ലണ്ടൻ: ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായി പുതിയ വ്യാപാരക്കരാറുകളുണ്ടാക്കാനുള്ള ബ്രിട്ടന്റെ ശ്രമം വിജയിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അണിയറയിൽ ഒരുങ്ങുന്ന പുതിയ വ്യാപാര ഉടമ്പടിയിലൂടെ ബ്രിട്ടന് ഇന്ത്യയിലേക്ക് 2 ബില്യൺ പൗണ്ടിന്റെ കയറ്റുമതിക്കാണ് വഴിയൊരുങ്ങുന്നത്. ഇതനുസരിച്ച് ബ്രിട്ടൻ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കുകയാണ്. പുതിയ കരാറിന്റെ ഭാഗമായി നികുതി കാര്യത്തിലുള്ള കടുംപിടുത്തം ഇരുരാജ്യങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയുമായുള്ള വ്യാപാരങ്ങളിൽ ബ്രിട്ടൻ നിർണായകമായ താരിഫുകളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്നതിനാലാണിത്. അതായത് യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിലേർപ്പെടാത്തത് ബ്രിട്ടന് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പലവിധ ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ രാജ്യം യൂണിയനിൽ നിന്നും വിട്ട് പോകാൻ തുടങ്ങിയതോടെ ഇന്ത്യയുമായുള്ള നിയന്ത്രണങ്ങൾ കുറഞ്ഞ പുതിയ വ്യാപാരക്കരാറിനാണ് സാധ്യതയൊരുങ്ങുന്നത്. ഇന്ത്യയും യുകെയും അടങ്ങുന്ന 52 രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

ബ്രെക്സിറ്റിലൂടെ ബ്രിട്ടനുമായി നിർണായകമായ വ്യാപാര അവസരമാണ് ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്നതെന്ന് ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നുണ്ട്. നാളിതുവരെ യൂറോപ്യൻ യൂണിയനുമായൊരു വ്യാപാരക്കരാറുണ്ടാക്കുന്നതിൽ വമ്പിച്ച കാലതാമസമാണ് ഇന്ത്യ അഭിമുഖീരിച്ചതെന്നും എന്നാൽ നിലവിൽ ബ്രെക്സിറ്റ് വിലപേശൽ ആരംഭിച്ച സാഹചര്യത്തിൽ ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുമെന്നും ഇന്ത്യ-യുകെ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എഗ്രിമെന്റ് ഇതിന് വഴിയൊരുക്കുമെന്നും ഈ റിപ്പോർട്ട് പ്രവചിക്കുന്നു.

യുകെ യൂറോപ്യൻ യൂണിയനിൽ നിലകൊണ്ട കാലത്ത് ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിന് കുറെയധികം ചുവപ്പ് നാടകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ യൂണിയനിൽ നിന്നും വിടപറയുന്ന ബ്രിട്ടന് കൂടുതൽ അനായാസതയോടെ ഇന്ത്യയുമായി പുതിയ വ്യാപാരബന്ധങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും ഈ റിപ്പോർട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം അഭിവയോധികിപ്പെട്ട് ഇരു പക്ഷത്തിനും സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പ്രവചനമുണ്ട്. ' ബ്രെക്സിറ്റ്: ഓപ്പർട്യൂണിറ്റീസ് ഫോർ ഇന്ത്യ' എന്ന പേരിലാണീ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റമതി 4.2 ബ ില്യൺ പൗണ്ടിനുള്ള സാധനങ്ങളും സേവനങ്ങളുമാണെങ്കിൽ പുതിയ കരാറിന്റെ ഫലമായി അത് 6.3 ബില്യൺ പൗണ്ടിനുള്ളതാക്കി വർധിപ്പിക്കാനാകുമെന്ന് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. അതായത് കൃത്യമായി പറഞ്ഞാൽ കയറ്റുമതിയിൽ 2.1 ബില്യൺ പൗണ്ടിന്റെ അഥവാ 33 ശതമാനം വർധനവാണ് ഉണ്ടാകാൻ പോകുന്നത്. ഇതിന് പുറമെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള ഇറക്കുമതിയിൽ 1 ബില്യൺ പൗണ്ടിന്റെ വർധനവുമുണ്ടാകുന്നതാണ്. അതായത് യുകെയിലെ ബാലൻസ് ഓഫ് ട്രേഡ് മെച്ചപ്പെടുമെന്ന് സാരം. ഇപ്പോൾ ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലുള്ള വ്യാപാരത്തിൽ നിർണായകമായ താരിഫുകളുണ്ട്.

ഇന്ത്യയിലേക്ക് കയറ്റുമതി നടത്തുന്ന ബ്രിട്ടീഷ് ബിസിനസുകാർ ഇത് പ്രകാരം 14. 8 ശതമാനം താരിഫ് അടക്കേണ്ടി വരുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്നവർ 8.4 ശതമാനം താരിഫും നൽകേണ്ടി വരുന്നുണ്ട്. യുകെയ്ക്ക് പുതിയ സാഹചര്യത്തിൽ ഇന്ത്യയുമായി ഫ്രീ ട്രേഡ് എഗ്രിമെന്റ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ റിപ്പോർട്ടിന്റെ ഓഥറായ രശ്മി ബാൻഗ പറയുന്നത്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ നടത്താനായി മാസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഇന്ത്യയിലെത്തിയിരുന്നു. ഇതിന് പുറമെ ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ചാൻസലറായ ഫിലിപ്പ് ഹാമണ്ടും സംഘവും ഇന്ത്യയിലെത്തി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.