ലണ്ടൻ: പുതിയ യുദ്ധക്കപ്പലുകളും ആണവ അന്തർവാഹിനികളുമടക്കം ഉൾപ്പെടുത്തി ഒരു ലക്ഷം കോടി രൂപ ചെലവിട്ട് നാവിക സേനയുടെ ശേഷി വർധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ പാശ്ചാത്യർക്ക് പിടിക്കുന്നില്ല. ഇന്ത്യ ഇങ്ങനെ വൻ തുക ചെലവഴിക്കുകയാണെങ്കിൽ ബ്രിട്ടൺ ഇന്ത്യയ്ക്കു നൽകി വരുന്ന ദശലക്ഷക്കണക്കിന് പൗണ്ടിന്റെ സഹായം ഈ വർഷാവസാനത്തോടെ നിർത്തുന്നതാണ് നല്ലതെന്ന് ബ്രിട്ടീഷ് എംപിമാർ പറയുന്നു. 50000 കോടി ചെലവിട്ട് ഏഴ് ഇടത്തരം യുദ്ധക്കപ്പലുകളും മറ്റൊരു 50000 കോടി ചെലവിട്ട് ആറ് ആണവ അന്തർവാഹിനികളും നിർമ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. പുതിയ അന്തർവാഹിനികൾക്കുള്ള ഓർഡർ നൽകി ഏതാനും മാസങ്ങൾക്കു ശേഷമാണ് ഈ അനുമതിയും ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ മഹാ സമുദ്രത്തിലെ ചൈനീസ് സൈനിക സാന്നിധ്യത്തെ പ്രതിരോധിക്കാനും ശേഷിയിൽ അവരോടൊപ്പമെത്താനുമാണ് സൈനിക ശേഷി ഇന്ത്യ കൂട്ടുന്നത്.

സൈനിക ശേഷി മെച്ചപ്പെടുത്തുന്ന കാര്യം അധികാരമേറ്റതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സജീവ പരിഗണനയിലുണ്ട്. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള യുദ്ധ ഭീഷണികൾ ഒരേ സമയം നേരിടാനുള്ള ശേഷി ഇന്ത്യക്കില്ലെന്ന വാദത്തെ തുടർന്നാണ് സേനയുടെ കരുത്ത് കൂട്ടാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ദക്ഷിണേന്ത്യൻ തീരത്തിനടുത്ത് ശ്രീലങ്കൻ തീരത്ത് ചൈനീസ് അന്തർവാഹിനികൾ എത്തിയതിനെ തുടർന്നുണ്ടായ ആശങ്കകളാണ് നാവിക സേനയുടെ കരുത്ത് കൂട്ടാൻ ഇന്ത്യയെ തിടുക്കത്തിൽ തീരുമാനമെടുപ്പിച്ചത്. പ്രൊജക്ട് 17എ എന്നു പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം കൊൽക്കത്തയിലെയും മുംബയിലേയും സർക്കാർ ഷിപ്യാർഡുകളിൽ വച്ചായിരിക്കും യുദ്ധക്കപ്പലുകളുടെ നിർമ്മാണം.

ബ്രിട്ടനിൽ പൊതു സേവനങ്ങൾക്കുള്ള ചെലവുകൾ സർക്കാർ വെട്ടിച്ചുരുക്കി കൊണ്ടിരിക്കുമ്പോൾ ഇന്ത്യ പോലെ സൈനിക ശേഷിക്കായി വൻ തുക ചെലവിടുന്ന രാജ്യത്തിന് ബ്രിട്ടൻ സഹായം നൽകുന്നതിനെതിരേ എംപിമാർക്കിടയിൽ രോഷം വളരുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യയ്ക്കുള്ള സഹായ പദ്ധതികൾ നിർത്തുമെന്ന് 2012-ൽ ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആഗോള തലത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്ഥാനം തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു ഇന്റർനാഷണൽ ഡെവലപ്‌മെന്റ് സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ് പറഞ്ഞത്. ഈ സഹായ പദ്ധതി പുനപ്പരിശോധിക്കുകയും ഇന്ത്യൻ സർക്കാരുമായി ഇക്കാര്യം ചർച്ച നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സഹായം നൽകുന്നതിനു പകരം വിഭവ ശേഷി പങ്കുവയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയമായെന്നും അവർ കൂട്ടിച്ചേർത്തു.

'2015-ഓടെ ഇന്ത്യക്കുള്ള ബ്രിട്ടന്റെ എല്ലാ സാമ്പത്തിക സഹായങ്ങളും അവസാനിപ്പിക്കും. ഇനി മുതൽ സ്വകാര്യ മേഖലാ വൈദഗ്ധ്യവും സാങ്കേതിക സഹായങ്ങളും മാത്രമായിരിക്കും ബ്രിട്ടീഷ് സർക്കാർ ഇന്ത്യയ്ക്കു നൽകുക,' അവർ വ്യക്തമാക്കി. 'ഇന്ത്യയെ ദാരിദ്രത്തിൽ നിന്നും രക്ഷപ്പെടുത്തുന്നത് ധനസഹായമല്ല. വ്യാപാരമാണ്. സഹായം വെറുമൊരു മുറിവുണക്കൽ ഉപാധി മാത്രമാണ്,' ടോറി എംപി പീറ്റർ ബോൺ വിശേഷിപ്പിച്ചു.