ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് വീണ്ടും ആഗോള സർവ്വേയുടെ അംഗീകരാം. ജനപ്രീതിയിൽ മോദി എത്രമാത്രം മുന്നിലാണെന്ന് വിശദീകരിക്കുന്നതാണ് പുതിയ റിപ്പോർട്ട് ജനവിശ്വാസത്തിൽ നരേന്ദ്ര മോദിയുടെ സർക്കാരിന് ലോകത്ത് മൂന്നാം സ്ഥാനമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി.) റിപ്പോർട്ട്.

മൂന്നിൽ രണ്ട് ഇന്ത്യക്കാരും നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ സന്തുഷ്ടരാണെന്ന് റിപ്പോർട്ട്. രാജ്യത്തെ ജനങ്ങളുടെ അംഗീകാരം നേടിയെടുത്തതിൽ ലോകത്തിലേറ്റവും മുന്നിൽ ഇന്ത്യൻ സർക്കാരാണെന്നും ആഗോള സാമ്പത്തിക രംഗത്തെ പ്രശസ്ത സംഘടനയായ ഒഇസിഡിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 73 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്രസർക്കാരിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. 62 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള കാനഡയിലെ ജസ്റ്റിൻ ട്രൂഡ് സർക്കാരാണ് രണ്ടാം സ്ഥാനത്ത്. പട്ടാള അട്ടമറിശ്രമം പരാജയപ്പെടുത്തിയ തുർക്കിയിലെ എർദോഗൻ സർക്കാർ 58 ശതമാനം ജനപിന്തുണയോടെ മൂന്നാം സ്ഥാനത്തുമെത്തി.

വ്ളാദമിൻ പുടിന്റെ കീഴിലുള്ള റഷ്യൻ സർക്കാർ(58%), ഏയ്ഞ്ചലാ മെർക്കലിന്റെ ജർമ്മനി(55%) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. ഡൊണാൾഡ് ട്രംപിന്റെ അമേരിക്കൻ ഭരണകൂടത്തിന് കേവലം 30 ശതമാനം ജനപിന്തുണയേയുള്ളൂ. ബ്രിട്ടണിലെ തെരേസ മെയ് സർക്കാരിന് 41 ശതമാനം ജനപിന്തുണയും ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന തെക്കൻ കൊറിയയിലെ പാർക്ക് ഗെൻഹ്യൂ സർക്കാരിന് 25 ശതമാനം പിന്തുണയുമാണ് നേടാനായത്. സാമ്പത്തികമായി തകർന്നു തരിപ്പണമായ ഗ്രീസിലെ ഭരണകൂടത്തിന് 13 ശതമാനം പേരുടെ പിന്തുണ മാത്രമാണ് . കടക്കെണിയും അഭയാർഥി പ്രവാഹവും തകർത്ത ഗ്രീസിലെ പ്രതിസന്ധിയാണ് ഇത് വ്യക്തമാക്കുന്നത്.

സ്വന്തം രാജ്യത്തെ സർക്കാരിന് സ്ഥിരതയുണ്ടോ, സർക്കാരിനെ ആശ്രയിക്കാവുന്നതാണോ, പൗരന്മാരെ സംരക്ഷിക്കാൻ ശേഷിയുണ്ടോ, പൊതു സേവനങ്ങൾ കാര്യമായി നിർവഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവ്വേ വഴിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സർവേയിൽ 41 രാജ്യങ്ങളാണ് പങ്കെടുത്തത്.

സർക്കാരിന്റെ ഭരണത്തിലുള്ള വിശ്വാസം ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രേരകശക്തിയായി പ്രവർത്തിക്കുന്നു. ഇത് സർക്കാരിന്റെ നയങ്ങൾ കൂടുതൽ ഫലപ്രദമായരീതിയിൽ നടപ്പാക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.