ചെന്നൈ: രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് വൻ കുതിച്ചുചാട്ടമാകുന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച വാഹനം മുൻ നിശ്ചയിച്ച പാതയിലൂടെ ബംഗാൾ ഉൾക്കടലിലെ സാങ്കല്പിക റൺവേയിലേക്ക് തിരികെ പതിച്ചു. വിക്ഷേപണം വിജയകരമാണെന്ന് ഐഎസ്ആർഒയു അറിയിച്ചു.

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) എന്നാണ് പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പേര്. ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ച് അന്തരീക്ഷത്തിൽ പ്രവേശിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ആർഎൽവി നിർമ്മിച്ചിരിക്കുന്നത്. ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ പരീക്ഷണത്തെ വീക്ഷിച്ചത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങൾക്ക് പേരുകേട്ട ഐഎസ്ആർഒ, വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്തതോടെ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. ഐഎസ്ആർഒയുടെ കുതിപ്പിലെ ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

സാധാരണ വിക്ഷേപണത്തിന്റെയത്ര സങ്കീർണതകളില്ലാത്തതാണ് പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം. അതുകൊണ്ട് തന്നെ ഏറെ മുന്നേറ്റം ബഹിരാകാശ രംഗത്ത് ഇതിലൂടെ കൈവരും. രാവിലെ 7ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ ബൂസ്റ്റർ റോക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്റെ വിേക്ഷപണത്തിനുള്ള കൗണ്ട്ഡൗൺ ഞായറാഴ്ച രാത്രി 11ന് ആരംഭിച്ചിരുന്നു. കൃത്യസമയത്ത് തന്നെ എല്ലാം പൂർത്തിയായി. കൃത്യസമയത്ത് വാഹനം ബംഗാൾ ഉൾക്കടലിലെ സാങ്കൽപ്പിക റൺവേയിൽ ഇറങ്ങുകയും ചെയ്തു.

ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്ന ചിറകുള്ള ബഹിരാകാശ പേടകത്തിന്റെ ആദ്യ മാതൃക വിക്ഷേപണത്തിന് തയ്യാറാക്കുന്നതിന് 12 വർഷത്തിലധികമെടുത്തു. 95 കോടിയോളം രൂപയാണ് ഇതിന് ചെലവായത്. ജി.മാധവൻ നായർ വി എസ്.എസ്.സി. ചെയർമാനായിരുന്ന കാലത്താണ് പുനരുപയോഗ വിക്ഷേപണ വാഹന(ആർ.എൽ.വി.ടി.ഡി.)ത്തിന്റെ പദ്ധതിക്ക് തുടക്കമായത്. ഖര ഇന്ധനം ഉപയോഗിക്കുന്ന ഒൻപത് ടൺ ഭാരമുള്ള ബൂസ്റ്റർ റോക്കറ്റിന് മുകളിലിരുന്ന് 70 കിലോമീറ്റർ മുകളിലേക്കും പിന്നീട് അതിൽനിന്ന് വിഘടിച്ച് ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ മുൻ നിശ്ചയിച്ച പാതയിലൂടെ ബംഗാൾ ഉൾക്കടലിലെ സാങ്കല്പിക റൺവേയിലേക്ക് തിരികെ പതിക്കുകയും ചെയ്യിച്ചാണ് പരീക്ഷണ വിക്ഷേപണം പൂർത്തിയായത്. ഇതോടെ പൂർണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം പൂർത്തിയായി.

2030ൽ ഇന്ത്യക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പൂർണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് തിങ്കളാഴ്ച പരീക്ഷിച്ച വാഹനത്തെക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ടാകും. പരീക്ഷണ വാഹനത്തിന് 6.5 മീറ്റർ നീളവും 1.75 ടൺ ഭാരവുമാണ് ഉള്ളതെങ്കിൽ അന്തിമമായി രൂപകല്പന ചെയ്യുന്ന വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റർ നീളവും 72 ടൺ ഭാരവുമാണുണ്ടാവുക. ഇപ്പോൾ വിക്ഷേപിക്കുന്ന പരീക്ഷണ വാഹനം 70 കിലോമീറ്റർ മുകളിൽ നിന്നാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്നതെങ്കിൽ യഥാർഥ വാഹനത്തിന്റെ പുനഃപ്രവേശം 100 കിലോമീറ്റർ മുകളിൽ നിന്നായിരിക്കും. ശബ്ദത്തെക്കാൾ 25 മടങ്ങ് വേഗതയാണ് യഥാർഥ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. പൂർണമായും തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചതാണ് പുനരുപയോഗ വിക്ഷേപണ വാഹനം.

നെയ്യാറ്റിൻകര സ്വദേശിയായ ശ്യാം മോഹനാണ് ആർ.എൽ.വി.ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടർ. 2002 മുതൽ 2004 വരെ ഡോ. ജി.മാധവൻ നായരുടെ മേൽനോട്ടത്തിൽ ശ്യാം മോഹൻ ആർ.എൽ.വി.യുടെ സിസ്റ്റം എൻജിനിയറിങ്ങിലും സിസ്റ്റം ആർക്കിടെക്ചറിലും ജോലി ചെയ്തു. പിന്നീട് ഡോ. എ.പി.ജെ.അബ്ദുൽ കലാം, ഡോ. കസ്തൂരിരംഗൻ, ഡോ. ആർ.നരസിംഹ, ഡോ. ജി.മാധവൻ നായർ തുടങ്ങിയവർ ശ്യാംമോഹന്റെയും സംഘത്തിന്റെയും പഠനങ്ങൾ പരിശോധിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. 2004ൽ ദൗത്യത്തിന് അംഗീകാരവും ലഭിച്ചു.

2011 മുതൽ ശ്യാം മോഹനാണ് ആർ.എൽ.വിടി.ഡി.യുടെ പ്രോജക്ട് ഡയറക്ടർ. നിലവിലെ ഡയറക്ടർ ഡോ. കെ.ശിവൻ ഉൾെപ്പടെ ഐഎസ്ആർഒയിലെ അറുനൂറോളം എൻജിനിയർമാരുടെ ശ്രമമാണ് തിങ്കളാഴ്ച യാഥാർഥ്യമായത്.