പൂണെ: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച സ്‌കോർ നേടിയിട്ടും തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഏകദിന ക്രിക്കറ്റിൽ നാൽപതാം ഓവർ വരെ സുരക്ഷിതമായി കളിച്ച് അവസാന 10 ഓവറിൽ അടിച്ചു തകർക്കുക എന്ന ഇന്ത്യൻ സമീപനത്തിൽ മാറ്റം വരുത്താൻ തയാറായില്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്ന് വോൺ പറഞ്ഞു.

ഫ്‌ളാറ്റ് വിക്കറ്റിൽ നടന്ന രണ്ടാം മത്സരത്തിൽ375 റൺസിന് മുകളിൽ ഇന്ത്യക്ക് സ്‌കോർ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. അതിനുള്ള ബാറ്റിങ് കരുത്തും അവർക്കുണ്ട്. എന്നിട്ടും ഇന്ത്യ 336 റൺസിലൊതുങ്ങി. ഇക്കാര്യത്തിൽ ഇന്ത്യ ഇംഗ്ലണ്ടിന്റെ സമീപനം കണ്ടു പഠിക്കണമെന്നും വോൺ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ത്യക്കൊരു പാഠമാണ്. 40-ാം ഓവർ വരെ സുരക്ഷിതമായി കളിച്ചാൽ രണ്ട് വർഷം കഴിഞ്ഞ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വലിയ വില നൽകേണ്ടിവരുമെന്ന പാഠം.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കെ എൽ രാഹുൽ സെഞ്ചുറിയും റിഷഭ് പന്തും വിരാട് കോലിയും അർധസെഞ്ചുറികളും നേടിയെങ്കിലും പന്ത് മാത്രമാണ് 100ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തത്. അവസാനം ആഞ്ഞടിച്ച ഹർദ്ദിക് പാണ്ഡ്യയ്ക്കും 100ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തു. എങ്കിലും ബാറ്റ്‌സ്മാന്മാർ നിലയുറപ്പിക്കാൻ സമയമെടുക്കുന്നതും നാൽപതാം ഓവർ വരെ സുരക്ഷിതമായി കളിക്കാൻ ശ്രമിക്കുന്നതും ഇന്ത്യൻ സ്‌കോറിംഗിനെ ബാധിക്കുന്നുണ്ടെന്ന് കണക്കുകളും വ്യക്തമാക്കുന്നു.

ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 39 പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിർത്തി ഇംഗ്ലണ്ട് അനായാസം മറികടന്നു. സെഞ്ചുറിയുമായി പട നയിച്ച ജോണി ബെയർ‌സ്റ്റോയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ വിറപ്പിച്ചശേഷം സെഞ്ചുറിക്ക് ഒരു റൺസകലെ വീണ ബെൻ സ്റ്റോക്‌സും തുടക്കം ഗംഭീരമാക്കിയ ജേസൺ റോയിയും ചേർന്നാണ് ഇംഗ്ലണ്ടിന് അവിസ്മരണീയ ജയമൊരുക്കിയത്. ബെയർ സ്റ്റോ-സ്റ്റോക്‌സ് സഖ്യം രണ്ടാ വിക്കറ്റിൽ 20 ഓവറിൽ 175 റൺസടിച്ചാണ് ഇംഗ്ലണ്ടിനെ അനായാസം ജയത്തിലെത്തിച്ചത്. സ്‌കോർ ഇന്ത്യ 50 ഓവറിൽ 336/6,ഇംഗ്ലണ്ട് ഓവറിൽ 43.3 ഓവറിൽ 3374.