ദുബായ്: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയയെ ഒൻപത് വിക്കറ്റിന് കീഴടക്കി ഇന്ത്യ മടങ്ങുന്നു. നമീബിയ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ രോഹിത് ശർമയും കെ.എൽ രാഹുലുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

രോഹിത് 37 പന്തിൽ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 56 റൺസെടുത്തു. 36 പന്തുകൾ നേരിട്ട രാഹുൽ രണ്ട് സിക്സും നാല് ഫോറുമടക്കം 54 റൺസോടെ പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യകുമാർ യാദവ് 19 പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്നു.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടും രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിനോടും നേരിട്ട തോൽവികളെ തുടർന്ന് ടൂർണമെന്റിൽ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു.

രാജ്യാന്തര ട്വന്റി20യിൽ ഇനി 'കോലിപ്പട' ഇല്ല. ഇന്ത്യൻ പരീശീലക സ്ഥാനത്ത് രവി ശാസ്ത്രിയും. നായകനായി ട്വന്റി20യിലെ അവസാന രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ വിരാട് കോലിക്കും, പരീശീലകന്റെ റോളിൽ അവസാന മത്സരത്തിനെത്തിയെ ശാസ്ത്രിക്കും ജയത്തോടെ വിടവാങ്ങൽ ഒരുക്കാൻ ടീം ഇന്ത്യയ്ക്കായി.

 

ലോകകപ്പിനു ശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ടീമിനൊപ്പമുള്ള അവസാന മത്സരമായിരുന്നു ഇത്. ലോകകപ്പോടെ ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണ്. പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലേറ്റ കനത്ത തോൽവിക്ക് ശേഷം അഫ്ഗാനിസ്ഥാൻ, സ്‌കോട്ലൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരെ നേടിയ വൻ ജയങ്ങളുടെ ആശ്വാസത്തിലാണ് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. ഇനി ന്യൂസിലൻഡിനെതിരായ പരമ്പരയോടെ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിനും പുതിയ 'ക്യാപ്റ്റനും' കീഴിൽ ഇന്ത്യൻ നിര അണിനിരക്കും.

ഞായറാഴ്ച ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെ കീഴടക്കിയതോടെതന്നെ ഇന്ത്യ ട്വന്റി20 ലോകകപ്പിൽനിന്നു പുറത്തായിരുന്നു. ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ്പ് രണ്ടിൽനിന്ന് പാക്കിസ്ഥാനും ന്യൂസീലൻഡും സെമി ഫൈനലിനു യോഗ്യത നേടുകയും ചെയ്തു.

ക്യാപ്റ്റന്റെ ചുമതലയുള്ള അവസാന മത്സരത്തിൽ, തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പർ സൂര്യകുമാർ യാദവിനു നൽകിയ കോലി ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതും ശ്രദ്ധേയമായി. 18 പന്തിൽ 4 ഫോർ അടക്കം 24 റൺസ് എടുത്ത സൂര്യകുമാർ രാഹുലിനൊപ്പം പുറത്താകാതെനിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും ആർ. അശ്വിനും ഇന്ത്യയ്ക്കായി തിളങ്ങി. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. അശ്വിൻ നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്‌ത്തി. വരുൺ ചക്രവർത്തിക്കു പകരം മത്സരത്തിന് ഇറങ്ങിയ രാഹുൽ ചാഹർ 4 ഓവറിൽ 30 റൺസ് വഴങ്ങി, വിക്കറ്റൊന്നും കിട്ടിയതുമില്ല. 4 ഓവറിൽ 39 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിക്കും വിക്കറ്റില്ല.

25 പന്തിൽ നിന്ന് രണ്ടു ബൗണ്ടറിയടക്കം 26 റൺസെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറർ. സ്റ്റീഫൻ ബാർഡ് (21), മൈക്കൽ വാൻ ലിംഗെൻ (14), ക്യാപ്റ്റൻ ജെർഹാർഡ് എറാസ്മസ് (12), ജാൻ ഫ്രൈലിങ്ക് (15*), റൂബൻ ട്രംപൽമാൻ (13*) എന്നിവരാണ് വീസിനെ കൂടാതെ നമീബിയൻ നിരയിൽ രണ്ടക്കം കടന്നവർ. ക്രെയ്ഗ് വില്യംസ് (0), ലോഫ്റ്റി ഈറ്റൺ (5), ജെ.ജെ സ്മിത്ത് (9), സെയ്ൻ ഗ്രീൻ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.