- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരങ്ങേറ്റത്തിൽ മിന്നും സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; അർധ സെഞ്ചുറിയുമായി ഗില്ലും ജഡേജയും; കാൺപൂർ ടെസ്റ്റിൽ ഇന്ത്യ 345 റൺസിന് പുറത്ത്; അഞ്ച് വിക്കറ്റ് നേട്ടവുമായി ടിം സൗത്തി; തിരിച്ചടിച്ച് ലാഥവും യങ്ങും; രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസീലൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്
കാൺപുർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് മികച്ച നിലയിൽ. ഇന്ത്യ ഉയർത്തിയ 345 റൺസ് പിന്നിടുന്നു ന്യൂസീലൻഡ്, രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ, വിക്കറ്റ് നഷ്ടം കൂടാതെ 129 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ വിൽ യങ് (75), ടോം ലാഥം (5) എന്നിവർ ക്രീസിൽ. 10 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 216 റൺസ് മാത്രം പിന്നിലാണ് ന്യൂസീലൻഡ്. അഞ്ച് വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ മണ്ണിൽ സന്ദർശക ടീമിന്റെ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ടുമായി തിളങ്ങിയതാണ് കിവീസിന് കരുത്തായത്.
സ്പിന്നർമാരെ ഇറക്കി തിരിച്ചടിക്കാമെന്ന ഇന്ത്യയുടെ മോഹം തകർത്താണ് ന്യൂസീലൻഡ് ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർത്തത്. ഇതുവരെ 57 ഓവറുകൾ നേരിട്ടാണ് ഇരുവരും 129 റൺസ് കൂട്ടിച്ചേർത്തത്. ഇന്ത്യയ്ക്കായി അശ്വിൻ ജഡേജ അക്ഷർ പട്ടേൽ ത്രയം ഇതിനകം 41 ഓവറുകൾ ബോൾ ചെയ്‌തെങ്കിലും കിവിസ് പ്രതിരോധം തകർക്കാനായില്ല.
2016ൽ ഇംഗ്ലണ്ടിന്റെ അലസ്റ്റയർ കുക്ക് ഹസീബ് സമീദ് സഖ്യം ചെന്നൈയിൽ 103 റൺസ് കൂട്ടുകെട്ട് തീർത്തശേഷം, ഇന്ത്യൻ മണ്ണിൽ വിദേശ ടീമിന്റെ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് ഇതാദ്യം. ഇന്ത്യയിൽ ന്യൂസീലൻഡിന്റെ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് ഇത് ഏഴാം തവണ മാത്രം. ഇതിൽ രണ്ടു തവണ കൂട്ടുകെട്ടിന്റെ ഭാഗമായ ഏക താരമായി ടോം ലാഥം.
നേരത്തെ ഇന്ത്യ ഒന്നാമിന്നിങ്സിൽ 345 റൺസിന് എല്ലാവരും പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരും അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും ശുഭ്മാൻ ഗില്ലുമാണ് മികച്ച സ്‌കോർ സമ്മാനിച്ചത്.
നാല് വിക്കറ്റിന് 258 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് പുറത്തായത്. രണ്ടാം ദിനം ഒരു റൺസ് പോലും നേടാനാവാതെ പോയ ജഡേജയെ ടിം സൗത്തി ക്ലീൻ ബൗൾഡാക്കി. 112 പന്തുകളിൽ നിന്ന് 50 റൺസെടുത്ത ശേഷമാണ് ജഡേജ ക്രീസ് വിട്ടത്.
ജഡേജയ്ക്ക് പിന്നാലെ വൃദ്ധിമാൻ സാഹ ക്രീസിലെത്തി. സാഹയെ സാക്ഷിയാക്കി ശ്രേയസ് അയ്യർ അനായാസം ബാറ്റ് ചലിപ്പിച്ചു. വൈകാതെ താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടി. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യൻ താരം എന്ന റെക്കോഡ് ശ്രേയസ് അയ്യർ സ്വന്തമാക്കി.
പുതുതായി ക്രീസിലെത്തിയ സാഹയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത സാഹയെ ടിം സൗത്തി വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈയിലെത്തിച്ചു. സാഹയ്ക്ക് പകരം രവിചന്ദ്ര അശ്വിൻ ക്രീസിലെത്തി.
അശ്വിൻ നന്നായി ബാറ്റ് ചെയ്യാൻ ആരംഭിച്ചതോടെ ഇന്ത്യൻ സ്‌കോർ ഉയർന്നു. അശ്വിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്‌കോർ 300 കടത്തി. എന്നാൽ ടിം സൗത്തിയുടെ പന്തിൽ ശ്രേയസ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 171 പന്തുകളിൽ നിന്ന് 105 റൺസെടുത്ത ശ്രേയസ്സിനെ സൗത്തി വിൽ യങ്ങിന്റെ കൈയിലെത്തിച്ചു.
പിന്നാലെ വന്ന അക്ഷർ പട്ടേൽ മൂന്ന് റൺസ് മാത്രമെടുത്ത് മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അശ്വിൻ ഇന്ത്യയെ രക്ഷിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ അശ്വിനെ നഷ്ടപ്പെട്ടു. 56 പന്തുകളിൽ നിന്ന് 38 റൺസെടുത്ത അശ്വിനെ അജാസ് പട്ടേൽ ക്ലീൻ ബൗൾഡാക്കി. പിന്നാലെ വന്ന ഇഷാന്തിനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി അജാസ് ഇന്ത്യൻ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ഉമേഷ് യാദവ് (10) പുറത്താവാതെ നിന്നു. ന്യൂസീലൻഡിനായി വൈസ് ക്യാപ്റ്റൻ ടിം സൗത്തി അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ കൈൽ ജാമിസൺ മൂന്നുവിക്കറ്റെടുത്തു. അജാസ് പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.
സ്പോർട്സ് ഡെസ്ക്