ന്യൂഡൽഹി: കേരളത്തിൽ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഇന്ത്യടിവി - സി വോട്ടർ അഭിപ്രായ സർവേ. ഇടതുപക്ഷം 89 സീറ്റുകൾ നേടാുമെന്നാണ് സർവേ കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് 49 സീറ്റിലേക്കൊതുങ്ങുമെന്നും പ്രവചിച്ചിട്ടുണ്ട്. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറക്കുമെന്നും സർവേ റിപ്പോർട്ട് പ്രവചിക്കുന്നു. എൽഡിഎഫിന് 44.6 ശതമാനവും, യുഡിഎഫിന് 38.1 ശതമാനം വോട്ടും ലഭിക്കുമെന്നും സർവേ പറയുന്നു.

കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമാണെന്നാണ് മുൻപ് കേരളത്തിലെ രണ്ട് ചാനലുകൾ പുറത്തുവിട്ട സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ വിജയമാണ് ദേശീയ തലത്തിലുള്ള മാദ്ധ്യമങ്ങളും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റും കൈരളി പീപ്പിൾ ടിവിയും സമാന രീതിയിലെ സർവ്വേയാണ് പുറത്തുവിട്ടത്. എന്നാൽ ബംഗാളിൽ അധികാരത്തിലെത്താൻ സിപിഎമ്മിന് കഴിയില്ലെന്നാണ് ഇന്ത്യടിവി സി വോട്ടർ അഭിപ്രായ സർവേയുടെ വിലയിരുത്തൽ.

294 സീറ്റുകളിൽ 156ഉം നേടി മമതാ ബാനർജി ബംഗാളിൽ അധികാരത്തിലെത്തുമെന്നും സർവേ പറയുന്നു. നിലവിലെ 60 ൽ നിന്ന് 114 സീറ്റിലേക്കെത്തി ബംഗാളിൽ ഇടതുപക്ഷം മടങ്ങിയെത്തും. ബിജെപി 42ൽ നിന്ന് 13 ലേക്കെത്തും. മറ്റുള്ളവർക്ക് 7 സീറ്റുകളും ലഭിക്കുമെന്നും സർവ്വേ പറയുന്നു. തമിഴ്‌നാട്ടിൽ 116 സീറ്റ് നേടി 234 അംഗസഭയിൽ എഐഎഡിഎംകെ മുൻതൂക്കം നേടും. കഴിഞ്ഞ വർഷം 203 സീറ്റുകളായിരുന്നു അവർക്ക്. 31 ൽ നിന്ന് 101ലേക്ക് ഡിഎംകെയുടെ സീറ്റുകൾ വർധിക്കും. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും മറ്റുള്ളവർക്ക് ഏഴ് സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുന്നു.

ആസാമിൽ ബിജെപി നേതൃത്വത്തിലുള്ള മുന്നണി 57 സീറ്റുകളുമായി അധികാരത്തിലെത്തും. നിലവിലെ ഭരണ മുന്നണിയായ കോൺഗ്രസ് 44 സീറ്റുകളുമായി പ്രതിപക്ഷത്താകും. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 19ഉം മറ്റുള്ളവർ ആറും സീറ്റ് നേടുമെന്നും സർവേ പറയുന്നു.