ജമ്മു: അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ സ്ഥിതിഗതികൾ മാറിമറിയുന്നു. പാക്കിസ്ഥാന് എതിരെ അമേരിക്കയുടെ നീക്കം. ഭീകരവാദത്തിൽ പാക്കിസ്ഥാന്റെ നിലപാടിനെതിരെ കർശന നീക്കവുമായി ഇന്ത്യയും. അതേസമയം, സ്ഥിതി മുതലെടുക്കാൻ ചൈനയും രംഗത്ത് എത്തുന്നതോടെ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ കരുതലോടെ നീങ്ങുന്നു.

ഇതിന്റെ ഭാഗമായി ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഇന്ത്യ കൂടുതൽ ബങ്കറുകൾ നിർമ്മിച്ചു തുടങ്ങി. ഒറ്റയ്ക്കും കൂട്ടായും 14,000 ബങ്കറുകൾ നിർമ്മിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണം അടുത്തിടെ കനത്ത തോതിലാണ് നടക്കുന്നത്. മുമ്പില്ലാത്ത വിധം ഈ പ്രകോപനത്തിന് ചൈനയുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ സഹായം ഉണ്ടോയെന്നും സംശയം നയതന്ത്ര വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്. അതിർത്തിയലെ പാക് ആക്രമണം കനത്ത സാഹചര്യത്തിലാണ് ബങ്കറുകൾ നിർമ്മിക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു.

നിയന്ത്രണരേഖ പങ്കിടുന്ന പൂഞ്ച്, രജൗരി ജില്ലകളിലായി 7298 ബങ്കറുകളാണ് ഇന്ത്യ നിർമ്മിക്കുന്നത്. ജമ്മു, കത്വ, സാംബ ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തിയിലുൾപ്പെടെ 7162 ഭൂഗർഭ അറകൾ നിർമ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. 14,460 ബങ്കറുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് അടുത്തിടെ സർക്കാർ അനുമതി നൽകിയിരുന്നു. 415 കോടി രൂപയാണ് ഇത്രയും ബങ്കറുകളുടെ നിർമ്മാണത്തിനു ചെലവുവരുന്നത്.

നിർമ്മിക്കുന്ന ബങ്കറുകളിൽ 13,029 എണ്ണം വ്യക്തിഗത ഭൂഗർഭ അറകളും 1431 എണ്ണം കമ്മ്യൂണിറ്റി ബങ്കറുകളുമാണെന്ന് അധികൃതർ വ്യക്തമാക്കി. എട്ടു പേരെ ഉൾക്കൊള്ളാൻ കഴിയുന്നവയാണ് വ്യക്തിഗത ബങ്കറുകൾ. കമ്മ്യൂണിറ്റി ബങ്കറുകളിൽ 40 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 3323 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതിൽ ജമ്മു കാഷ്മീരിൽ 221 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തിയും 740 കിലോമീറ്റർ നിയന്ത്രണ രേഖയുമാണുള്ളത്. ഈ അതിർത്തിയാണ് ഇന്ത്യ-പാക് പ്രശ്‌നങ്ങളുടെ കേന്ദ്രമായി തുടരുന്നത്.