ന്യൂഡൽഹി: സഹകരണത്തിന്റെ പുതിയപാതയിൽ ഇന്ത്യയും യു.എ.ഇ.യും എത്തുകയാണ്. .റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി മോദിയും നല്ല സുഹൃത്തുക്കളായി മാറുകയാണ്. റിപ്പബ്ലിക് ദിനത്തിൽ അബുദാബി കിരീടാവകാശിയെ എത്തിച്ചത് മോദി സർക്കാരിന്റെ നയതന്ത്ര വിജയമായി മാറുകയാണ്. ഈ സന്ദർശനത്തിൽ പ്രതിരോധ, സുരക്ഷാ മേഖലകളിലടക്കം 14 വിഷയങ്ങളിൽ രണ്ട് രാജ്യങ്ങളും കരാറുകളും ധാരണാപത്രങ്ങളും ഒപ്പിട്ടു. യു.എ.ഇ. നൽകുമെന്നുപറഞ്ഞിരുന്ന 7500 കോടി ഡോളറിന്റെ നിക്ഷേപം സംബന്ധിച്ച് കരാറൊന്നുമായില്ല. എങ്കിലും ഏറെ നേട്ടങ്ങൾ തന്നെയാണ് ഇന്ത്യയ്ക്ക് എടുത്തു കാട്ടാനുള്ളത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിവിധ കരാറുകളിൽ ഒപ്പുവച്ചത്. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ്രാജ്യം എന്നനിലയ്ക്കും ഏറ്റവും മികച്ച വ്യാപാരപങ്കാളി എന്ന നിലയ്ക്കുമുള്ള ബന്ധങ്ങൾക്കപ്പുറം വിവിധ മേഖലകളിൽ പരസ്പരസഹായവും സഹകരണവും ഉറപ്പുവരുത്തുന്നതാണ് ധാരണാപത്രങ്ങൾ. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ നിക്ഷേപം, ഭീകരത, മനുഷ്യക്കടത്ത്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഇവ ഉതകും. സൈബർ സുരക്ഷയിലും തീവ്രവാദത്തിലും ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇനി ഏക മനസ്സാകും. സൈബർ സുരക്ഷയിലും ആയുധമുണ്ടാക്കുന്നിലെ സഹകരണവും തന്നെയാണ് ഹൈലൈറ്റ്. ഇന്ത്യ ആയുധ നിർമ്മാണ രംഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണ് ഇത്.

പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട കരാറുകൾ പ്രതിരോധമന്ത്രി മനോഹർ പരീക്കറും യു.എ.ഇ. പ്രതിരോധമന്ത്രി മുഹമ്മദ് അൽ ബവാർഡിയും തമ്മിലാണ് കൈമാറിയത്. സൈബർസുരക്ഷയ്ക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ സഹകരണമാണ് ഈ രംഗത്തെ രണ്ടാമത്തെ പ്രധാന കരാർ. പരീക്കറും യു.എ.ഇ. ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമാണ് ഇത് കൈമാറിയത്. പ്രതിരോധവിഷയങ്ങളിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും യോജിച്ച പ്രവർത്തനം നടത്തുന്നതിനുമായി കേന്ദ്രമന്ത്രി മനോഹർ പരീക്കർ കഴിഞ്ഞ മേയിൽ യു.എ.ഇ.യിൽ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ തുടർനടപടികൂടിയാണ് പുതിയ കരാറുകൾ.

തന്ത്രപ്രധാന മേഖലകളിൽ വിശാലമായ കൂട്ടായ്മയുണ്ടാക്കും. ആയുധനിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധവകുപ്പുകൾ സഹകരിക്കും. പൊതു-സ്വകാര്യമേഖലകളുടെ സഹകരണം ഉറപ്പാക്കും. കടൽവഴിയുള്ള വ്യാപാരബന്ധം വിപുലമാക്കും. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്താനും കപ്പലുകളുടെ രേഖകൾ സംബന്ധിച്ച കാര്യങ്ങളിൽ ഉഭയകക്ഷി അംഗീകാരം ഉറപ്പുവരുത്താനും ധാരണയുണ്ടായിട്ടുണ്ട്. കപ്പൽഗതാഗതരംഗത്തെ രേഖകളുടെ പരസ്പരമുള്ള അംഗീകാരം ഉറപ്പാക്കൽ, ഉരിതലഗതാഗതം മെച്ചപ്പെടുത്തുന്നതിനായുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനും കരാറൊപ്പിട്ടു.

മനുഷ്യക്കടത്ത് തടയാനും കണ്ടെത്താനും യോജിച്ച പ്രവർത്തനം, ചെറുകിട, ഇടത്തരം വ്യവസായമേഖലയുടെ പ്രോത്സാഹനത്തിനായി സംയുക്ത സംരംഭങ്ങൾ, കാർഷികരംഗവും അനുബന്ധ മേഖലകളും അഭിവയോധികിപ്പെടുത്തുന്നതിന് സഹകരിക്കും. ഭക്ഷ്യസംസ്‌കരണം, വിളവെടുപ്പിന്റെ സാങ്കേതികവിദ്യാകൈമാറ്റം എന്നിവയും ഇതിലുൾപ്പെടും, ഇരുരാജ്യങ്ങളിലെയും നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോർട്ടുകാർക്ക് വിസ കൂടാതെ ഇരുരാജ്യങ്ങളിലും യാത്രചെയ്യാനുള്ള സൗകര്യം ഉറപ്പാക്കി, പസാർഭാരതിയും യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമും തമ്മിൽ പരിപാടികൾ കൈമാറും, ഊർജമേഖലയിൽ സഹകരണം വ്യാപിപ്പിക്കും. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) അസംസ്‌കൃത എണ്ണ ഇന്ത്യയിൽ സംഭരിച്ചുവെക്കുന്നതിനായി പ്രത്യേക നയമുണ്ടാക്കും-ഇങ്ങനെ ഇന്ത്യയ്ക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികളുണ്ട്.

ഊർജവിനിയോഗ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ഇതിനായി നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലും യു.എ.ഇ.യുടെ അൽ ഇത്തിഹാദ് എനർജി സർവീസസും യോജിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു.