- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ ഭക്ഷണ ആവശ്യങ്ങൾക്ക് ഇന്ത്യയിലെ കൃഷി മെച്ചപ്പെടണമെന്ന് തിരിച്ചറിവ്; ഭക്ഷണം പാഴാക്കുന്നതും കേടാകുന്നതും കുറയ്ക്കാനും ശുദ്ധജലം സംരക്ഷിക്കാനും പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകൾ ഉപയോഗിക്കാനും ഇന്ത്യയിൽ ഇടപെടലിന് യുഎഇ; ഇന്ത്യയിലെ ഫുഡ് പാർക്കിൽ നിക്ഷേപിക്കുക 16,000 കോടി; കേരളവും ഈ പ്രഖ്യാപനത്തിൽ പ്രതീക്ഷയിൽ
ദുബായ് : ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ യുഎഇ. ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ്പാർക്കുകളിൽ 200 കോടി ഡോളർ (ഏകദേശം 16,000 കോടി രൂപ) നിക്ഷേപിക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. ഇന്ത്യ, യു.എസ്., ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്കുശേഷമാണ് പ്രഖ്യാപനം. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി യാർ ലാപിഡ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തിന്റെ ആദ്യദിവസമായിരുന്നു ഓൺലൈൻ കൂടിക്കാഴ്ച.
തെക്കുകിഴക്കൻ ഏഷ്യയിലും ഗൾഫ് മേഖലയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ കാർഷിക ഭക്ഷ്യപാർക്കുകളിൽ യുഎഇ നിക്ഷേപമിറക്കുന്നത്. ഇതോടൊപ്പം പാരമ്പര്യേതര ഊർജപദ്ധതികൾ വികസിപ്പിക്കുമെന്നും യു.എ.ഇ. അറിയിച്ചു. നേരത്തെ ഇന്ത്യയുമായി വ്യാപാര കരാറിലും യുഎഇ ഒപ്പിട്ടിരുന്നു. ഭക്ഷ്യസുരക്ഷ, സുസ്ഥിര ഭക്ഷ്യസംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്താനുള്ള നൂതനവും ശാസ്ത്രാധിഷ്ഠിതവുമായ മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ് ഫുഡ്പാർക്കുകൾ. ഗൾഫിലെ ഭക്ഷണ ആവശ്യങ്ങൾക്ക് ഇന്ത്യയിലെ കൃഷി മെച്ചപ്പെടണമെന്നതാണ് യുഎഇയുടെ തിരിച്ചറിവ്. ഇതിന് വേണ്ടിയാണ് നിക്ഷേപം.
ഇന്ത്യയിലുടനീളമുള്ള സംയോജിത ഫുഡ്പാർക്കുകളിൽ അത്യാധുനിക സാങ്കേതികവിദ്യകളും വൈദഗ്ധ്യവും ഇസ്രയേലും യു.എസും കൊണ്ടുവരും. കൃഷിക്കായി ഭൂമി നൽകി കർഷകരെ പദ്ധതിയുമായി സംയോജിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഭക്ഷണം പാഴാക്കുന്നതും കേടാകുന്നതും കുറയ്ക്കുക, ശുദ്ധജലം സംരക്ഷിക്കുക, പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകൾ ഉപയോഗിക്കുക എന്നിവയാണ് ലക്ഷ്യം. കാർഷികവിളവ് വർധിക്കുകയും ദക്ഷിണേഷ്യയിലെയും ഗൾഫ് മേഖലയിലെയും ഭക്ഷ്യദൗർലഭ്യം പരിഹരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കാനാണ് ഇടപെടൽ. ഇതിനാണ് യുഎഇ പണം ഇറക്കുന്നത്.
ഗുജറാത്തിൽ 300 മെഗാവാട്ട് ശേഷിയുള്ള വിൻഡ് ആൻഡ് സോളാർ ഹൈബ്രിഡ് പുനരുപയോഗ ഊർജപദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതിയുടെ സാധ്യതാപഠനത്തിനായി യു.എസ്. ഇതിനകം 33 കോടി ഡോളർ (ഏകദേശം 2645 കോടി രൂപ) ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.എ.ഇ.യുടെയും പിന്തുണയുണ്ട്. 2030-ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ഉത്പാദനം എന്ന ഇന്ത്യയുടെ ലക്ഷ്യത്തിൽ നിക്ഷേപിക്കാൻ ഇസ്രയേൽ, യു.എസ്. ആസ്ഥാനമായുള്ള കമ്പനികളും യോഗത്തിൽ താത്പര്യം പ്രകടിപ്പിച്ചു.
കഴിഞ്ഞവർഷം ഡിസംബറിലാണ് ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ്പാർക്കുകൾ സ്ഥാപിക്കുമെന്ന് യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന അഭ്യർത്ഥന യു.എ.ഇ. വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമദ് അൽ സെയൂദി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും. കേരളത്തെ അടുത്ത സൗഹൃദ പ്രദേശമായാണ് യുഎഇയും കാണുന്നത്. ഇന്ത്യ-യു.എ.ഇ. സമഗ്ര സാമ്പത്തിക സഹകരണ കരാറും കേരളത്തിന് നേട്ടമാകും.
മേയിലാണ് ഇന്ത്യയും യു.എ. ഇ.യും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നത്. മെയ്-ജൂൺ മാസങ്ങളിൽ തന്നെ സംസ്ഥാനത്തെ വിവിധ വ്യവസായ മേഖലകളിൽനിന്ന് യു.എ.ഇ.യിലേക്കുള്ള കയറ്റുമതി ഓർഡറുകളിൽ ഇതിന്റെ ഫലം കണ്ടുതുടങ്ങി. ആറ് മാസത്തിനുള്ളിൽ ഗണ്യമായ വർധന കേരളത്തിൽ നിന്ന് യു.എ.ഇ.യിലേക്കുള്ള കയറ്റുമതിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വതന്ത്ര വ്യാപാരം യാഥാർഥ്യമായതോടെ സ്വർണം ഉൾപ്പെടെ ഇന്ത്യ യു.എ.ഇ.യിലേക്ക് അയയ്ക്കുന്ന 80 ശതമാനത്തോളം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി കുറയും. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ വ്യവസായ മേഖലകളിലെ കയറ്റുമതിയിൽ ശരാശരി 10-30 ശതമാനം വരെ വർധനയാണ് നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. 2021-22 സാമ്പത്തിക വർഷം 42,189.4 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് രാജ്യം മൊത്തം കയറ്റുമതി ചെയ്തത്. ഇതിൽ 2,804.5 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ യു.എ.ഇ.യിലേക്കായിരുന്നു.
അതായത്, മൊത്തം കയറ്റുമതിയുടെ ഏഴ് ശതമാനത്തോളം യു.എ.ഇ.യിലേക്കാണ്. ഇതിൽ 53.4 കോടി ഡോളർ മൂല്യമുള്ള ഉത്പന്നങ്ങളാണ് കേരളത്തിൽനിന്നുള്ള കയറ്റുമതി. കേരളത്തിന്റെ 130 ഉത്പന്നങ്ങൾ യു.എ.ഇ.യിലേക്ക് കടൽകടന്നു.
മറുനാടന് മലയാളി ബ്യൂറോ