ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളിയവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ. ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ 171 റൺസിന്റെ ലീഡായി. 22 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയും ഒമ്പത് റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

രോഹിത് ശർമയുടെ സെഞ്ചുറിയുടെയും ചേതേശ്വർ പൂജാരയുടെ അർധസെഞ്ചുറിയുടെയും കരുത്തിൽ മുൻതൂക്കം നേടിയ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത് ന്യൂബോളിൽ ഇരട്ടപ്രഹരം ഏൽപ്പിച്ച ഇയാൻ റോബിൻസന്റെ പ്രകടനമാണ്. സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിക്കുകയായിരുന്ന രോഹിത്തിനെയും പൂജാരയെയും ഒരു ഓവറിൽ മടക്കിയ റോബിൻസൺ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.



മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയക്കായി സെഞ്ചുറി നേടിയ രോഹിത് ശർമ കെ എൽ രാഹുൽ, ചേതേശ്വർ പുജാര എന്നിവർക്കൊപ്പം പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്നാം വിക്കറ്റിൽ രാഹുലിന് ഒപ്പം 83 റൺസിന്റെയും രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്ക് ഒപ്പം 153 റൺസിന്റെയും കൂട്ടുകെട്ടാണ് രോഹിത് പടുത്തുയർത്തിയത്. എന്നാൽ 80-ാം ഓവറിൽ പുതിയ പന്തെടുത്ത ഇംഗ്ലണ്ട് അതേ ഓവറിൽ നിലയുറപ്പിച്ച ഇരുവരെയും മടക്കുകയായിരുന്നു. ഒലി റോബിൻസനാണ് ഇരുവരെയും പുറത്താക്കിയത്.

ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകൾ നേരിട്ട് ഒരു സിക്സും 14 ഫോറുമടക്കം 127 റൺസെടുത്ത് മടങ്ങി. മോയിൻ അലിയെ സിക്‌സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.

 

ക്ഷമയോടെ കളിച്ച രോഹിത് റോബിൻസണെ പുൾ ചെയ്യാനുള്ള ശ്രമത്തിൽ ഫൈൻ ലെഗ്ഗിൽ ക്രിസ് വോക്‌സിന്റെ കൈകളിലൊതുങ്ങി. 257 പന്തിൽ 127 റൺസെടുത്ത രോഹിത് 14 ബൗണ്ടറിയും ഒരു സിക്‌സും പറത്തി. അതേ ഓവറിലെ അവസാന പന്തിൽ ചേതേശ്വർ പൂജാരയെ സ്ലിപ്പിൽ മൊയീൻ അലിയുടെ കൈകളിലെത്തിച്ച റോബിൻസൺ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. 127 പന്തിൽ 61 റൺസായിരുന്നു പൂജാരയുടെ സംഭാവന.

 

ഇരുവരും അടുത്തടുത്ത് പുറത്താവുമ്പോൾ ഇന്ത്യൻ ലീഡ് 137 റൺസിലെത്തിയതേ ഉണ്ടായിരുന്നുള്ളു. നിലയുറപ്പിച്ച രണ്ട് ബാറ്റ്‌സ്മാന്മാർ പുറത്തായതോടെ ഇന്ത്യയൊന്ന് പകച്ചു. ന്യൂബോളിൽ ആൻഡേഴ്‌സണും റോബിൻസണും തകർത്തെറിഞ്ഞതോടെ ഇന്ത്യ പതറിയെങ്കിലും ക്ലാസിക് കവർ ഡ്രൈവുകളുമായി ആത്മവിശ്വാസം വീണ്ടെടുത്ത കോലി കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മൂന്നാം ദിനം 270 റൺസിലെത്തിച്ചു.

മൂന്നാം ദിനം ഇന്ത്യയ്ക്ക് സ്‌കോർ 83-ൽ എത്തിയപ്പോൾ ഓപ്പണർ കെ.എൽ രാഹുലിനെ നഷ്ടമായി. 101 പന്തുകൾ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 46 റൺസെടുത്ത രാഹുലിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സനാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നൽകിയത്. രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ മികച്ച തുടക്കമിട്ട ശേഷമാണ് രാഹുൽ പുറത്തായത്.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 99 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 191 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 290 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഒലി പോപ്പും ക്രിസ് വോക്സും ഇംഗ്ലണ്ടിനായി അർധ സെഞ്ചുറി നേടി.

ഏഴ് വിക്കറ്റ് ശേഷിക്കെ 171 റൺസിന്റെ ആകെ ലീഡുള്ള ഇന്ത്യക്ക് ഇപ്പോഴും തോൽവി ഒഴിവാക്കിയെന്ന് ഉറപ്പിക്കാനായിട്ടില്ല. നാലാം ദിനം ആദ്യ മണിക്കൂറിൽ വിക്കറ്റ് പോവാതെ പിടിച്ചു നിന്നാൽ 300ന് അപ്പുറമുള്ള ലീഡിലേക്ക് ബാറ്റുവീശി ഇന്ത്യക്ക് വിജയത്തിലേക്ക് പന്തെറിയാം.