- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ്: പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്കു വെള്ളി; ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക്; 22 സ്വർണമടക്കം 61 മെഡലുമായി നാലാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ
ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയോട് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. ഫൈനലിൽ എതിരില്ലാത്ത ഏഴുഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തത്. ഓസ്‌ട്രേലിയ തുടർച്ചയായി ഏഴാം തവണയാണ് ഗെയിംസ് ഹോക്കിയിൽ സ്വർണം നേടുന്നത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ജേക്കബ് ആൻഡേഴ്സണും നഥാൻ എഫ്റൗംസും രണ്ട് ഗോൾ വീതം നേടി. ടോം വിക്കാം, ബ്ലേക്ക് ഗ്ലോവേഴ്സ്, ഫ്ളിൻ ഒഗിൽവി എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ അഞ്ച് ഗോളുകളാണ് ഇന്ത്യ വഴങ്ങിയത്. വെള്ളി മെഡൽ നേട്ടത്തോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 61 ആയി.
കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുക എന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ സ്വപ്നങ്ങൾക്ക് ഇത്തവണയും തിരിച്ചടിയേറ്റു. കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ചപ്പോൾ തൊട്ട് ഓസ്ട്രേലിയയല്ലാതെ മറ്റൊരു ടീമും പുരുഷ ഹോക്കിയിൽ സ്വർണം നേടിയിട്ടില്ല. ആ റെക്കോഡ് ഇത്തവണയും ഭദ്രമായി കാത്തുസൂക്ഷിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.
ഇതിനുമുൻപ് ഇന്ത്യ 2010-ലും 2014-ലും കോമൺവെൽത്ത് ഗെയിംസ് ഹോക്കിയുടെ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോടെ പരാജയപ്പെട്ടു. 2010-ൽ 8-0 നും 2014-ൽ 4-0 നുമാണ് ഓസീസ് ഇന്ത്യയെ തകർത്തുവിട്ടത്. 1998-ൽ കോമൺവെൽത്ത് ഗെയിംസിൽ ഹോക്കി ഉൾപ്പെടുത്തിയപ്പോൾ തൊട്ട് തുടർച്ചയായി ഏഴാം തവണയും സ്വർണം നേടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.
അതേസമയം ഇന്ത്യയുടെ മൂന്നാം വെള്ളിയാണിത്. 2010, 2014 വർഷങ്ങളിൽ ഇന്ത്യക്ക് വെള്ളിയുണ്ടായിരുന്നു. 1998ൽ നാലാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. 2006ൽ ആറാം സ്ഥാനത്തായി. 2018ൽ നാലാം സ്ഥാനത്ത് അവസാനിപ്പിക്കാനാണ് ആയത്.
അതേസമയം, അവസാനദിനമായ ഇന്ത്യക്ക് കൂടുതൽ മെഡലുകൾ ലഭിച്ചു. ബാഡ്മിന്റണിൽ മാത്രം മൂന്ന് സ്വർണമാണ് ഇന്ത്യ നേടിയത്. പുരുഷ ഡബിൾസ് ഫൈനലിൽ ചിരാഗ് ഷെട്ടി സാത്വിക് സായ്‌രാജ് സഖ്യമാണ് അവസാന സ്വർണം ഇന്ത്യക്ക് സമ്മാനിച്ചത്. അതേസമയം പുരുഷവിഭാഗം ടേബിൾ ടെന്നിസ് സിംഗിൾസിൽ ശരത് കമലും സ്വർണം നേടി.
ഇംഗ്ലണ്ടിന്റെ ബെൻ ലെയ്ൻ- സീൻ വെൻഡി എന്നിവരെ തോൽപ്പിച്ചാണ് ചിരാഗ്- സാത്വിക് സഖ്യം സ്വർണം നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. സ്‌കോർ 21-15, 21-13. നേരത്തെ, പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തിൽ പി വി സിന്ധുവും സ്വർണം നേടിയിരുന്നു.
മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലർ പോരാട്ടത്തിൽ ലക്ഷ്യ തോൽപ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കോർ 19-21, 21-9, 21-16. കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധു (ജഢ ടശിറവൗ) സ്വർണം ചൂടിയത്. സ്‌കോർ: 21-15, 21-13. കോമൺവെൽത്ത് ഗെയിംസിൽ ഇരുവരുടേയും ആദ്യ സ്വർണമാണിത്.
അതേസമയം കമൽ ടേബിൾ ടെന്നിസിലെ രണ്ടാം സ്വർണമാണ് നേടിയത്. നേരത്തെ മിക്സിഡ് ഡബിൾസിസും താരം സ്വർണം നേടിയിരുന്നു. സിംഗിൾസിൽ കമൽ തോൽപ്പിച്ചത് ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡിനെയാണ്. സ്‌കോർ 11-13, 11-7, 11-2, 11-6, 11-8. ഇന്ത്യയുടെ തന്നെ സത്യൻ ജ്ഞാനശേഖരൻ വെങ്കലം നേടി.
22 സ്വർണവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 16 വെള്ളിയും 23 വെങ്കലവും അക്കൗണ്ടിലുണ്ട്. 66 സ്വർണമുള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട് (56), കാനഡ (26) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സ്പോർട്സ് ഡെസ്ക്