ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് നാസ കഴിഞ്ഞാൽ അവഗണിക്കാൻ കഴിയാത്ത വിധത്തിൽ രണ്ടാമത്ത ഏജൻസിയായി ഇന്ത്യയുടെ ഐസ്ആർഒ മാറിയിട്ട് കാലം കുറേയായി. മംഗൾയാൻ പദ്ധതിയോടെ ലോകത്തെ തന്നെ അമ്പരപ്പിച്ച ഐസ്എസ്ആർഒ വീണ്ടും ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ എല്ലാ രാജ്യങ്ങളും വിക്ഷേപിച്ച ഉപഗ്രഹങ്ങളേക്കാൾ മികച്ച വിധത്തിലുള്ള സാങ്കേതിക വിദ്യായോടെ ഒരു ഉപഗ്രഹം ചന്ദ്രനിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ.

ഇന്ത്യയുടെ സുപ്രധാനമായ ചന്ദ്രയാൻ മിഷനിലെ രണ്ടാമത്തെ പദ്ധതിയെന്ന വിധത്തിലാണ് പുതിയ ദൗത്യം. 2018ഓടെ ലോഞ്ചിങ് ലക്ഷ്യമിടുന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ വളരെ വലുതാണ്. ജിഎസ്എൽവി എംക രണ്ടാണ് ചന്ദ്രയാൻ ദൗത്യത്തിലെ രണ്ടാമത്തെ ഏടായി അറിയപ്പെടുന്നത്. പദ്ധതിയുടെ വിജയത്തിനായി ടീം ഇൻഡസ് എന്നപേരിൽ വിപുലമായ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഐഐടി ഡൽഹിയിൽ നിന്നും പഠിച്ചിറങ്ങിയ രാഹുൽ നാരായണന്റെ നേതൃത്വത്തിലാണ് യുവ എൻജിനീയർമാരെ അണി നിരത്തുന്നത്. 500 മീറ്റർ ചന്ദ്രന്റെ പ്രദലത്തിൽ നടക്കാൻ അടക്കമുള്ള സംവിധാനങ്ങൾ അടങ്ങുന്നതാണ് പുതിയ ചന്ദ്രയാൻ ദൗത്യം.

ഇതിനായി സാങ്കേതിക രംഗത്തെ ഇന്ത്യൻ ഭീമന്മാരെ കൂടി ഉൾപ്പെടുത്താനാണ് ഐഎസ്ആർഒയുടെ നീക്കം. ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ നന്ദൻ നിലേകാനി, ഐഎസ്ആർ മുൻ ചെയർമാൻ കസ്തൂരി രംഗൻ തുടങ്ങിയ പ്രഗ്ത്ഭരുടെ സേവനങ്ങളും തേടാൻ ടീം ഇൻഡസ് തീരുമാനിച്ചിട്ടുണ്ട്. സാങ്കേതികമായി വളരെ വ്യത്യസ്തമായ ദൗത്യമെന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഈ ദൗത്യത്തിന് പുറമേ ഇന്ത്യയ്ക്ക് വേണ്ട ഊർജ്ജം ചന്ദ്രനിൽ നിന്നെത്തിക്കാൻ വൻ പദ്ധതികളുമായി ബഹിരാകാശ ഏജൻസി ഐഎസ്ആർഒ രംഗത്തുണ്ട്. ഇന്ത്യയുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. 2030 തോടെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നാണ് കരുതുന്നത്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ പദ്ധതിയുടെ ആദ്യ രൂപരേഖ തയാറാകും.

ചന്ദ്രനിൽ നിന്നുള്ള ഊർജ്ജം ഇന്ത്യയിൽ എത്തിക്കുന്ന പദ്ധതി സംബന്ധിച്ച്‌ െഎഎസ്ആർഒ ശാസ്ത്രജ്ഞൻ ശിവതാണു പിള്ളയാണ് പങ്കുവെച്ചത്. ചന്ദ്രനിൽ നിന്ന് 2030തോടു കൂടി ഹീലിയം3 ഉദ്ഖനനം ചെയ്യാനാവുമെന്നാണ് കരുതുന്നത്. ഹീലിയം3 ഉപയോഗിച്ച് രാജ്യത്തിന്റെ സ്വപ്ന പദ്ധതികൾ നിറവേറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പദ്ധതി സംബന്ധിച്ച് ഐഎസ്ആർഒയും പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ചന്ദ്രനിൽ നിന്ന് ഹീലിയം ഉൽപാദിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഈ പരീക്ഷണം വിജയിച്ചാൽ ലോകത്തിന്റെ നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നുന്നാണ് ഐഎസ്ആർഒയുടെ നിഗമനം.

അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ജനങ്ങൾ ഹണിമൂൺ ആഘോഷിക്കാൻ ചന്ദ്രനിൽ പോകുന്നത് പതിവ് കാഴ്‌ച്ച പോലും സാധ്യമാക്കുമെന്നാണ് ഐസ്ആർഒ അധികൃതരുടെ വിലയിരുത്തൽ.