- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ടോസിലെ ഭാഗ്യം' ലീഡ്സിൽ കൈവിട്ട് ഇന്ത്യ; 78 റൺസിന് പുറത്ത്; ബൗളിംഗിലും നിരാശ; ആദ്യ ദിനം ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസ്; 42 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
ലീഡ്സ്: ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം കയ്യടക്കി ആതിഥേയരായ ഇംഗ്ലണ്ട്. ടോസിലെ ഭാഗ്യം ക്രീസിൽ പ്രകടമാക്കാതെ ഇന്ത്യൻ ബാറ്റിങ് നിര 78 റൺസുമായി കൂടാരം കയറിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ആദ്യ ദിനത്തിൽ തന്നെ നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാൻ ഇംഗ്ലണ്ടിനായി.
ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിന് മറുപടിയായി ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസെന്ന ശക്തമായ നിലയിലാണ്. റൺസോടെ 58 ഹസീബ് ഹമീദും 52 റൺസുമായി റോറി ബേൺസും ക്രീസിൽ. 10 വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനിപ്പോൾ 42 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്.
ടോസിലെ ഭാഗ്യം കോലിയെ തുണച്ചപ്പോൾ ആഹ്ലാദത്തിലായ ഇന്ത്യൻ ആരാധകരെ നിരാശയിലാഴ്‌ത്തുന്ന പ്രകടനമാണ് ബാറ്റിങ് നിര കാഴ്ചവച്ചത്. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ കെ എൽ രാഹുലിനെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കൈകളിലെത്തിച്ച് ജെയിംസ് ആൻഡേഴ്സനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ രാഹുൽ ഇത്തവണ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.
ചേതേശ്വർ പൂജാരക്കും ക്രീസിൽ അധികം ആയുസുണ്ടായില്ല. ഒമ്പത് പന്ത് നേരിട്ട പൂജാര ഒരു റൺസെടുത്ത് ആൻഡേഴ്സന്റെ രണ്ടാം ഇരയായി ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. പന്ത് സ്വിങ് ചെയ്യുന്ന സാഹചര്യത്തിൽ ആൻഡേഴ്സണെതിരെ ആത്മഹത്യാപരമായ കവർ ഡ്രൈവിഡ് ശ്രമിച്ച കോലി ഏഴ് റൺസുമായി മടങ്ങിയതോടെ ഇന്ത്യ 21/3 ലേക്ക് കൂപ്പുകുത്തി.
പിന്നീട് രഹാനെയും രോഹിത് ശർമയും ചേർന്ന് ചെറിയൊരു രക്ഷാപ്രവർത്തനം. ഏത് സമയത്തും പുറത്താവുമെന്ന് തോന്നിച്ച് ക്രീസിൽ നിന്ന രഹാനെ ഇന്ത്യൻ സ്‌കോർ 50 കടന്നതിന് പിന്നാലെ ലഞ്ചിന് തൊട്ടു മുമ്പ് റോബിൻസന്റെ പന്തിൽ ബട്ലർക്ക് പിടികൊടുത്ത് മടങ്ങി. 18 റൺസായിരുന്നു രഹാനെയും സംഭാവന.
ഇന്ത്യയുടെ അവസാന പ്രതീക്ഷയായ റിഷഭ് പന്ത് വന്നതും പോയതും ഒരുമിച്ചായിരുന്നു. രണ്ട് റൺസ് മാത്രമെടുത്ത പന്തിനെ റോബിൺസന്റെ പന്തിൽ ബട്ലർ പിടികൂടിയപ്പോൾ അതുവരെ ക്ഷമയോടെ ഒരറ്റം കാത്ത രോഹിത് ശർമ ഒടുവിൽ ഓവർടണിന്റെ പന്തിൽ മോശം ഷോട്ട് കളിച്ച് പുറത്തായി.19 റൺസെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ലോർഡ്സിലെ ബാറ്റിങ് ഹീറോകളായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും നേരിട്ട ആദ്യ പന്തുകളിൽ പുറത്തായപ്പോൾ രവീന്ദ്ര ജഡേജയെ സാം കറൻ വിക്കറ്റിന് മുന്നിൽ കുടുക്കി. സിറാജിനെ സ്ലിപ്പിൽ റൂട്ടിന്റെ കൈകളിലെത്തിച്ച് ഓവർടൺ ഇന്ത്യൻ ഇന്നിങ്സിന് തിരശീലയിടുമ്പോൾ സ്‌കോർ ബോർഡിൽ 78 റൺസ് മാത്രം. ഇംഗ്ലണ്ടിനായി ആൻഡേഴ്സണും ഓവർടണും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ്‌പ്പോൾ സാം കറനും റോബിൻസണും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ വേട്ടയാടി 'ദുർഭൂതം' ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ ക്രീസിലെത്തിയതോടെ മാഞ്ഞു. പേസിൽ മുട്ടിടിച്ച് വീണ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ബാറ്റിംഗിന്റെ ബാലപാഠം പകർന്നു നൽകി
ഇംഗ്ലീഷ് ഓപ്പണർമാരായ റോറി ബേൺസും ഹസീബ് ഹമീദും അനായാസം മുന്നേറി. തുടക്കത്തിൽ വിക്കറ്റ് വീഴത്താനാവാഞ്ഞതോടെ ഇന്ത്യൻ ബൗളിങ് നിര പിടിവിട്ടു. പരമ്പരയിൽ ആദ്യമായി ഇംഗ്ലണ്ട് ഓപ്പണിങ് സഖ്യം സെഞ്ചുറി പിന്നിട്ടതോടെ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യ പ്രതിരോധത്തിലായി.
സ്പോർട്സ് ഡെസ്ക്