- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ; രാജ്യത്തിന്റെ ആവശ്യത്തിന് ശേഷമുള്ള വാക്സിൻ കയറ്റുമതി ചെയ്യും; പ്രധാന പരിഗണന അയൽരാജ്യങ്ങൾക്ക്
ന്യൂഡൽഹി: വാക്സിൻ കയറ്റുമതിയും മറ്റ് രാജ്യങ്ങൾക്കുള്ള വാക്സിൻ സംഭാവന നൽകലും പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് രണ്ടാം തരംഗം ഉണ്ടായതിനെതുടർന്ന് കേന്ദ്ര സർക്കാർ വാക്സിൻ കയറ്റുമതി നിർത്തിവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ആരംഭിക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് കേന്ദ്ര സർക്കാരിന്റെ നടപടി. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യ വാക്സിൻ കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും വലിയ വാക്സിൻ ഉത്പാദന രാജ്യമായ ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തുന്നത് ആഗോള തലത്തിൽ സമ്പൂർണ വാക്സിൻ ലക്ഷ്യത്തിലെത്തിക്കാൻ തടസ്സമാവുമെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തൽ.
രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആവശ്യത്തിന് ശേഷം വരുന്ന വാക്സിൻ കയറ്റുമതി ചെയ്യും. അയൽരാജ്യങ്ങൾക്കാവും പ്രധാന പരിഗണ നൽകുക. അടുത്ത മാസം രാജ്യത്ത് 30 കോടി വാക്സിൻ ഉത്പാദിപ്പിക്കും.
വാക്സിൻ കയറ്റുമതി നിർത്തുന്നതിന് മുൻപ് ഇന്ത്യ നൂറോളം രാജ്യങ്ങൾക്കായി 6.6 കോടി വാക്സിൻ വിതരണം ചെയ്തിരുന്നു. തുടർന്ന് രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിച്ചതിനെ തുടർന്നാണ് വാക്സിൻ വിതരണം നിർത്തിവെച്ചത്. വാക്സിൻ കയറ്റുമതി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ വിദേശ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് വാക്സിൻ കയറ്റുമതി നിർത്തിവെച്ചത്.
ന്യൂസ് ഡെസ്ക്