ലണ്ടൻ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോകാണ് ഇതു സംബന്ധിച്ച് അറിയിച്ചത്.

ഇതോടെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടനിൽ വിലക്ക് നിലവിൽവന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി മണിക്കൂറുകൾക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. ഈ മാസം 25ന് ഇന്ത്യയിൽ എത്താനിരിക്കുകയായിരുന്നു അദ്ദേഹം. 

'നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോൺസണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഇന്ത്യയു കെ ബന്ധത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്യും.യുകെ, ഇന്ത്യ സർക്കാരുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിൽ നിന്നെത്തുന്ന ബ്രിട്ടൻ, അയർലൻഡ് സ്വദേശികളായ യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ സർക്കാർ അംഗീകാരമുള്ള ക്വാറന്റീൻ ഹോട്ടലിൽ 10 ദിവസം കഴിയണമെന്ന് മാറ്റ് ഹാൻകോക് അറിയിച്ചു. 

നേരത്തെ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിൽ 103 പേരിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരർ അല്ലാതെ ഇന്ത്യയിൽ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി മറ്റ് ഹാൻകോക് പറഞ്ഞു.