ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം തുടരുമ്പോഴും പാക്കിസ്ഥാനുനേരെ സൗഹൃദഹസ്തം നീട്ടി ഇന്ത്യ. വിവിധ കേസുകളിലായി ഇന്ത്യൻ ജയിലുകളിൽ കഴിഞ്ഞിരുന്ന 11 പാക്ക് തടവുകാരെ ഇന്ത്യ വിട്ടയച്ചു. ഇന്ത്യ വിട്ടയച്ച തടവുകാർ വാഗാ അതിർത്തി കടന്നു പാക്കിസ്ഥാനിലെത്തി. തടവുകാരെ വിട്ടയക്കണമെന്നു പാക്കിസ്ഥാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് പാക്ക് തടവുകാരെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഈ നടപടി രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു.

തടവുകാരെ മോചിപ്പിച്ചതു മനുഷ്യത്വപരമായ നടപടിയാണെന്നും, ജാദവ് കേസിനെ ഇതു ബാധിക്കില്ലെന്നും ജയിൽ അധികൃതർ അറിയിച്ചു. പാക്ക് സർക്കാരിന്റെ കണക്കുപ്രകാരം 132 ഇന്ത്യക്കാർ അവിടെ ജയിലിലുണ്ട്. ഇതിൽ 57 പേർ ശിക്ഷാ കാലാവധി പൂർത്തിയാക്കി. ഇവരുടെ പൗരത്വം ഇന്ത്യ തെളിയിച്ചാൽ വിട്ടയക്കാമെന്നാണു പാക്ക് നിലപാട്.

കസഖ്സ്ഥാനിലെ അസ്താനയിൽ കഴിഞ്ഞദിവസം നടന്ന ഷാങ്ഹായ് സഹകരണസമിതി ഉച്ചകോടിയിൽ (എസ്‌സിഒ) പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും സൗഹൃദസംഭാഷണം നടത്തിയിരുന്നു. ഷരീഫിന്റെ അസുഖവിവരങ്ങളാണു മോദി പ്രധാനമായും തിരക്കിയത്. 17 മാസത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു മോദിഷരീഫ് കൂടിക്കാഴ്ച നടന്നത്.