- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴുവൻ സമയവും ഇന്ത്യൻ ഭൂഖണ്ഡത്തെ നിരീക്ഷിക്കും: പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ മുന്നറിയിപ്പ് നൽകും; ഇന്ത്യയുടെ 'ആകാശക്കണ്ണ്' ആകാൻ ഇഒഎസ് -3; ഉപഗ്രഹ വിക്ഷേപണം വ്യാഴാഴ്ച; ചരിത്ര നേട്ടത്തിനൊരുങ്ങി രാജ്യം
ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-3 വ്യാഴാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് കുതിച്ചുയരുക. ഇടവേളകൾ ഇല്ലാതെ മുഴുവൻ സമയവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഇഒഎസ് 03 ഉപഗ്രഹം വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ 5.43നാണ് വിക്ഷേപണം. ഭ്രമണപഥത്തിൽ എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-03. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപഗ്രഹം നിർമ്മിച്ചത്.
ബുധനാഴ്ച രാവിലെയാണ് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചത്. ജിയോ ഇമേജിങ് സാറ്റലൈറ്റ് -1 (ജിസാറ്റ് -1) എന്ന ഉപഗ്രഹത്തിന്റെ പേര് ഇഒഎസ് -03 എന്ന് പുനർനാമകരണം ചെയ്തതാണ്. 51.70 മീറ്റർ ഉയരവും 416 ടൺ ഭാരവുമുള്ള ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ -എഫ് 10 (ജിഎസ്എൽവി -എഫ് 10) കാലാവസ്ഥാ അനുകൂലമാണെങ്കിൽ നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപിക്കുമെന്ന് ഇസ്രോ അറിയിച്ചു.
2,268 കിലോഗ്രാം ഭാരമുള്ള ഇഒഎസ് -03 വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തും. പിന്നീട് ഉപഗ്രഹത്തിലെ ഓൺബോർഡ് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുമെന്ന് ഇസ്രോ വക്താവ് പറഞ്ഞു. ജിഎസ്എൽവി ഒരു ത്രീ സ്റ്റേജ്, എൻജിൻ റോക്കറ്റ് ആണ്. ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാമത്തേതിൽ ദ്രാവക ഇന്ധനവും മൂന്നാമത്തേതിൽ ക്രയോജനിക് എൻജിനുമാണ് പ്രവർത്തിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി റോക്കോറ്റിന്റെ മുൻഭാഗം വെടിയുണ്ടയുടെ ആകൃതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കൂടുതൽ വേഗം ലഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
ഭ്രമണപഥത്തിൽ എത്തുന്ന ഉപഗ്രഹം സ്വന്തം പ്രോപൽഷൻ സംവിധാനം ഉപയോഗിച്ച് മുന്നോട്ടുനീങ്ങി നിർദിഷ്ട സ്ഥാനത്ത് എത്തിച്ചേരും. തുടർന്ന് ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് ഉപഗ്രഹത്തിന്റെ ദിശയും ക്രമീകരിക്കും. ഇതോടെ ഭൗമ നിരീക്ഷണം കാര്യക്ഷമമായി നിർവഹിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങൾ പകർത്തുകയാണ് ഇഒഎസ്3യുടെ പ്രധാന ജോലി. പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനും ഈ ഉപഗ്രഹത്തിന് സാധിക്കും. ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
കഴിഞ്ഞ വർഷം മാർച്ച് 5 ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ഉപഗ്രഹമാണ് ഇഒഎസ്3. എന്നാൽ, വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുൻപ് ചില സാങ്കേതിക തകരാറുകൾ കാരണം ദൗത്യം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് 2021 മാർച്ചിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചെങ്കിലും ഉപഗ്രഹത്തിന്റെ ബാറ്ററി പ്രശ്‌നങ്ങൾ കാരണം വീണ്ടും വൈകി. ബാറ്ററി മാറ്റി ഉപഗ്രഹവും റോക്കറ്റും ശ്രീഹരിക്കോട്ടയിൽ പറന്നുയരാൻ തയ്യാറെടുക്കുമ്പോഴാണ് കോവിഡ് -19 ന്റെ രണ്ടാം തരംഗം വരുന്നത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ പലരെയും കോവിഡ് ബാധിച്ചിരുന്നു.
ന്യൂസ് ഡെസ്ക്