങൾ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ചുള്ള പഠനം വൈദ്യശാസ്ത്ര രംഗത്ത് ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ

ഓഫ്ഷോർ ഊർജം

ഇന്ത്യൻ സമുദ്രഭാഗത്തു തിരമാലയിൽ നിന്നു 41 ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നാണു പഠനം. പല തീരഭാഗങ്ങളിലും ദ്വീപുകളിലും ഈ സാങ്കേതിക വിദ്യ നടപ്പാക്കാൻ സാധിക്കുമെന്നും കരുതുന്നു. 100 കിലോവാട്ട് ഉൽപാദിപ്പിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയുടെ മാതൃക നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി (എൻഐഒടി) വികസിപ്പിച്ചിരുന്നു. ഈ രംഗത്തു കൂടുതൽ ഗവേഷണം നടത്താനുള്ള പദ്ധതികൾ ഡീപ് ഓഷൻ മിഷന്റെ ഭാഗമായുണ്ട്. കൂടാതെ കടൽവെള്ളത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള കൂടുതൽ ഗവേഷണങ്ങളും നടത്തും. നിലവിൽ റിവേഴ്സ് ഓസ്മോസിസ് ഉപയോഗിക്കാതെ തെർമൽ ഗ്രേഡിയൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കടൽ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനം ലക്ഷദ്വീപിലെ മൂന്ന് ദ്വീപുകളിലുണ്ട്.

ക്രിൽ ഫിഷറി

അന്റാർട്ടിക്കയിൽ നിന്നു ലഭിക്കുന്ന ക്രിൽ മൽസ്യം ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയ മൽസ്യഇനമാണ്. ഒമേഗ–ത്രീ റിച്ച് ക്രിൽ ഓയിലിന്റെ വിപണി മൂല്യം ഏറെയാണ്. മരുന്നുകളിൽ വരെ ഇതുപയോഗിക്കുന്നു. അന്റാർട്ടിക്കയിൽ നിന്നു പിടിക്കാവുന്ന മൽസ്യത്തിന്റെ അളവിൽ പക്ഷേ നിയന്ത്രണം ചെലുത്തിയിട്ടുണ്ട്. കൺവൻഷൻ ഫോർ കൺസർവേഷൻ ഓഫ് അന്റാർട്ടിക് മറൈൻ ലിവിങ് റിസോഴ്സാണ് (സിസിഎഎംഎൽആർ) ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ത്യയ്ക്ക് പ്രതിവർഷം ഒരളവിൽ ക്രിൽ മൽസ്യത്തെ പിടിക്കാനുള്ള അനുമതിയുണ്ടെങ്കിലും ഇതു ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടില്ല. പിടിച്ച് ഉടൻ തന്നെ മൽസ്യത്തെ സംസ്കരിക്കണം എന്നുള്ളതുകൊണ്ടാണിത്. ഡീപ് ഓഷൻ മിഷന്റെ ഭാഗമായി ഇതിനുള്ള പരിഹാരവും മുന്നോട്ടുവച്ചിട്ടുണ്ട്. 2014ൽ ക്രിൽ മൽസ്യത്തിന്റെ വിപണി മൂല്യം 27 കോടി ഡോളറായിരുന്നു. 2022ൽ ഇത് 70 കോടി ഡോളറാകുമെന്നാണു വിലയിരുത്തൽ.

രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു

രണ്ട് വർഷം മുൻപാണ് ആഴക്കടൽ ഗവേഷണത്തിന്റെ സാദ്ധ്യതകൾ ആരായുന്ന ഡീപ് ഓഷൻ മിഷൻ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചത്. 38 കോടി ടൺ പിഎംഎൻ ശേഖരമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 47 ലക്ഷം ടൺ നിക്കൽ, 42.9 ലക്ഷം ടൺ ചെമ്പ്, 925 ലക്ഷം ടൺ മാംഗനീസ്, ശ്രദ്ധേയമായ അളവിൽ കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൽ പുരോഗമിക്കുകയാണ്. സെൻട്രൽ ഇന്ത്യൻ ഓഷൻ ബേസിനിൽ 75000 ചതുരശ്ര കിലോമീറ്റർ സ്ഥലം ഇന്ത്യയ്ക്ക് പര്യവേക്ഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഇന്റർനാഷനൽ സീബെഡ് അഥോറിറ്റി, 2017ൽ ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന ഉച്ചകോടിയിൽ നൽകിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വന്തം തീര സാമ്പത്തികമേഖല (എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ) 22 ലക്ഷം ചതുരശ്ര കിലോമീറ്ററുണ്ട്. ഇവയിലൊന്നും പര്യവേക്ഷണദൗത്യങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഇതുപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കും.