ബംഗളൂരു: ടെക് വെൻച്വർ കാപ്പിറ്റൽ ഡീലിൽ ഇന്ത്യ ചൈനയെ കടത്തി വെട്ടി. 2015 ആദ്യപാദത്തിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയ്ക്ക് 69 പുതിയ ഡീലുകൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ചൈനയ്ക്കാകട്ടെ 66 എണ്ണവും. വെൻച്വർ കാപ്പിറ്റലുകളെ (വിസി) കുറിച്ച് പഠനം നടത്തുന്നതും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ സിബി ഇൻസൈറ്റിന്റെ റിപ്പോർട്ട് പ്രകാരമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

വെൻച്വർ കാപ്പിറ്റൽ ഡീലിൽ ഇന്ത്യ ഏഷ്യൻ രാജ്യങ്ങളിൽ വച്ചേറ്റം മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് സിബി ഇൻസൈറ്റ്‌സ് പറയുന്നത്. 2014 ആദ്യപാദത്തെ അപേക്ഷിച്ച് ഇന്ത്യ ഇതിൽ 60 ശതമാനം വളർച്ചയാണ് നേടിയിട്ടുള്ളത്. ഈ കാലയളവിൽ 43 ഡീലുകൾ നേടിയ സ്ഥാനത്താണ് ഇപ്പോൾ 69 ഡീലുകൾ സ്വന്തമാക്കിയിരിക്കുന്നത്.

ഡീലുകളുടെ എണ്ണത്തിൽ ഇന്ത്യ മുന്നിലാണെങ്കിലും ഡീൽ വാല്യുവിന്റെ കാര്യത്തിൽ ചൈന തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 2.99 ബില്യൺ ഡോളർ ആണ് ഈ വർഷം ആദ്യപാദത്തിൽ ചൈനയ്ക്ക് ലഭ്യമായിട്ടുള്ള ഡീലുകളുടെ വാല്യു. അതേസമയം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന ഡീലുകളുടെ വാല്യു 1.35 ബില്യൺ ഡോളർ മാത്രമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുൻ വർഷത്തേക്കാൾ ഇത് 225 ശതമാനം കൂടുതലാണ്. 2015 ആദ്യപാദം വെൻച്വർ കാപ്പിറ്റലിലൂടെ ജപ്പാൻ നേടിയ സ്റ്റാർട്ട് അപ്പ് ഡീലുകൾ 28 എണ്ണം മാത്രമാണ്.

2007-08 കാലയളവിൽ ഈ മേഖലയിൽ ചൈന നേടിയ അതേ കുതിപ്പാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്നതെന്നാണ് ഗൂഗിൾ ഇന്ത്യയുടെ സ്റ്റാർട്ട് അപ്പ് പ്രോഗ്രാം ഹെഡ്ഡ് സുനിൽ റാവു പറയുന്നത്. രാജ്യത്തു തന്നെയുള്ള സ്റ്റാർട്ട് അപ്പ് കമ്പനികളുടെ എണ്ണം വർധിക്കുകയും ഇന്റർനെറ്റ് ഉപയോക്താക്കളുടെ കാര്യത്തിൽ വൻവർധന ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യം ഇതു സാധ്യമാക്കുന്നതെന്ന് സുനിൽ റാവു വ്യക്തമാക്കുന്നു.

രണ്ടു മൂന്നു വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 500 മില്യണിലെത്തുമെന്നും നിലവിൽ ഇതുമായി ഏറെ വ്യത്യാസമില്ലെന്നും ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കു പോലും ഇതേ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും സുനിൽ റാവു പറയുന്നു.