- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-യുഎഇ വ്യാപാരം 60 ശതമാനം വർധിപ്പിക്കും; പ്രവാസി തൊഴിലാളികൾക്കു മെച്ചപ്പെട്ട സാഹചര്യം; ടൂറിസം ഉൾപ്പെടെ അഞ്ചു മേഖലകളിൽ സഹകരിക്കാനും മന്ത്രിതല ചർച്ചയിൽ തീരുമാനം
ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ തൊഴിലാളികൾക്കു മെച്ചപ്പെട്ട സാഹചര്യം ഒരുക്കുന്നതിനു വിദേശകാര്യമന്ത്രിതല ചർച്ചയിൽ ധാരണയായി. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 60 ശതമാനം കൂട്ടാനും ചർച്ചകളിൽ ധാരണയായിട്ടുണ്ട. ടൂറിസം, ഉന്നതവിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷൻ തുടങ്ങി അഞ്ചു മേഖലകളിലെ സഹകരണത്തിനും ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പിട്ടു. ഭീക
ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ തൊഴിലാളികൾക്കു മെച്ചപ്പെട്ട സാഹചര്യം ഒരുക്കുന്നതിനു വിദേശകാര്യമന്ത്രിതല ചർച്ചയിൽ ധാരണയായി. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 60 ശതമാനം കൂട്ടാനും ചർച്ചകളിൽ ധാരണയായിട്ടുണ്ട.
ടൂറിസം, ഉന്നതവിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷൻ തുടങ്ങി അഞ്ചു മേഖലകളിലെ സഹകരണത്തിനും ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പിട്ടു. ഭീകരവാദത്തെ യോജിച്ചു നേരിടാൻ ഇന്ത്യയും യുഎഇയും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. തന്ത്രപ്രധാനപങ്കാളിത്തമാണ് ഇന്ത്യയിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നു യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
യുഎഇയിലെ ഇന്ത്യൻ തൊഴിലാളികൾക്കു ശമ്പളം മുടങ്ങാതെ കിട്ടാനും താമസം കുടിയേറ്റം എന്നിവയ്ക്കുള്ള വ്യവസ്ഥകൾ മെച്ചപ്പെടുത്താനുമുള്ള നടപടികളാണ് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പരിഗണിച്ചത്. യുഎഇയിൽ ജയിലിൽ കിടക്കുന്ന ഇന്ത്യക്കാരുടെ വിവരം നൽകണമെന്നു മന്ത്രി സുഷമാ സ്വരാജ് അഭ്യർത്ഥിക്കുകയും ചെയ്തു.
സുഷമാ സ്വരാജും യുഎഇ മന്ത്രി ഷെയ്ക് അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാനും തമ്മിലാണ് ചർച്ച നടത്തിയത്. തൊഴിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള ഇന്ത്യ യുഎഇ സംയുക്ത ഗ്രൂപ്പിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിൽ ധാരണയായി. യുഎഇയിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ ശമ്പളം ബാങ്കു വഴി നൽകുന്നത് ഉറപ്പാക്കുക, മെച്ചപ്പെട്ട താമസസൗകര്യം നൽകുക, കുടിയേറ്റ വ്യവസ്ഥകൾ സുതാര്യമാക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.
എയർ അറേബ്യക്ക് റാസൽഖൈമയിൽനിന്ന് ഇന്ത്യയിലേക്ക് 1400 യാത്രക്കാരുടെ സർവീസിനുകൂടി അനുവാദം നൽകും. യുഎഇ ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥർ ഐഎസ്ആർഒ സന്ദർശിക്കും.
യുഎഇയിൽ നിന്നെത്തിയ 80 അംഗ പ്രതിനിധി സംഘത്തോട് വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ നേരിട്ടെത്തിയാണ് ഇന്ത്യയിലെ നിക്ഷേപ സാധ്യത വിശദീകരിച്ചത്. ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള വലിയ താത്പര്യമാണ് യുഎഇ ഏജൻസികൾ പ്രകടിപ്പിക്കുന്നതെന്ന് യുഎഇ പ്രതിനിധി സംഘത്തിലെ ഏക മലയാളിയായ ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ, ഇന്ത്യയിലെ 25 മേഖലകളിൽ നിക്ഷേപം നടത്താൻ യുഎഇയിലെ വ്യവസായികൾക്ക് അവസരമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വാണിജ്യബന്ധം മെച്ചപ്പടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും ചേർന്ന് പുതിയ ബിസിനസ് കൗൺസിലിനും രൂപം നൽകി.
പ്രോട്ടോക്കാൾ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് യുഎഇ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിന് ഒരുക്കങ്ങൾ നടത്തിയത്. രാവിലെ ഡൽഹിയിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ കേന്ദ്രസഹമന്ത്രി റാവു ഇന്ദർജിത് സിങ് പാലം വിമാനത്താവളത്തിൽ സ്വീകരിച്ചു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുഎഇ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഷെയ്ക് അബ്ദുള്ള ബിൻ സയിദ് അൽനഹ്യാന് അത്താഴവിരുന്ന് നല്കുകയും ചെയ്തു.