- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിർത്തി സംഘർഷം കൊടുമ്പിരി കൊള്ളുന്ന കാലത്ത് ചൈനയിലെ ബാങ്കിൽ നിന്ന് കോടികൾ കടം വാങ്ങി മോദി സർക്കാർ; 9202 കോടിയുടെ രണ്ടുവായ്പാ കരാറുകൾ ഒപ്പുവച്ചത് ബീജിങ് കേന്ദ്രമായുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായി; ആദ്യകരാർ ഒപ്പുവച്ചത് ഗാൽവൻ താഴ് വരയിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച് നാലുദിവസത്തിന് ശേഷം; കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ വിവരം സ്ഥിരീകരിച്ചതോടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമെന്ന് ആക്ഷേപം
ന്യൂഡൽഹി: ചൈനയുമായി അതിർത്തി സംഘർഷം കൊടുമ്പിരി കൊണ്ടുനിൽക്കുമ്പോൾ ഇന്ത്യ ചൈനയിലെ ബാങ്കിൽ നിന്ന് കോടികൾ കടം വാങ്ങി. മൊത്തം 9202 കോടി വരുന്ന രണ്ടു വായ്പകൾ ബീജിങ് കേന്ദ്രമായുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ(എഐഐബി) നിന്നാണ് വാങ്ങിയത്. കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് താക്കൂർ ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചു.
ജൂൺ 15: ഗാൽവൻ താഴ് വരയിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുന്നു.
ജൂൺ 19: എഐഐബിയുമായി ഇന്ത്യ വായ്പാകരാർ ഒപ്പുവയ്ക്കുന്നു. 750 ദശലക്ഷം ഡോളർ( 5521 കോടി). പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്കായി. ബീജിങ് കേന്ദ്രമായ ബാങ്കിൽ ഏറ്റവും അധികം ഓഹരി ചൈനയ്ക്ക്.
ജൂലൈ 29: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിക്കുന്നു. അപ്രതീക്ഷിത നീക്കം. പിന്നീട് കൂടുതൽ ആപ്പുകളെ നിരോധനപരിധിയിൽ പെടുത്തി.
ചൈന കഴിഞ്ഞാൽ, ഇന്ത്യയാണ് എഐഐബിയിലെ രണ്ടാമത്തെ വലിയ ഓഹരി പങ്കാളി. ഈ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിൽ തെറ്റൊന്നുമില്ല. കോവിഡ് സാമൂഹിക സുരക്ഷാ പരിപാടിയുടെ വേഗം കൂട്ടാനാണ് ഈ തുക വായ്പ എടുത്തത് എന്നതുകൊണ്ട്തന്നെ ഉദ്ദേശ്യത്തിലും തെറ്റുപറയാനില്ല. എന്നാൽ, അതിർത്തിയിൽ സംഘർഷം മുറുകിയ പശ്ചാത്തലത്തിൽ, ഉഭയകക്ഷി ബന്ധങ്ങൾ വഷളായ സാഹചര്യത്തിൽ, ചൈനാ ബാങ്കുമായുളേള വായ്പാകരാറിന്റെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിർത്തി മാറ്റി വരയ്ക്കാൻ കുത്സിത നീക്കം നടത്തുന്ന ചൈനയുമായി ഇനി ഇടപാടില്ലെന്ന് വിദേശകാര്യമന്ത്രാലയം മുഖത്ത് നോക്കി പറഞ്ഞതിനെ ദുർബലപ്പെടുത്തുന്നതാണ് വായ്പ എടുക്കൽ എന്നാണ് വിമർശനം.
ജൂൺ 19 ന് ഗാൽവൻ കൂട്ടക്കൊല നടന്ന് നാല് ദിവസത്തിന് ശേഷമായിരുന്നു 5521 കോടിയുടെ എഐഐബിയുമായുള്ള കരാർ. ചൈനീസ് സൈനികർ അതിർത്തിയിൽ കടന്നുകയറ്റം നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട അതേ ദിവസം തന്നെയായിരുന്നു കരാർ ഒപ്പിട്ടത്.
2016 ലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മോദി സർക്കാർ കൊണ്ടുവന്നത്. പദ്ധതിക്ക് കീഴിലാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശ്വാസ പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്. എഐഐബിയുമായുള്ള കരാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് സാമ്പത്തിക സസഹായം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു.
ആദ്യ കരാർ കിഴക്കൻ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിനിടെ
മെയ് 8 നാണ് കിഴക്കൻ ലഡാക്കിൽ ചൈന കടന്നുകയറ്റം നടത്തിയതായ ആദ്യറിപ്പോർട്ടുകൾ വന്നത്. ആ സമയത്താണ് കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളറിന്റെ മറ്റൊരു വായ്പ എഐഐബിയിൽ നിന്നും ഇന്ത്യ എടുത്തത്. ഇക്കാര്യങ്ങളെല്ലാം അനുരാഗ് ഠാക്കൂർ ഇന്നലെ ലോക്സഭയിൽ സ്ഥിരീകരിച്ചു. ബിജെപി എംപിമാരായ സുനിൽ കുമാർ സിങ്ങും. പിപി ചൗധരിയുമാണ് രേഖാമൂലം ചോദ്യം ചോദിച്ചത്. എഐഐബിയുമായി ഇന്ത്യ രണ്ട് കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. ആദ്യ വായ്പ കരാർ മെയ് 8 ന് ഒപ്പുവച്ചു. ഇന്ത്യയുടെ കോവിഡ് 19 അടിയന്തര പ്രതികരണ-പ്രതിരോധ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു കരാറുകൾ-അനുരാഗ് ഠാക്കൂർ വിശദീകരിച്ചു. പദ്ധതിയുടെ ആനുകൂല്യങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലഭ്യമായിട്ടുണ്ട്. ആദ്യ വായ്്പയായ 500 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 251.25 മില്യൻ ഡോളർ എഐഐബി അനുവദിച്ചു. 750 മില്യന്റെ രണ്ടാമത്തെ വായ്പാകരാർ 2020, ജൂൺ 19 ന് ഒപ്പുവച്ചു. ഇതിന്റെ ആനുകൂല്യങ്ങളും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറി.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും വായ്പാ ആനുകൂല്യങ്ങൾ കിട്ടി. 750 മില്യന്റെ വായ്പാ തുക പൂർണമായി വിതരണം ചെയ്ത് കഴിഞ്ഞെന്നും അനുരാഗ് ഠാക്കൂർ അറിയിച്ചു. കോവിഡ് പ്രതിരോധ സഹായത്തിനായി എഐഐബിയിൽ നിന്ന് വായ്പ വാങ്ങിയതിന്റെ വിശദാംശങ്ങളും, ഉദ്ദേശലക്ഷ്യങ്ങളും, ഗുണഭോക്താക്കളും എല്ലാമാണ് ബിജെപി എംപിമാർ ചോദ്യങ്ങളിലൂടെ ആരാഞ്ഞത്.
ഷീജിൻ പിങ്ങിന്റെ ആശയം
ഏഷ്യയ്ക്കകത്തും പുറത്തും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട ബഹുതല വികസന ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് പ്രവർത്തനം തുടങ്ങിയത്. ലോകമെമ്പാടുമായി 103 അംഗീകൃത അംഗങ്ങളുണ്ട്. എഐഐബിയുടെ സ്ഥാപക അംഗങ്ങളിൽ പെടുന്ന രാജ്യമാണ് ഇന്ത്യ. ചൈനയ്ക്ക് 26.61 ശതമാനം വോട്ടിങ് ഓഹരികളും, ഇന്ത്യയ്ക്ക് 7.6 ശതമാനം വോട്ടിങ് ഓഹരികളും ഉണ്ട്.
ഏഷ്യയിലെ അവികസിത രാജ്യങ്ങൾ ലോകബാങ്കിനെയും ഐഎംഎഫിനെയും കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് 2013 ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഈ വികസന ബാങ്കെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.